മീസാൻ കല്ലിനോട് പറഞ്ഞ കഥകളുമായി ഫൗസിയ മമ്മു എത്തുന്നു
Mail This Article
ഷാർജ ∙ അനുഭവങ്ങളാണ് പലരെയും ജീവിതത്തിൽ മുന്നോട്ട് നയിക്കുന്നത്. പ്രത്യേകിച്ച്, മനസിൽ സർഗാത്മകതയുടെ വെള്ളിവെളിച്ചമുള്ളവർ. അക്ഷരങ്ങളാകുന്ന, സാഹിത്യമാകുന്ന ആ പ്രകാശം ലോകത്തിന് തന്നെ നന്മയുടെ വഴി തുറന്നുകൊടുക്കുമ്പോൾ ഒാരോ എഴുത്തുകാരനും ധന്യനാകുന്നു. ഫൗസിയ മമ്മു എന്ന എഴുത്തുകാരി മനസ്സെന്ന നിഗൂഢലോകത്തിൻ്റെ ഉള്ളറകളിലേയ്ക്ക് ഇറങ്ങിച്ചെല്ലുകയാണ് 'മീസാൻ കല്ലിനോട് കഥ പറയുമ്പോൾ' എന്ന കഥാസമാഹാരത്തിലൂടെ. നവംബർ 6 മുതൽ 17 വരെ ഷാർജ എക്സ്പോ സെൻ്ററിൽ നടക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശിപ്പിക്കുന്ന തൻ്റെ പുസ്തകത്തെ കഥാകാരി പരിചയപ്പെടുത്തുന്നു.
∙ പുസ്തകത്താളുകളിലെ നിറച്ചാർത്ത്
എന്താണെന്നറിയില്ല, പറയുന്നതൊന്നും കേൾക്കാൻ മനസ്സ് കൂട്ടാക്കുന്നില്ല. എവിടെയൊക്കയോ എന്നെ കൂട്ടിക്കൊണ്ട് പോകുന്നുണ്ട്. നിറക്കാഴ്‌ചകളും അനുഭവങ്ങളുടെ ആരവുമായി ചിത്ര ശലഭങ്ങൾ ഹൃത്തിൽ പറന്നു കളിക്കുന്നു. ബന്ധങ്ങളുടെ കെട്ടു വലയത്തിൽ അകപ്പെട്ട എനിക്ക് വേറിട്ട ചിന്തകളിൽ ദർശനം നടത്തിയെങ്കിലും ഒന്നുമില്ലാത്ത വെള്ളക്കടലാസും അതിന് മുകളിൽ തൂലികയുമിരുന്ന് എന്നോട് കെഞ്ചുകയായിരുന്നു. ഒളിഞ്ഞിരിക്കുന്ന എന്നെ കണ്ടുപിടിച്ച ആഹ്ളാ ദമായിരുന്നു വിരിയാൻ വിതുമ്പി നിൽക്കുന്ന അക്ഷരക്കൂട്ടങ്ങൾക്ക്. അങ്ങനെ ഇരുപത്തിയൊന്ന് പേരുടെ കഥകൾ പറഞ്ഞു എന്റെ “ഞാനെന്ന നോവ്“.
വളരെ യാദൃച്ഛികമായാണ് മീസാൻ കല്ലിനോട് കഥ പറഞ്ഞു തുടങ്ങിയത്. സ്വയം മിണ്ടി തുടങ്ങിയപ്പോൾ ഏകാന്തതയുടെ ഞെരുക്കത്തിൽ വിളിക്കാതെ വന്ന അതിഥി മാടി വിളിക്കുന്നതായി തോന്നി. ഇരുട്ടറയിൽ എങ്ങനെ എന്നുള്ള ചിന്തയിൽ ഇനി ആരും കൂട്ടിനു ഉണ്ടാകില്ലെന്നും മറവി മനുഷ്യന് നൽകുന്ന വലിയൊരു ഉപഹാരമാണെന്നും ഉപഹാരം സ്വീകരിക്കുന്നതിനു മുൻപ് മീസാൻ എന്നു പേരിട്ടു രാജാവിന്റ കിരീടം ധരിപ്പിച്ചു അവകാശിയുടെ പേരതിൽ കൊത്തി വച്ചു ഇനി ഒരിക്കലും വരേണ്ടയിടം മാറിപ്പോകില്ലെന്ന വാഗ്ദാനം നൽകി തിരിച്ചു പോകുമ്പോൾ പിന്നീട് തലക്കും ഭാഗത്തു നന്മയും തിന്മയുമായി ഞെളിഞ്ഞിരിക്കുന്ന കല്ല് മാത്രമായി മീസാൻ കൂട്ടിരിക്കുന്നു.
എന്നാൽ ഇഹത്തിൽ നാമൊരു പ്രകാശമാണെന്നും ജന്മ സാഫല്യത്തിന്റെ ഓർമകൾ തുടരുമ്പോൾ വന്നു തളരുന്ന പ്രിയപ്പെട്ടവർക്കും കല്ലാണെങ്കിൽ കൂടി മീസാൻ കൈകൾക്ക് താങ്ങായി നിൽക്കുന്നതും മനസ്സിൽ എവിടെയോ തറച്ചു നിന്നു. എപ്പോഴും എഴുതിത്തുടങ്ങുമ്പോൾ സ്വയം കഥാപാത്രമായി മാറുകയാണ് പതിവ്. കഥാപാത്രങ്ങളെ സൃഷ്ടിച്ചു അതിലൂടെ ആഴ്ന്നിറങ്ങി എഴുതുമ്പോൾ തളം കെട്ടി നിർത്താൻ കഴിയാതെ മഷി പുരണ്ടിട്ടുണ്ട് മീസാൻ കല്ലിനോട് കഥ പറയുമ്പോൾ എന്ന എന്റെ ഈ കഥാ സമാഹാരത്തിൽ. ജീവിച്ചിരിക്കുമ്പോൾ സമ്പാദിച്ചു കൂട്ടിയ വെളിച്ചത്തിൽ അറിയാതെ തിരുമ്മി കയറ്റുന്ന തിന്മകൾ മരണത്തോടെ കെട്ടു പോയില്ലെങ്കിൽ പിന്നെ അവിടം കുറ്റാകുറ്റിരുട്ടാണ്.
പോകുന്നിടങ്ങളിലൊക്കെ ചരടിൽ തൂങ്ങിയാടി ഉല്ലസിച്ചു നടക്കുന്നതിനിടയിൽ മുറിച്ചിട്ട് പുറത്തു കടക്കുന്ന ബന്ധത്തിൽ കരഞ്ഞു കൊണ്ട് നീ വരുമ്പോൾ നെഞ്ചോരം ചേർത്തു പിടിക്കാൻ ഈ ലോകം ഉണ്ടായിരുന്നു. എപ്പോഴാണെന്നറിയാതെ, വരുമ്പോൾ വാക്ക് കൊടുത്തിരുന്നു. വിളിച്ചാൽ മതി തിരിച്ചു വരാമെന്ന്. ഇഷ്ടമല്ലെങ്കിൽ കൂടിയും വാക്ക് പാലിക്കപ്പെടുമെന്നുള്ളത് സത്യമാണ്. അത് കൊണ്ട് തന്നെ എന്റെ പ്രിയപ്പെട്ടവർക്കായ് ജീവന്റെ തുടിപ്പ് ബാക്കി വച്ചു പോകണമെന്നൊരാഗ്രഹം. ഞാനില്ലെങ്കിലും എന്നെ വായിക്കപ്പെടണം. കുസൃതി തർക്കമായിട്ടല്ല. ഫൗസിയ മമ്മൂ നേർ കാഴ്ചയായിരുന്നു. ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത കുറേ കഥാ പാത്രങ്ങളായി വർഷങ്ങൾ കഴിയുന്തോറും ജീവിക്കണം, എഴുത്തെന്ന ഭാണ്‌ഡവും പേറി.
∙ എഴുത്തുകാർക്ക് സ്വന്തം പുസ്തകം പരിചയപ്പെടുത്താം
നവംബർ ആറിന് ആരംഭിക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേള 2024ൽ പ്രകാശനം ചെയ്യുന്ന പ്രവാസികളുടെ പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്താൻ ഇപ്രാവശ്യവും മനോരമ ഒാൺലൈൻ അവസരമൊരുക്കുന്നു.എന്താണ് പുസ്തകത്തിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്, എഴുത്തിന് പിന്നിലെ അനുഭവങ്ങൾ സഹിതം 500 വാക്കുകളിൽ കുറയാതെ സ്വന്തം പുസ്തകം പരിചയപ്പെടത്താം. അതോടൊപ്പം, പുസ്തകം പ്രകാശനം ചെയ്യുന്ന തിയതി, സമയം എന്നിവയുമെഴുതാം. പുസ്തകത്തിന്റെ കവർ (jpeg ഫയൽ), രചയിതാവിന്റെ 5.8 x 4.2 സൈസിലുള്ള പടം (പാസ്പോർട് സൈസ് സ്വീകാര്യമല്ല) എന്നിവ *mynewbook.sibf@gmail.com* എന്ന മെയിലിലേയ്ക്ക് അയക്കുമല്ലോ. സബ്ജക്ടിൽ My BOOK@SIBF 2024 എന്ന് എഴുതാൻ മറക്കരുതേ. കൂടുതൽ വിവരങ്ങൾക്ക്: ഇ– മെയിൽ- mynewbook.sibf@gmail.com, 0567 371 376 (വാട്സാപ്)