ADVERTISEMENT

ദുബായ് ∙ ഗൾഫ് ഇൻഫർമേഷൻ ടെക്നോളജി എക്സിബിഷന് (ജൈറ്റക്സ് ഗ്ലോബൽ) ദുബായ് വേൾഡ് ട്രേഡ് സെന്ററി(ഡിഡബ്ലിയുടിസി)ൽ തുടക്കമായി. ലോകത്തിലെ ഏറ്റവും വലിയ ടെക്, സ്റ്റാർട്ട്-അപ്പ് ഇവന്‍റ് കൂടിയായ ജൈറ്റക്സ് ദുബായിലെ രണ്ട് വേദികളിൽ ഒരേ സമയമാണ് നടക്കുന്നത്. ഡിഡബ്ലിയുടിസിയിൽ ഈ മാസം 14 മുതൽ 18 വരെയും ദുബായ് ഹാർബറിൽ 13 മുതൽ 16 വരെയും.

അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ജൈറ്റക്സ് ഗ്ലോബൽ പ്രദർശനത്തിൽ അഞ്ഞൂറിലേറെ പരിപാടികളാണ് അരങ്ങേറുന്നത്. 24 ലക്ഷം സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷ. ഹാർബറിൽ നടക്കുന്ന പ്രദർശനത്തിൽ 100 രാജ്യങ്ങളിൽ നിന്നുള്ള 1800 സ്റ്റാർട്ടപ്പുകൾ പ്രദർശിപ്പിക്കുന്നു. 30 രാജ്യങ്ങളിൽ നിന്ന് ആയിരം നിക്ഷേപകരും 5,000 സംരംഭകരുമെത്തും. ലോകമെമ്പാടുമുള്ള സാങ്കേതിക കണ്ടുപിടിത്തങ്ങളും വ്യാവസായിക-ബിസിനസ്-ഡിജിറ്റൽ ഇക്കോ സിസ്റ്റത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന ശ്രദ്ധേയ സൊല്യൂഷനുകളും ഇവിടെ പ്രദർശിപ്പിക്കുന്നു.

നിര്‍മിത ബുദ്ധി( ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് –എഐ), സൈബർ സുരക്ഷ, സംരംഭങ്ങളുടെ ഡിജിറ്റൽ പരിവർത്തന യാത്രകൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാകും ഈ വർഷത്തെ പ്രദർശനമെന്ന് സംഘാടകർ അവകാശപ്പെട്ടു.

'ഭാവി എഐ സമ്പദ് വ്യവസ്ഥ രൂപപ്പെടുത്താനുള്ള ആഗോള സഹകരണം' എന്നതാണ് ഈ വർഷത്തെ ജൈറ്റക്സ് പ്രമേയം. നിർമിത ബുദ്ധി എന്നത് ഇന്ന് പുരോഗതിയുടെ പ്രധാന ഘടകമാണെന്നും അതിന്‍റെ മുഴുവൻ സാധ്യതകളും പുറത്തെടുക്കുന്നതിന് അതിർത്തികളും വ്യവസായങ്ങളും മേഖലകളും കടന്നുള്ള സഹകരണം ആവശ്യമാണ് എന്നുമാണ് ഈ പ്രദർശനം മുന്നോട്ടു വയ്ക്കുന്ന സന്ദേശമെന്ന് അധികൃതർ പറഞ്ഞു.

ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ ഇന്ന് ആരംഭിച്ച ജൈറ്റെക്‌സ് ഗ്ലോബലിൽ പങ്കെടുക്കാനെത്തിയവർ. ചിത്രം: മനോരമ
ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ ഇന്ന് ആരംഭിച്ച ജൈറ്റെക്‌സ് ഗ്ലോബലിൽ പങ്കെടുക്കാനെത്തിയവർ. ചിത്രം: മനോരമ

ഇന്ത്യയിൽ നിന്ന് 100-ലേറെ ഐസിടി കമ്പനികൾ
ഇന്ത്യൻ ഐസിടി കയറ്റുമതിക്കാരുടെ ഏറ്റവും വലിയ സംഘടനയായ ഇലക്‌ട്രോണിക്‌സ് ആൻഡ് കംപ്യൂട്ടർ സോഫ്റ്റ്‌വെയർ എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിലിന്‍റെ (ഇഎസ്‌സി) ബാനറിൽ 12 പവിലിയനുകളിലായി ഇന്ത്യയിൽ നിന്നുള്ള 100-ലേറെ ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി (ഐസിടി) കമ്പനികൾ ഗിടെക്‌സ് ഗ്ലോബലിൽ പങ്കെടുക്കുന്നു.  ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, സൈബർ സുരക്ഷ, മൊബിലിറ്റി, സുസ്ഥിര സാങ്കേതികവിദ്യകൾ, ഫിൻടെക്, ബാങ്കിങ് സൊല്യൂഷനുകൾ എന്നിവയുമായി ബന്ധപ്പെട്ട പരിഹാരങ്ങളും ഉപകരണങ്ങളും പ്രദർശിപ്പിച്ചിരിക്കുന്ന ഹൈടെക് ഉൽപ്പന്നങ്ങളിൽ ഉൾപ്പെടുന്നു.

ഇന്ത്യയുടെ ഡീപ് ടെക് കഴിവുകൾ പ്രദർശിപ്പിക്കുക എന്നതാണ് ഈ വർഷത്തെ പങ്കാളിത്തത്തിന്‍റെ ശ്രദ്ധാകേന്ദ്രമെന്ന്  ഇഎസ്‌സി ചെയർമാൻ വീർ സാഗർ പറഞ്ഞു. യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ പവിലിയൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ 3,600-ലേറെ ഡീപ് ടെക് സ്റ്റാർട്ടപ്പുകൾ ഉണ്ടെന്നും 480-ലേറെ സ്റ്റാർട്ടപ്പുകൾ 2023-ൽ സ്ഥാപിക്കുമെന്നും സാഗർ പറഞ്ഞു.

∙സുരക്ഷിത ഗതാഗതത്തിന് പദ്ധതികൾ
5 ദിവസത്തെ ജൈറ്റക്സ് ഗ്ലോബൽ 2024ൽ ആയിരക്കണക്കിന് സന്ദർശകർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഗതാഗത സംവിധാനം കുറ്റമറ്റതാണെന്ന് ഉറപ്പാക്കാൻ പദ്ധതികൾ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. മെട്രോ സേവനങ്ങൾ പതിവു പോലെ ലഭ്യമാകുമെന്നും യാത്രക്കാരുടെ എണ്ണം വർധിക്കുകയാണെങ്കിൽ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനുള്ള വ്യവസ്ഥകളോടെ, പരിപാടിയിലുടനീളം കാര്യക്ഷമമായ സേവനം ഉറപ്പാക്കുമെന്നും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി(ആർടിഎ)യിലെ ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി സിഇഒ ഹുസൈൻ അൽ ബന്ന പറഞ്ഞു.

ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ ഇന്ന് ആരംഭിച്ച ജൈറ്റെക്‌സ് ഗ്ലോബലിൽ പങ്കെടുക്കാനെത്തിയവർ. ചിത്രം: മനോരമ
ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ ഇന്ന് ആരംഭിച്ച ജൈറ്റെക്‌സ് ഗ്ലോബലിൽ പങ്കെടുക്കാനെത്തിയവർ. ചിത്രം: മനോരമ

300 വാഹനങ്ങൾക്ക് ശേഷിയുള്ള ഒരു സമർപ്പിത ടാക്സി ഏരിയ  വേദിക്ക് സമീപം പ്രവർത്തിക്കും. ഷട്ടിൽ ബസുകൾ മെട്രോ സ്റ്റേഷനും മാക്‌സ് സ്‌റ്റേഷനും ജൈറ്റക്സ് ഗ്ലോബൽ പാർക്കിങ് ഏരിയകൾക്കിടയിലും യാത്രക്കാരെ എത്തിക്കുമെന്നും വ്യക്തമാക്കി.  ഡിഡബ്ലിയുടിസി, ദുബായ് ഹാർബർ എന്നിവിടങ്ങളിൽ പ്രതീക്ഷിക്കുന്ന കനത്ത ഗതാഗതം ലഘൂകരിക്കാൻ പൊതുഗതാഗതം ഉപയോഗിക്കാൻ അധികാരികൾ അഭ്യർഥിച്ചു.

ദുബായ് ഇന്‍റലിജന്‍റ് ട്രാഫിക് സിസ്റ്റംസ് സെന്‍റർ വഴി ഓൺ-സൈറ്റ് ഓപറേഷൻ ടീമുമായി ഏകോപിപ്പിച്ച് തിരക്കേറിയ സമയങ്ങളിൽ ട്രാഫിക് തിരക്ക് അടിസ്ഥാനമാക്കി ട്രാഫിക് ലൈറ്റുകൾ നിരീക്ഷിക്കുകയും ക്രമീകരിക്കുകയും ചെയ്യും. തത്സമയം അപ്‌ഡേറ്റ് ചെയ്‌ത സ്മാർട്ട് ഡിജിറ്റൽ സൈനേജ് വേദിക്ക് ചുറ്റുമുള്ള ഇടങ്ങൾ നിറഞ്ഞിരിക്കുമ്പോൾ മെട്രോയും ബസുകളും ഉപയോഗിക്കാൻ സന്ദർശകരെ നയിക്കും. റോഡ് ഉപയോക്താക്കൾക്കായി  മുന്നറിയിപ്പും സന്ദേശങ്ങളും പ്രസിദ്ധീകരിക്കുമെന്നും അൽ ബന്ന കൂട്ടിച്ചേർത്തു.

ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ ഇന്ന് ആരംഭിച്ച ജൈറ്റെക്‌സ് ഗ്ലോബലിൽ പങ്കെടുക്കാനെത്തിയവർ. ചിത്രം: മനോരമ
ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ ഇന്ന് ആരംഭിച്ച ജൈറ്റെക്‌സ് ഗ്ലോബലിൽ പങ്കെടുക്കാനെത്തിയവർ. ചിത്രം: മനോരമ

രണ്ട് വേദികൾക്ക് സമീപവും 300 വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന പ്രത്യേക ടാക്സി ഏരിയയും ഉണ്ട്. അതേസമയം, ഷട്ടിൽ ബസുകൾ ഡിഡബ്ലിയുടിസി മെട്രോ സ്റ്റേഷനും മാക്സ് സ്റ്റേഷനും ഇടയിലും ജൈറ്റക്സ് ഗ്ലോബൽ പാർക്കിങ് ഏരിയകൾക്കിടയിലും യാത്രക്കാരെ എത്തിക്കുന്നു.  ഡിഡബ്ല്യു.ടിസിയിലും അൽ വസൽ ക്ലബ്, അൽ കിഫാഫ്, അൽ ജാഫിലിയ, ദുബായ് മാൾ എന്നിവയുൾപ്പെടെയുള്ള ഇതര സ്ഥലങ്ങളിലും സന്ദർശകർക്കായി ആയിരക്കണക്കിന് പാർക്കിങ് സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്. ഈ സ്ഥലങ്ങളിലേക്കും തിരിച്ചും ഷട്ടിൽ ബസുകൾ സന്ദർശകരെ എത്തിക്കുന്നു. പാർക്കിങ് ശേഷിയിലെത്തിയാൽ ഗതാഗതം വഴിതിരിച്ചുവിടാനും തിരക്കുള്ള സമയങ്ങളിൽ ഗതാഗത പ്രവാഹം നിയന്ത്രിക്കാനും പെട്ടെന്നുള്ള പദ്ധതികളുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

ജൈറ്റക്സ് ഗ്ലോബലിലേയ്ക്കുള്ള പ്രവേശനം
ജൈറ്റക്സ് ഗ്ലോബലിലേയ്ക്കും ഹാർബർ പ്രദർശനത്തിലേയ്ക്കുമുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നു. സന്ദർശകർക്ക് 550 ദിർഹമാണ് നിരക്ക്.

English Summary:

Gulf Information Technology Exhibition gets off to a grand start at Dubai World Trade Centre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com