ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ കുവൈത്ത് ഗതാഗത നിയമത്തില്‍ ഭേദഗതി വരുത്തി ആഭ്യന്തര മന്ത്രാലയം. താമസ-കുടിയേറ്റ (റസിഡന്‍സി നിയമം) നിയമ ചട്ട വ്യവസ്ഥകളിലും ഉടന്‍ മാറ്റങ്ങള്‍ നടപ്പാക്കുമെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍-സബാഹ് വ്യക്തമാക്കി.

1976-ലെ ഗതാഗത നിയമത്തിലെ 81-ാം നമ്പര്‍ പ്രകാരമുള്ള ആര്‍ട്ടിക്കിള്‍ 85-ലെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള എക്‌സിക്യൂട്ടീവ് ചട്ടങ്ങളിലെ ചില വ്യവസ്ഥകളാണ് ഭേദഗതി ചെയ്തത്. സ്വകാര്യ കാറുകള്‍ (7 സീറ്റുള്ളവ), ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ (2 രണ്ട് ടണ്ണില്‍ താഴെ ലോഡ് കപ്പാസിറ്റി) ടാക്‌സികള്‍, തുടങ്ങിയ വാഹനങ്ങൾ ഓടിക്കുന്നതിന് കുവൈത്ത് സ്വദേശികള്‍ക്ക് ഒപ്പം ജിസിസി പൗരന്മാര്‍ക്കും 15 വര്‍ഷത്തേക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുമ്പോള്‍, വിദേശികള്‍ക്ക് മൂന്ന് വര്‍ഷമാണ് കലാവധി. കൂടാതെ ബിദൂനികള്‍ക്ക് (പൗരത്വരഹിതര്‍) നല്‍കിയിട്ടുള്ള സുരക്ഷാ കാര്‍ഡിന്റെ വാലിഡിറ്റി ആശ്രയിച്ചായിരിക്കും ഡ്രൈവിങ് ലൈസന്‍സ് നല്‍കുക.

 ∙ കാറ്റഗറി 'എ'
25-ലധികം യാത്രക്കാരുള്ള പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍, പൊതുഗതാഗത വാഹനങ്ങള്‍, ലോക്കോമോട്ടീവുകള്‍, ട്രെയിലറുകള്‍, സെമി-ട്രെയിലറുകള്‍ (8 ടണ്‍ കപ്പാസിറ്റിക്ക് മുകളില്‍) അപകടകരമായ വസ്തുക്കള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ എന്നിവയാണ് കാറ്റഗറി 'എ'-യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുപോലെ തന്നെ എല്ലാത്തരം മോട്ടോര്‍സൈക്കിളുകള്‍ ഓടിക്കല്‍, മോട്ടോര്‍സൈക്കിള്‍ പഠിപ്പിക്കല്‍ എന്നിവ കാറ്റഗറി 'എ' വിഭാഗത്തിലാണ്.

 ∙ കാറ്റഗറി 'ബി'
ഏഴ് മുതല്‍ 25 യാത്രക്കാര്‍ വരെയുള്ള യാത്രാ വാഹനങ്ങള്‍, പൊതുഗതാഗത വാഹനങ്ങള്‍, ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ (രണ്ട് ടണ്‍ മുതല്‍ എട്ട് ടണ്‍ വരെ) എന്നിവ ഓടിക്കാന്‍ ജനറല്‍ ഡ്രൈവിങ് ലൈസന്‍സ് കാറ്റഗറി 'ബി' നല്‍കുന്നു. കാറ്റഗറി 'എ', 'ബി' വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കുവൈത്ത് - ജിസിസി സ്വദേശികള്‍ക്ക് 10 വര്‍ഷത്തേക്കാണ് ഡ്രൈവിങ് ലൈസന്‍സ്. വിദേശികള്‍ക്ക് പ്രസ്തുത രണ്ട് കാറ്റഗറിയിലും 3 വര്‍ഷത്തേക്ക് ലൈസന്‍സ് നിജപ്പെടുത്തിയിട്ടുണ്ട്. ബിദൂനികള്‍ക്ക് സുരക്ഷാ കാര്‍ഡിന്റെ കാലാവധി ആശ്രയിച്ചാണ് ലഭിക്കുക.

ഡ്രൈവിങ് ലൈസന്‍സ് കാറ്റഗറി 'ബി' കൈവശമുള്ളവര്‍ക്ക് കാറ്റഗറി 'എ' വിഭാഗത്തിന് കീഴിലുള്ള വാഹനങ്ങള്‍ ഓടിക്കാന്‍ അനുവദിക്കില്ല. പുതിയ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് അനുവദിച്ച ഡ്രൈവിങ് ലൈസന്‍സുകള്‍ അവയുടെ കാലഹരണ തീയതി വരെ സാധുവാണ്. നിലവില്‍   വിദേശികള്‍ക്ക്   ഒരു വര്‍ഷത്തേക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കി വന്നിരുന്നതാണ് മൂന്ന് വര്‍ഷമാക്കിയിരിക്കുന്നത്. ഡ്രൈവിങ് ലൈസന്‍സുകള്‍ 'കുവൈത്ത് മൊബൈല്‍ ഐഡി' ആപ്ലിക്കേഷന്‍ വഴി ലഭ്യമാണ്.

 ∙ റസിഡന്‍സി നിയമം ഉടന്‍
താമസ-കുടിയേറ്റ നിയമ ഭേദഗതികളെക്കുറിച്ച് ലീഗല്‍ കമ്മിറ്റി അവലോകനം നടത്തിവരികയാണ്. അതിന് ശേഷം മന്ത്രിസഭയുടെ അനുമതിയോടെ എത്രയും വേഗം നിയമം നടപ്പാക്കുമെന്ന് മന്ത്രി സ്ഥിരീകരിച്ചു. നിബന്ധനകളുടെ അടിസ്ഥാനത്തില്‍ വിദേശികള്‍ക്കുള്ള സന്ദര്‍ശന വീസകള്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇവ പാലിക്കപ്പെടുന്നില്ലെന്ന് കണ്ടാല്‍ സ്‌പോണ്‍സര്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

English Summary:

Kuwait: Traffic and Residency Law

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com