ബഹിരാകാശ പ്രവർത്തന ഏകോപനം: കൗൺസിൽ രൂപീകരിക്കാൻ യുഎഇ
Mail This Article
അബുദാബി ∙ ബഹിരാകാശ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഗവേഷണത്തിനും മറ്റും മേൽനോട്ടം വഹിക്കുന്നതിനും യുഎഇ സുപ്രീം സ്പേസ് കൗൺസിൽ സ്ഥാപിക്കുന്നു. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കൗൺസിൽ അധ്യക്ഷനാകും.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ബഹിരാകാശ സുരക്ഷാ നയങ്ങൾ രൂപീകരിക്കുക, അടിസ്ഥാന സൗകര്യങ്ങൾ കൈകാര്യം ചെയ്യുക, രാജ്യാന്തര സഹകരണം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് കൗൺസിലിന്റെ പ്രധാന ഉത്തരവാദിത്തങ്ങൾ. ബഹിരാകാശ മേഖലയിലെ പുതിയ സാങ്കേതിക വിദ്യകൾ കണ്ടെത്തുക, പദ്ധതികളിൽ മുൻഗണന നിശ്ചയിക്കൽ, നിക്ഷേപം ആകർഷിക്കൽ എന്നിവയും കൗൺസിലിന്റെ ചുമതലയാണ്. രാജ്യാന്തര പങ്കാളികളുമായി സഹകരിച്ച് ബഹിരാകാശ സുരക്ഷ ശക്തിപ്പെടുത്താൻ പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കണം. യുഎഇ ബഹിരാകാശ ഏജൻസിയാകും കൗൺസിലിന്റെ ജനറൽ സെക്രട്ടേറിയറ്റ്.