സൗദിയിൽ പ്രവാസി തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ
Mail This Article
ജിദ്ദ ∙ സൗദിയിൽ വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന പുതിയ ഇൻഷുറൻസ് പരിരക്ഷ പ്രകാരം ഒരു തൊഴിലാളിക്ക് ലഭിക്കുന്നത് 17,500 റിയാലായി നിശ്ചയിച്ചു. ഒരു സ്ഥാപനത്തിലെ വിദേശ തൊഴിലാളികള്‍ക്ക് വേതനവും ആനുകൂല്യങ്ങളുമായി ആകെ ലഭിക്കാനുള്ള തുക, ഇന്‍ഷുന്‍സ് പദ്ധതി കവറേജ് പ്രകാരം നിശ്ചയിച്ച നഷ്ടപരിഹാരത്തുകയുടേതിനേക്കാൾ അധികം ആകാൻ പാടില്ല. അടിസ്ഥാന വേതനം, ആനുകൂല്യങ്ങള്‍ എന്നിവ ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തില്‍ ഉള്‍പ്പെടും.
നഷ്ടപരിഹാരം ലഭിക്കാന്‍ വിദേശ തൊഴിലാളി സൗദി അറേബ്യ വിടണമെന്ന് വ്യവസ്ഥയില്ല. മറ്റൊരു സ്ഥാപനത്തിന്റെ പേരിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റിയാലും നഷ്ടപരിഹാരം ലഭിക്കും. സ്വദേശത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന തൊഴിലാളിക്ക് ഇക്കോണമി ക്ലാസ് ടിക്കറ്റിന് ആയിരം റിയാൽ വരെ നഷ്ടപരിഹാരം ലഭിക്കും. ഇതിന് ഫൈനല്‍ എക്‌സിറ്റ് വിസ പോലെ സ്വദേശത്തേക്ക് മടങ്ങാനുള്ള മുഴുവന്‍ നിയമാനുസൃത നടപടികളും പൂര്‍ത്തിയാക്കിയതായി സ്ഥിരീകരിക്കുന്ന രേഖകള്‍ തൊഴിലാളി സമര്‍പ്പിക്കണം. സ്ഥാപനം പ്രതിസന്ധിയിലായതിനാല്‍ 80 ശതമാനം വിദേശ തൊഴിലാളികളുടെ വേതനം ആറു മാസത്തേക്ക് വിതരണം ചെയ്യാന്‍ കഴിയാതെവന്ന സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികള്‍ക്കാണ് പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
സര്‍ക്കാരിന് പൂര്‍ണ ഉടമസ്ഥാവകാശമുള്ള സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികള്‍, പ്രൊബേഷന്‍ കാലയളവിലുള്ള വിദേശ തൊഴിലാളികള്‍, ഗാര്‍ഹിക തൊഴിലാളികള്‍, താല്‍ക്കാലിക, സീസണ്‍ തൊഴിലാളികള്‍, തൊഴിലുടമയുടെ കുടുംബാംഗങ്ങള്‍, സ്‌പോര്‍ട്‌സ് ക്ലബ്ബ് കളിക്കാര്‍, കാര്‍ഷിക തൊഴിലാളികള്‍, ഇടയന്മാര്‍, പ്രത്യേക ജോലിക്കായി എത്തുന്ന തൊഴിലാളികള്‍ എന്നിവരെ പുതിയ ഇന്‍ഷുറന്‍സില്‍ നിന്ന് ഒഴിവാക്കി. പുതിയ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതിനു മുമ്പ് പ്രതിസന്ധിയിലായ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും പദ്ധതി പ്രകാരമുള്ള പരിരക്ഷ ലഭിക്കില്ല.
പദ്ധതി പ്രകാരമുള്ള നഷ്ടപരിഹാരം തേടി തൊഴിലാളികള്‍ അപേക്ഷ സമര്‍പ്പിച്ചാൽ, ഔദ്യോഗിക വാര്‍ത്താ വിനിമയ മാര്‍ഗങ്ങളിലൂടെ തൊഴിലുടമയെ വിളിച്ചുവരുത്തി അപ്പീല്‍ നല്‍കാന്‍ പത്തു ദിവസത്തെ സാവകാശം അനുവദിക്കും. സ്ഥാപനം അപ്പീല്‍ സമര്‍പ്പിക്കാത്ത പക്ഷം അര്‍ഹരായ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കും. അര്‍ഹമായ നഷ്ടപരിഹാരം തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുമ്പോള്‍ നഷ്ടപരിഹാരത്തുക പൂര്‍ണമായോ ഭാഗികമായോ അടക്കണമെന്ന് സ്വകാര്യ സ്ഥാപനത്തോട് ആവശ്യപ്പെടാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അവകാശമുണ്ട്.