ഫുട്‌ബോൾ ടൂർണമെന്റ്: മഞ്ഞപ്പട ഒമാൻ ജേതാക്കൾ
Mail This Article
മസ്‌കത്ത് ∙ മഞ്ഞപ്പട ഒമാൻ വിംഗ് സംഘടിപ്പിച്ച മഞ്ഞപ്പട സൂപ്പർ കപ്പിൽ മഞ്ഞപ്പട ഒമാൻ എഫ് സി ജേതാക്കളായി. ആവേശകരമായ ഫൈനലിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് യുണൈറ്റഡ് കാർഗോ എഫ് സിയെയാണ് കീഴ്‌പ്പെടുത്തിയത്. ഫൈനലിലെ രണ്ടു ഗോളുകളും മഞ്ഞപ്പടക്ക് വേണ്ടി നേടിയ മഹദ് ഫൈനലിലെയും ടൂർണമെന്റിലെയും മികച്ച കളിക്കാരനായി തിരഞ്ഞെടക്കപ്പെട്ടു. ടൂര്‍ണമെന്റിലെ മൂന്നാം സ്ഥാനം ജിഫ്‌സിയും നാലാം സ്ഥാനം യുണൈറ്റഡ് കേരള എഫ് സിയും സ്വന്തമാക്കി.
ടൂർണമെന്റിലെ ടോപ് സ്‌കോറർ ആയി ജിഫ്‌സിയുടെ ഹഫ്‌സലും മികച്ച ഗോൾകീപ്പറായി മഞ്ഞപ്പടയുടെ അക്ഷയും മികച്ച പ്രതിരോധ താരമായി യുണൈറ്റഡ് കാർഗോ എഫ്‌സിയുടെ സർജാസും തിരഞ്ഞെടുക്കപ്പെട്ടു. വ്യക്തിഗത മികവ് പുലർത്തിയവർക്ക് ട്രോഫികൾക്കൊപ്പം സമ്മാനങ്ങളും നൽകി ആദരിച്ചു. മബേല അൽഷാദി ഗ്രൗണ്ടിൽ 16 പ്രവാസി ടീമുകളെ പങ്കെടുപ്പിച്ചു നടന്ന ആവേശകരമായ ഫുട്‌ബോൾ ടൂർണമെന്റിലും അതിനോടനുബന്ധിച്ചു നടന്ന വിവിധ മത്സരങ്ങളിലും സ്ത്രീകളും കുട്ടികളും അടക്കം കാണികളായി വൻ ജനാവലികളുടെ സാന്നിധ്യം ഉണ്ടായിരുന്നു.
കൂടാതെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്ന ചടങ്ങും ടൂർണമെന്റിന് മാറ്റു കൂട്ടി. ചിത്രകലയിലെ കഴിവുകളിൽ ഗിന്നെസ്സ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ സുനിൽ മോഹൻ, അലിയാ സിയാദ് മുതലായവരെയും കഴിഞ്ഞ മാസം കോഴിക്കോട് വെച്ച് നടന്ന ഗ്ലോബൽ മാസ്‌റ്റേഴ്‌സ് ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ ടീമിലെ ഒമാനിൽ നിന്നുള്ള കളിക്കാരായ ഷാനവാസ് മജീദ്, സുജേഷ്, സന്ദീപ് എന്നീ വെറ്ററൻ കളിക്കാരെയും ചടങ്ങിൽ ആദരിച്ചു.
ടൂർണമെന്റിൽ സഹകരിച്ച സ്‌പോൺസർമാർക്കും പങ്കെടുത്ത ടീമിലെ കളിക്കാർക്കും മാനേജ്‌മെന്റ്‌റുകൾക്കും ടൂർണമെന്റ് വൻ വിജയമാക്കിയ കാണികൾക്കും കുടുംബങ്ങൾക്കും നന്ദി രേഖപെടുത്തുന്നതായും മഞ്ഞപ്പട ഒമാൻ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.