ഗ്ലോബൽ വില്ലേജിൽ പ്രവശന നിരക്ക് വർധിപ്പിച്ചു; സമയം, നിരക്ക് അറിയാം
Mail This Article
ദുബായ്∙ പുതിയ സീസൺ ആരംഭിക്കാൻ അഞ്ച് ദിവസം ശേഷിക്കെ, ദുബായിലെ ഗ്ലോബൽ വില്ലേജ് പ്രവേശന നിരക്ക് വർധിപ്പിച്ചു. ഒരാൾക്ക് 25 ദിർഹമാണ് പുതിയ നിരക്ക്. ഗ്ലോബൽ വില്ലേജിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (www.globalvillage.ae) എൻട്രി ടിക്കറ്റുകൾ 25 ദിർഹം മുതൽ ആരംഭിക്കുന്നു. കഴിഞ്ഞ സീസണിൽ പ്രവൃത്തി ദിവസത്തെ ടിക്കറ്റിന് 22.50 ദിർഹവും ഏത് ദിവസത്തേയ്ക്കുമുള്ള പാസുകൾക്ക് 27 ദിർഹവുമായിരുന്നു നിരക്ക്.
ഓൺലൈൻ ടിക്കറ്റിങ് പ്ലാറ്റ്ഫോം സജീവമാക്കി. സന്ദർശകർക്ക് ഇപ്പോൾ പ്രവേശന പാസുകൾ വാങ്ങാം. ജനപ്രിയ ഫെസ്റ്റിവൽ പാർക്ക് അതിന്‍റെ സീസൺ 29-ന് ഒക്ടോബർ 16 ബുധനാഴ്ച വീണ്ടും ഒരു പുതിയ 'റസ്റ്ററന്‍റ് പ്ലാസ'യും മൂന്ന് സാംസ്കാരിക പവിലിയനുകളുമുണ്ടാകും.
∙ പ്രവേശന നിരക്കുകളറിയാം
ദിർഹം 25: പ്രതിവാര ടിക്കറ്റ് ( പൊതു അവധി ദിവസങ്ങൾ ഒഴികെ ഞായർ മുതൽ വ്യാഴം വരെ സാധുത.)
ദിർഹം30: ഏത് ദിവസവും പ്രവേശിക്കാം.
3 വയസ്സും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്കും 65 വയസ്സിനു മുകളിലുള്ള മുതിർന്നവർക്കും ഭിന്നശേഷിയുള്ളവർക്കും പ്രവേശനം ഇപ്പോഴും സൗജന്യമാണ്.
∙ സമയക്രമം
ഗ്ലോബൽ വില്ലേജ് ഈ സീസൺ അടുത്ത വർഷം മേയിലാണ് സമാപിക്കുക. ഞായർ മുതൽ ബുധന്‍ വരെ വൈകിട്ട് 4 മുതൽ പിറ്റേന്ന് പുലർച്ചെ 12 വരെ. വ്യാഴം മുതൽ ശനി വരെ വൈകിട്ട് 4 മുതൽ പുലർച്ചെ ഒന്നുവരെ.
ചൊവ്വാഴ്ചകൾ (പൊതു അവധി ദിനങ്ങൾ ഒഴികെ) കുടുംബങ്ങൾക്കും ദമ്പതികൾക്കും സ്ത്രീകൾക്കുമായി മാത്രമായി നീക്കിവച്ചിരിക്കുന്നു.
∙ പുതിയ കാഴ്ചാരസങ്ങൾ
സ്വദേശികളുടെയും വിദേശികളുടെയും പ്രിയപ്പെട്ട ഗ്ലോബൽ വില്ലേജിൽ റെയിൽവേ മാർക്കറ്റും ഫ്ലോട്ടിങ് മാർക്കറ്റും പുതിയ ഡിസൈൻ ആശയങ്ങളുമായി വീണ്ടും തുറക്കും. അതേസമയം ഫിയസ്റ്റ സ്ട്രീറ്റിൽ ഇരട്ട നിലകളുള്ള സ്ട്രീറ്റ് കിയോസ്‌കുകളുണ്ടാകും. കാർണവൽ ഫൺ ഫെയർ ഏരിയയ്ക്ക് അടുത്തായി വരാനിരിക്കുന്ന 'റസ്റ്ററന്‍റ് പ്ലാസ' ഭക്ഷണപ്രിയർ നഷ്‌ടപ്പെടുത്തരുത്. തത്സമയ ഷോകളും പ്രകടനങ്ങളും ആസ്വദിച്ചുകൊണ്ട് അതിഥികൾക്ക് വൈവിധ്യമാർന്ന പാചകരീതികൾ ആസ്വദിക്കാൻ കഴിയുന്ന 11 രണ്ട് നിലകളുള്ള റസ്റ്ററന്‍റുകൾ ഇത് അവതരിപ്പിക്കും.