ADVERTISEMENT

കണ്ണൂർ ∙ സിബിഐ ഓഫിസർ ചമഞ്ഞ് വെർച്വൽ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തി പ്രവാസിയിൽ നിന്നു 12.91 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികൾ എറണാകുളത്ത് അറസ്റ്റിൽ. തൃശൂർ ശാന്തിനഗർ പള്ളിവളപ്പിൽ ജിതിൻ ദാസ് (20), ആലപ്പുഴ യാഫി പുരയിടം ഹൗസിൽ ഇർഫാൻ ഇഖ്ബാൽ (23) എന്നിവരെയാണ് കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.

ചാലാട് മണൽ സ്വദേശിയായ പരാതിക്കാരനെ വാട്സാപ്, സ്കൈപ് എന്നീ മാധ്യമങ്ങൾ വഴി ബന്ധപ്പെട്ടാണ് പ്രതികൾ പണം തട്ടിയത്. ഇദ്ദേഹത്തിന്റെ ഫോൺ നമ്പറും ബാങ്ക് അക്കൗണ്ടും നിയമവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്നും വെർച്വൽ അറസ്റ്റ് ചെയ്തെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. സിബിഐയുടേതെന്ന വ്യാജേന പൊലീസ് ഓഫിസറുടെ യൂണിഫോം ധരിച്ചയാൾ വിഡിയോ കോളിൽ വന്ന് ഹിന്ദിയിലും ഇംഗ്ലിഷിലും സംസാരിച്ച് കേസിൽ നിന്ന് ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ അറസ്റ്റ് ചെയ്യാനായി സിബിഐ സംഘം വീട്ടിലെത്തുമെന്നു ഭീഷണിപ്പെടുത്തിയ പ്രതികൾ നാഗ്പുരിലെ എസ്ബിഐ ശാഖയിലെ അക്കൗണ്ടും നൽകി.

ഭീഷണി കടുത്തതോടെ ഇക്കഴിഞ്ഞ ഓഗസ്റ്റ് 6 മുതൽ 8 വരെയുള്ള ദിവസങ്ങളിൽ പ്രവാസി തന്റെ ബാങ്ക് അക്കൗണ്ട് വഴി 12.91 ലക്ഷം രൂപ പ്രതികൾക്ക് കൈമാറി. പണം പിന്നീട് ജിതിൻ ദാസിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് മാറ്റിയത്. തുടർന്ന് ചെക്ക് ഉപയോഗിച്ച് ഈ പണം പിൻവലിച്ച് ഇർഫാനു കൈമാറിയതായും പൊലീസ് കണ്ടെത്തി. കോടികളുടെ സാമ്പത്തിക തട്ടിപ്പ് ഇവർ ഉൾപ്പെട്ട സംഘം നടത്തിയിട്ടുണ്ടെന്നാണു പൊലീസിനു ലഭിക്കുന്ന സൂചന.

ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് കഴിഞ്ഞ ജിതിൻ ദാസ് തൊഴിൽ തേടിയാണ് എറണാകുളത്ത് എത്തിയത്. ഇവിടെ വച്ചാണ് ഇർഫാനെ പരിചയപ്പെടുന്നത്. ഇർഫാൻ  മറ്റൊരു സാമ്പത്തിക തട്ടിപ്പു കേസിലും പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ഇരുവരും തട്ടിപ്പിലെ കണ്ണികൾ മാത്രമാണെന്നും ഇവർക്കു പിന്നിൽ വൻ സംഘമുണ്ടെന്നുമാണ് പൊലീസ് നിഗമനം.

English Summary:

‘Digital Arrest’ Scam: Two Arrested for Posing as CBI Officers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com