ബിസിനസ് നെറ്റ് വർക്ക് ഇന്റർനാഷനൽ ബിസിനസ് കോൺക്ലേവ് സംഘടിപ്പിച്ചു
Mail This Article
മനാമ ∙ ബിസിനസ് നെറ്റ് വർക്ക് ഇന്റർനാഷനൽ ബിഎൻഐ ഇന്ത്യ പ്രതിനിധി സംഘവുമായി ബിസിനസ് കോൺക്ലേവ് സംഘടിപ്പിച്ചു. 46 ഇന്ത്യൻ ബിസിനസുകാർ കോൺക്ലേവിൽ പങ്കെടുത്തു. രാജ്യാതിർത്തികൾക്കപ്പുറത്തേക്ക് ബിസിനസ് സഹകരണം വളർത്തുക എന്ന ലക്ഷ്യത്തോടെയുള്ള പരിപാടിയിൽ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായിരുന്നു.
ബഹ്‌റൈൻ പാർലമെന്റ് അംഗം ഡോ. ഹസ്സൻ ബുഖമ്മാസ്, ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ബഹ്റൈൻ വേൾഡ് എൻആർഐ കൗൺസിൽ പ്രസിഡന്റ് സുധീർ തിരുനിലത്ത് എന്നിവരും പങ്കെടുത്തു. ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള വ്യവസായ വാണിജ്യ സഹകരണത്തെ ഇന്ത്യൻ അംബാസഡർ പ്രശംസിച്ചു.
ബിഎൻഐ ബഹ്റൈനിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ ദേശീയ ഡയറക്ടർ അരുണോദയ ഗാംഗുലി വിശദീകരിച്ചു. ബഹ്റൈനിന്റെ ബിസിനസ് കാഴ്ചപ്പാടും വളർച്ചാ സാധ്യതകളെയും കുറിച്ച് പ്രസിഡന്റ് നാരായണൻ ഗണപതി സംസാരിച്ചു. 1985–ൽ സ്ഥാപിതമായ ബിസിനസ് നെറ്റ് വർക്ക് ഇന്റർനാഷനൽ ഇപ്പോൾ 78 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.
ആഗോളതലത്തിൽ 330,000 അംഗങ്ങളെ ഓരോ വർഷവും, ബിഎൻഐ 14 ദശലക്ഷത്തിലധികം റഫറലുകൾക്ക് സൗകര്യമൊരുക്കുകയും ശരാശരി 24 ബില്യൻ യുഎസ് ഡോളർ ബിസിനസ് സൃഷ്ടിക്കുകയും ചെയ്യുന്നു. ബഹ്റൈനിലെ ആഗോള ബിസിനസുകൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം പ്രാദേശിക ബിസിനസുകളെ രാജ്യാന്തര വിപണികളുമായി ബന്ധിപ്പിക്കാൻ സഹായിക്കുക എന്നതാണ് ബിഎൻഐയുടെ ലക്‌ഷ്യം.