കുവൈത്ത് മരുഭൂമിയില്‍ കൊല്ലപ്പെട്ടത് ഇന്ത്യക്കാരൻ; നിർണായകമായത് രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍
Mail This Article
കുവൈത്ത്സിറ്റി ∙ ജഹ്റ മരുഭൂമിയില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം ഇന്ത്യന്‍ പൗരന്റെതെന്ന് തിരിച്ചറിഞ്ഞു. ആന്ധ്രപ്രദേശ് വൈ.എസ്.ആര് ജില്ല സൊന്തംവരിപള്ളി ഗദ്ദമീഡപള്ളി വീട്ടില്‍ വീരാന്‍ജുലു (38) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ സ്പോണ്‍സറായ കുവൈത്ത് സ്വദേശിയെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആസൂത്രിതമായ കൊലപാതകമാണിതെന്ന് പൊലീസ് അന്വേഷണത്തിന് ശേഷം ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
പൊലീസ് പറയുന്നത്
കാറിലെത്തിയ ഒരാള്‍ മാലിന്യ കൂമ്പാരത്തില്‍ രക്ത കറപുരണ്ട വസ്ത്രങ്ങള്‍ വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസിന് ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. ഈ പ്രദേശത്തെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ച് വാഹന ഉടമയിലെത്തി. ഇയാളുടെ വാഹനം പരിശോധിച്ചപ്പോള്‍ വാഹനത്തിനുള്ളിലും രക്തക്കറ കണ്ടെത്തി. ചോദ്യം ചെയ്യലില്‍ ഡ്രൈവറെ കൊന്ന് മൃതദേഹം അംങ്കാര സ്ക്രാപ് യാര്‍ഡിന് പിന്നിലുള്ള മരുഭൂമി പ്രദേശത്ത് തള്ളിയതായി പ്രതി സമ്മതിച്ചു. അല്‍-ജഹ്റ ഗവര്‍ണറേറ്റിലെ സാദ് അല്‍ അബ്ദുല്ല ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസാണ് അന്വേഷണം നടത്തിയത്.
ഭാര്യയും ഭര്‍ത്താവും ഒരേ വീട്ടില്‍ ജോലി
പത്ത് വര്‍ഷമായി ഈ സ്പോണ്‍സറുടെ കൂടെ ആയിരുന്നു വീരാന്‍ജുലു ജോലി ചെയ്തിരുന്നത്. നാലുവര്‍ഷം മുമ്പാണ് ഭാര്യ ചെന്നകേസുലമ്മയേയും ഇതേ വീട്ടില്‍ വീരാന്‍ജുലു ജോലിക്കു കൊണ്ടുവന്നത്. കഴിഞ്ഞ ശനിയാഴ്ച മുതലാണ് വീരാന്‍ജുലുവിനെ കാണാതാകുന്നത്. സ്പോണ്സറോടൊപ്പം മരുഭൂമിപ്രദേശത്തേക്ക് പോകുകയാണെന്ന സന്ദേശം രാത്രിയില്‍ ഭാര്യയ്ക്ക് അയച്ചിരുന്നു. സ്പോണ്സര് തിരിച്ചെത്തിയെങ്കിലും വീരാന്‍ജുലു മടങ്ങിയെത്തിയില്ല.
പിറ്റേന്ന് വീരാന്‍ജുലുവിനെക്കുറിച്ചു അന്വേഷിച്ചെങ്കിലും സ്പോണ്സര് കൃത്യമായ മറുപടി നല്‍കിയില്ല. രണ്ടുദിവസം മുമ്പ് സ്പോണ്‍സറും വീരാന്‍ജുലുമായി ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. വീരാന്‍ജുലു മടങ്ങിയെത്താതായപ്പോള്‍ ഭാര്യ ചെന്നകേസുലമ്മയ്ക്ക് ഭീതിയായി. തുടര്‍ന്ന് കുവൈത്തിലുള്ള വീരാന്‍ജുലുവിന്റെ സഹോദരങ്ങളെയും മറ്റു സുഹൃത്തുക്കളെയും ഫോണിലൂടെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. വാഹനാപകടം വല്ലതും നടന്നിട്ടുണ്ടോ എന്ന സംശയത്തിന്റെ പേരില്‍ ആശുപത്രിയില്‍ തിരക്കാനുള്ള നീക്കം സ്പോണ്സര് തടസപ്പെടുത്തി. തിങ്കളാഴ്ച പൊലീസുകാര്‍ വന്ന് തിരക്കിയപ്പോഴാണ് ഭര്‍ത്താവിന്റെ ദാരുണമരണം ചെന്നകേസുലമ്മ അറിയുന്നത്.
ഇന്ത്യന്‍ എംബസിയുടെ ഇടപെടലില്‍ ബുധനാഴ്ച രാത്രിയോടെ വീരാന്‍ജുലുവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഭാര്യ ചെന്നകേസുലമ്മയും വീരാന്‍ജുലുവിന്റെ കുവൈത്തിലുള്ള രണ്ട് അര്‍ധസഹോദരങ്ങളും മൃതദേഹത്തോടൊപ്പം നാട്ടിലേക്കുപോയിട്ടുണ്ട്.