ഗർഭിണികൾ അമിത ഉലുവ ഉപയോഗം ഒഴിവാക്കാൻ നിർദേശിച്ച് സൗദി
Mail This Article
റിയാദ് ∙ ഗർഭിണികൾ ഉലുവ അടങ്ങിയ ടോണിക്കുകളുടെ അമിത ഉപയോഗം ഒഴിവാക്കാൻ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) നിർദേശിച്ചു. ട്രിഗോണെല്ല ഫോനം-ഗ്രേകം എന്ന ശാസ്ത്രീയ നാമധേയത്തിൽ അറിയപ്പെടുന്ന ഉലുവ, വിശപ്പ് വർധിപ്പിക്കുകയും ദഹനം സുഗമമാക്കുകയും ചെയ്യുന്ന ഒരു സുപ്രധാന പോഷകാഹാരമാണെങ്കിലും, ഗർഭകാലത്ത് ഉപയോഗം പരിമിതമായിരിക്കണം.
പ്രമേഹ മരുന്നുകൾ, രക്തം കട്ടിയാക്കുന്ന മരുന്നുകൾ, കൊളസ്ട്രോൾ കുറയ്ക്കുന്ന മരുന്നുകൾ എന്നിവയുമായി ഉലുവ ഇടപെടുന്നതിന് സാധ്യതയുണ്ട്. ചെറു പയർ, നിലക്കടല തുടങ്ങിയ പയർവർഗങ്ങളോട് അലർജിയുള്ളവരിൽ ഉലുവ അലർജി ഉണ്ടാകാം. ശസ്ത്രക്രിയയ്ക്ക് രണ്ടാഴ്ച മുൻപ് എങ്കിലും ഉലുവ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അറിയിച്ചു. കാരണം ഇത് രക്തസ്രാവം വർധിപ്പിക്കുന്നതിന് കാരണമാകുന്നതിന് സാധ്യതയുണ്ട്
ഉലുവ അമിതമായി ഉപയോഗിക്കുന്നത് വയറുവേദന, ഗ്യാസ്, ഛർദ്ദി, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാം.ദൈനംദിന ഉപയോഗം 5 മുതൽ 10 ഗ്രാം വരെ പരിമിതപ്പെടുത്തണമെന്ന് എസ്എഫ്ഡിഎ നിർദ്ദേശിക്കുന്നു.