റിയാദ് സീസൺ ഇന്നു മുതൽ; മലയാളികൾക്ക് അഭിമാനമായി ഇത്തവണ ചെണ്ടമേളവും
Mail This Article
റിയാദ് ∙ സൗദിയിലെ എറ്റവും വലിയ കലാ സാംസ്കാരിക വിനോദ ഉത്സവമേളയായ റിയാദ് സീസൺ 2024 ഇന്ന് മുതൽ. 14 വേദികളിലായി അരങ്ങേറുന്ന വൈവിധ്യമാർന്ന ഒട്ടനവധി പരിപാടികളാണ് ഇത്തവണയും ആസ്വാദകർക്കായി ഒരുക്കിയിരിക്കുന്നത്. പ്രധാന വേദികളിലൊന്നായ റിയാദിലെ സുവൈദി പാർക്കിലാണ് ഇന്ത്യയടക്കമുളള പല രാജ്യങ്ങളുടെ സാംസ്കാരിക പൈതൃകവും കല വിരുന്നുകളുമൊക്കെ പ്രകടിപ്പിക്കുന്നത്.
നാളെ മുതൽ സുവൈദി പാർക്കിലെ വേദി സജീവമാകും. 13 മുതൽ 21 വരെയുള്ള ആദ്യ 9 ദിവസം ഇന്ത്യൻ പരിപാടികൾക്കാണ് സുവൈദി പാർക്ക് സാക്ഷ്യം വഹിക്കുക. സാംസ്കാരിക ഘോഷയാത്രകൾ,രാജസ്ഥാനി നൃത്തം,പഞ്ചാബി നൃത്തം, തെലുങ്ക്, തമിഴ് കലാരൂപങ്ങൾ, വിവിധ കലാപരിപാടികൾ, വാദ്യമേള സംഘം, റിയാദ് മേളം ടീമിന്‍റെ ചെണ്ടമേളം, നാസിക് ഡോൾ എന്നിവയൊക്കെ ഇന്ത്യൻ പരിപാടികൾക്ക് നിറം ചാർത്തും.
കഴിഞ്ഞ വർഷം സൗദിയുടെ ചരിത്രത്തിൽ ആദ്യമായി കഥകളി അവതരിപ്പിച്ചു. കേരളത്തിൽ നിന്നും ഇന്ത്യൻ എംബസിയുടെ ക്ഷണപ്രകാരം എത്തിച്ചേർന്ന കഥകളി കലാകാരൻമാരാണ് റിയാദ് സീസണിൽ കഥകളി അവതരിപ്പിച്ചത്. കഥകളി കലാകാരൻ ചാത്തന്നൂർ കൊച്ചുനാരായണ പിള്ള ആശാന്‍റെ നേതൃത്വത്തിലായിരുന്നു സംഘം എത്തിയത്. സൗദിയിലാകെമാനമുള്ള 25 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരുടെ പരിഛേദമായി മാറും ഈ ദിവസങ്ങളിൽ ഇവിടെ നടക്കുന്ന കലാ സാംസ്കാരിക പരിപാടികൾ. ഇന്ത്യ അടക്കം ഫിലിപ്പൈൻസ്, ഇന്തൊനീഷ്യ, പാക്കിസ്ഥാൻ, യെമൻ, സുഡാൻ, സിറിയ, ബംഗ്ലാദേശ് ഈജിപ്ത് എന്നീ ഒൻപത് രാജ്യങ്ങളുടെ കലാ സാംസ്കാരിക പരിപാടികളാണ് നവംബർ 30 വരെ ഇവിടെ നടക്കുന്നത്.
21 മുതൽ 25 വരെ ഫിലിപ്പൈൻസ്, 26 മുതൽ 29 വരെ ഇന്തൊനീഷ്യ, 30 മുതൽ നവംബർ 2 വരെ പാക്കിസ്ഥാൻ, നവംബർ 3 മുതൽ 6 വരെ യെമൻ,7 മുതൽ 16 വരെ സുഡാൻ, 17 മുതൽ 19 വരെ സിറിയ,20 മുതൽ 23 വരെ ബംഗ്ലാദേശ്, 24 മുതൽ 30 വരെ ഈജിപ്ത് എന്നിങ്ങനെയാണ് ഓരോ രാജ്യങ്ങൾക്കുളള സമയക്രമം നൽകിയിട്ടുള്ളത്.
പരിപാടികൾ ആസ്വദിക്കാൻ സന്ദർശകർക്ക് പ്രവേശനം പൂർണ്ണമായും സൗജന്യമാണെങ്കിലും webook.com എന്ന വെബ്‌സൈറ്റ് വഴിയോ ആപ്പിലൂടെയോ മുൻകൂട്ടി ടിക്കറ്റ് എടുത്തുവേണം എത്തിച്ചേരാൻ. സ്വദേശികളും വിദേശികളും ഉൾപ്പടെ പതിനായിരങ്ങളാണ് ഈ ദിവസങ്ങളിൽ പരിപാടികൾ ആസ്വദിക്കാനൊഴുകിയെത്തുക.
മുൻവർഷങ്ങളിലേപ്പൊലെ ഒരാഴ്ചയിലധികം നീളുന്ന ഇന്ത്യയുടെ ദിവസങ്ങളിൽ ഏറെ ആളുകൾ ഇത്തവണയും ഏത്തിച്ചേരുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. റിയാദിലുള്ള ഇന്ത്യൻ സമൂഹമപ്പാടെ ഈ ദിവസങ്ങളിൽ ഇവിടേക്ക് എത്തിച്ചരും. സൗദിയിൽ ഇന്ത്യക്കാരുടേയും പ്രത്യേകിച്ച് മലയാളികളുടേയും ഒട്ടനവധി കലാ, കായിക, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സംഘടനകളും സംസ്ഥാന, ജില്ല, പ്രാദേശിക കൂട്ടായ്മകളും പ്രവർത്തിക്കുന്നുണ്ട്. സുവൈദി പാർക്കിലേക്ക് പ്രവേശനം സൗജന്യമാകുന്നതുകൊണ്ട് വൈകുന്നേരങ്ങളിൽ ജോലികഴിഞ്ഞെത്തുന്ന സാധാരണക്കാരായ കലാ ആസ്വാദകരായ പ്രവാസികളുടെ കേന്ദ്രമായിമാറും ഈ ദിനങ്ങൾ.