ADVERTISEMENT

ജിദ്ദ ∙ സൗദിയില്‍ മരണശേഷം അവയവദാനത്തിന് ആഗ്രഹം അറിയിച്ച് 5,83,291 പേര്‍ റജിസ്റ്റര്‍ ചെയ്തതായി സൗദി സെന്റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ അറിയിച്ചു. ഏറ്റവുമധികം ആളുകൾ അവയവദാനത്തിന് ആഗ്രഹം അറിയിച്ചിരിക്കുന്നത് റിയാദ് പ്രവിശ്യയിലാണ്. റിയാദിൽ 1,43,813 പേര്‍ അവയവദാനത്തിന് സമ്മതം അറിയിച്ചു. രണ്ടാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയില്‍ 1,16,880 പേരും മൂന്നാം സ്ഥാനത്തുള്ള കിഴക്കന്‍ പ്രവിശ്യയില്‍ 65,877 പേരും നാലാം സ്ഥാനത്തുള്ള മദീനയില്‍ 23,406 പേരും അസീറില്‍ 23,393 പേരും അല്‍ഖസീമില്‍ 11,651 പേരും തബൂക്കില്‍ 10,284 പേരും ജിസാനില്‍ 9,474 പേരും ഹായിലില്‍ 5,500 പേരും അല്‍ജൗഫില്‍ 5,277 പേരും ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ 4,307 പേരും അല്‍ബാഹയില്‍ 1,793 പേരും നജ്‌റാനില്‍ 1,598 പേരും അവയവദാനത്തിന് ആഗ്രഹം അറിയിച്ചു.

അവയവദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം ശക്തമാക്കാന്‍ ലക്ഷ്യമിട്ട് സൗദി സെന്റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ബോധവല്‍ക്കരണ ക്യാംപെയ്‌ന് തുടക്കം കുറിച്ചിട്ടുണ്ട്. വൃക്കരോഗികളുടെ ദുരിതങ്ങള്‍ വ്യക്തമാക്കുന്ന പ്രദര്‍ശനം ക്യാംപെയ്‌ന്റെ ഭാഗമായി സംഘടിപ്പിക്കുന്നു. സമൂഹത്തിലെ ഓരോ വ്യക്തിക്കും മരണ ശേഷം മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്ന സന്ദേശം പ്രചരിപ്പിക്കാനാണ്  ശ്രമിക്കുന്നത്. അവയവദാനത്തെ കുറിച്ച് തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാനും മരണ ശേഷമുള്ള അവയവദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച അവബോധം വര്‍ധിപ്പിക്കാനും ബോധവല്‍ക്കരണത്തിലൂടെ ശ്രമിക്കുന്നു. 

മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തവക്കല്‍നാ ആപ്പ് വഴി ഇക്കാര്യം റജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. അവയവദാനത്തിനുള്ള ആഗ്രഹം പ്രകടിപ്പിച്ചുള്ള റജിസ്‌ട്രേഷന്‍ മാത്രമാണ് തവക്കല്‍നാ വഴി നടത്തുന്നത്. അവയവദാനത്തിന് ഇതുമാത്രം മതിയാകില്ല. മരണ ശേഷം ബന്ധുക്കളുടെ രേഖാമൂലമുള്ള അനുമതിയോടെ മാത്രമേ അവയവങ്ങള്‍ നീക്കം ചെയ്യുകയുള്ളൂ. 

ജീവിച്ചിരിക്കെ അവയവം ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അടുത്തുള്ള സൗദി സെന്റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ അംഗീകാരമുള്ള ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ സെന്ററിനെ സമീപിച്ച്  റജിസ്റ്റർ ചെയ്യാവുന്നതാണ് . ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട നിയമ, നിര്‍ദേശങ്ങള്‍ക്കനുസൃതമായി അവയവദാനത്തിന് ഇവര്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തുകയാണ് ചെയ്യുക.

English Summary:

5,83,291 People Register for Organ Donation in Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com