പൊന്നുംവില! യുഎഇയിൽ പ്രവാസികൾ മത്തി കൂട്ടിയിട്ട് മാസങ്ങൾ; ‘വിദേശി’കൾക്കും വൻ വില
Mail This Article
അബുദാബി ∙ നാട്ടിൽ 100 രൂപയ്ക്ക് 3 കിലോ മത്തി ലഭിക്കുമ്പോൾ യുഎഇയിൽ മാസങ്ങളായി ഇവ കിട്ടാനില്ല. അപൂർവമായി ഒമാനിൽനിന്ന് ദുബായിൽ എത്തുന്ന വലിയ മത്തിക്കാകട്ടെ പൊന്നുംവില. കിലോയ്ക്ക് 20 ദിർഹം (457.50 രൂപ). 4 മാസത്തിലേറെയായി ഇതാണ് അവസ്ഥ.
ചെറിയ മത്തി കിലോയ്ക്ക് 228 രൂപയ്ക്ക് കിട്ടാനുണ്ടെങ്കിലും ആവശ്യക്കാർ കുറവാണ്. ഇതിനിടയിൽ അപൂർവമായി അൽപം മത്തി ദുബായിലെ വാട്ടർ ഫ്രണ്ട് മാർക്കറ്റിൽ എത്തിയെങ്കിലും വില കൂടുതലായതിനാൽ യുഎഇയുടെ ഇതര വിപണിയിൽ ലഭ്യമായിരുന്നില്ല.
നാട്ടിൽ പോകുന്നവരോടെ മത്തി പൊരിച്ചോ മസാല പുരട്ടി ഫ്രീസ് ചെയ്തോ കൊണ്ടുവരാൻ പലരും ആവശ്യപ്പെട്ടു തുടങ്ങി. ഇതേസമയം 3 ആഴ്ചകൂടി കാത്തിരുന്നാൽ മത്തി വിപണിയിൽ സുലഭമാകുമെന്ന് കച്ചവടക്കാർ പറയുന്നു. ചൂടിൽ പ്രാദേശിക മത്സ്യങ്ങളുടെ ലഭ്യത കുറയുകയും വില കൂടുകയും ചെയ്തപ്പോൾ ആശ്വാസമായത് വിദേശ രാജ്യങ്ങളിൽനിന്നുള്ള മത്സ്യമായിരുന്നു.
എന്നാൽ മധ്യപൂർവദേശത്തെ സംഘർഷം വിമാന, കപ്പൽ സർവീസുകളെ ബാധിച്ചത് മത്സ്യലഭ്യത കുറയ്ക്കുകയും വില കൂട്ടുകയും ചെയ്തു. സുരക്ഷാ പ്രശ്നം മൂലം മത്സ്യബന്ധനത്തിന് പോകുന്നവരുടെ എണ്ണം കുറഞ്ഞതും വില കൂടാൻ ഇടയാക്കി. വരും ദിവസങ്ങളിൽ ലഭ്യത കുറയുന്നതോടെ വില ഇനിയും ഉയർന്നേക്കും.
∙ ആശ്വാസമായി അയല
കടുത്ത ചൂടിൽ എല്ലാ മത്സ്യങ്ങൾക്കും വില കൂടിയെങ്കിലും അയലയ്ക്ക് അൽപം കുറഞ്ഞു. നേരത്തെ ഒരു കിലോ അയലയ്ക്ക് 25 ദിർഹം (571 രൂപ) വരെ ഉയർന്നിരുന്നു. ഇപ്പോൾ 15 ദിർഹത്തിന് ലഭിക്കും. 2 കിലോ 25 ദിർഹത്തിനും. 25-30 ദിർഹം വരെ ഉയർന്ന നത്തോലിക്ക് ഇപ്പോൾ 15-20 ദിർഹമായി. വലിയ ചെമ്മീന് 55 ദിർഹമായി കുറഞ്ഞു. ചെറുതിന് 20-25 ദിർഹം. അയക്കൂറ 35, ആവോലി 30, കാളാഞ്ചി 20, കിളിമീൻ 20, സ്രാവ് 15, ചൂര (ട്യൂണ) 15 എന്നിങ്ങനെയാണ് മലയാളികൾ കൂടുതലായി ആശ്രയിക്കുന്ന മറ്റു മീനുകളുടെ വില.
∙ വിദേശിക്ക് വില കൂടും
വിദേശത്തുനിന്ന് എത്തുന്ന മത്സ്യങ്ങൾക്കും വില കൂടി. നേരത്തെ 40 ദിർഹത്തിന് കിട്ടിയിരുന്ന ഷാഫിക്ക് 65 ദിർഹമായി. 30ന് ലഭിച്ചിരുന്ന സീബ്രീം 38, സീബാസിന് 40 ദിർഹമായി. സാൽമൺ വില 50 ദിർഹമായി ഉയർന്നു. ഹമ്മൂറിന് 55 ആയി. ജഷിന് 45 ദിർഹം നൽകണം.