അബുദാബിയിൽ റേറ്റിങ് നോക്കി ഹോട്ടലിൽ കയറാം
Mail This Article
അബുദാബി ∙ ഹോട്ടൽ, റസ്റ്ററന്റുകൾ തുടങ്ങിയവയുടെ നിലവാരം അറിയാൻ ഭക്ഷ്യസുരക്ഷാ റേറ്റിങ് ആപ്പ് (Zadna Rating app) പുറത്തിറക്കി അബുദാബി. ഇനി ഭക്ഷണം കഴിക്കാൻ പോകുന്നതിന് മുൻപ് ഭക്ഷ്യസുരക്ഷയും വൃത്തിയും മനസ്സിലാക്കി ഉപഭോക്താക്കൾക്ക് തീരുമാനമെടുക്കാൻ ഇതിലൂടെ അവസരമൊരുങ്ങും. അബുദാബിയിലെ 9000 ഭക്ഷ്യശാലകളുടെ വിവരങ്ങൾ ആപ്പിലൂടെ ലഭിക്കും.
അബുദാബി ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി ഓരോ സ്ഥാപനത്തിലും എത്തി പരിശോധിച്ചാണ് റിപ്പോർട്ട് തയാറാക്കി ആപ്പിൽ ലഭ്യമാക്കിയത്. ആപ്പിനു പുറമെ ഓരോ സ്ഥാപനത്തിന്റെയും മുന്നിൽ സ്ഥാപിച്ച ക്യൂആർ കോഡ് സ്കാൻ ചെയ്താൽ ഉപഭോക്താക്കൾക്ക് മുഴുവൻ വിവരങ്ങളും ലഭ്യമാകും.
ജീവനക്കാരുടെ ശുചിത്വം, ഭക്ഷണം സൂക്ഷിച്ച സ്ഥലം, താപനില, മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള സൗകര്യം തുടങ്ങിയവയ്ക്കു പുറമെ ഉപഭോക്താക്കളുടെ അഭിപ്രായവും വായിച്ചറിയാം.മികച്ച നിലവാരമുള്ള സ്ഥാപനങ്ങളെ എ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവാര പരിശോധനയിൽ ലഭിക്കുന്ന മാർക്ക് അടിസ്ഥാനത്തിൽ ബി മുതൽ എഫ് വരെയുള്ള വിഭാഗത്തിലാക്കി തരം തിരിച്ചിരിക്കുന്നു.