ഓണ്‍ലൈന്‍ തട്ടിപ്പുകള്‍: ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് വാണിജ്യ മന്ത്രാലയം
Mail This Article
കുവൈത്ത്‌സിറ്റി ∙ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, വിശ്വസനീയമല്ലാത്ത വെബ്സൈറ്റുകള്‍, വാട്ട്സ്ആപ്പ്, സമൂഹ മാധ്യമങ്ങള്‍, സംശയാസ്പദമായ ഇ-മെയിലുകള്‍, എന്നിവയില്‍ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് വാണിജ്യ മന്ത്രാലയം. നിരവധി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന കേസുകള്‍ ശ്രദ്ധയിപ്പെട്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്.
സ്വദേശികളും വിദേശികളും പരിചയമില്ലാത്തവരുമായി ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയോ വാട്ട്‌സ്ആപ്പിലൂടെയോ വ്യക്തിഗത അല്ലെങ്കില്‍ ബാങ്കിങ് വിവരങ്ങള്‍ പങ്കിടുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു.
വ്യജ പരസ്യങ്ങളിലും വീഴരുത്. പ്രത്യേകിച്ച്, കുവൈത്തിലെ പ്രശസ്തമായ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ എന്ന വ്യാജേന സമൂഹ മാധ്യമങ്ങള്‍ വഴി കുറഞ്ഞ വിലയ്ക്ക് വാഗ്ദാനം ചെയ്തുകൊണ്ട് പരസ്യം നല്‍കും. യഥാര്‍ഥമൂല്യത്തിന്റെ പകുതിയില്‍ താഴെയുള്ള വിലയ്ക്ക് പരസ്യം ചെയ്യപ്പെടുന്നു. യഥാര്‍ഥ കമ്പനിവഴി പണം നല്‍കുന്നതിനുള്ള ഓപ്ഷന്‍ ഒഴിവാക്കി മറ്റ് ലിങ്കുകള്‍ വഴിയോ ബാങ്ക് കാര്‍ഡുകള്‍ വഴിയോ പണം വേണമെന്ന് തട്ടിപ്പ് സംഘം ആവശ്യപ്പെടും. ഇങ്ങനെ, ലിങ്ക് സ്വീകരിക്കുമ്പോഴോ കാര്‍ഡ് വിവരങ്ങള്‍ നല്‍കുമ്പോഴോ പണം നഷ്ടമാവുകയും ചെയ്യും. ഇത്തരം, ഇടപാടുകള്‍ നടത്തുന്നതിന് മുമ്പ് കമ്പനികളുടെ ആധികാരികത പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.