ADVERTISEMENT

ഷാർജ ∙ പൊള്ളുന്ന ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയി കുറിക്കുന്ന ഓരോ വാക്കുകൾക്കും അതിന്‍റെ ചൂടും ചൂരുമുണ്ടാകും. അത് കഠിനമായ രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന ഒരാളുടേതാകുമ്പോൾ ആ തീക്ഷ്ണത അതുപോലെ വായനക്കാരിലേയ്ക്ക് പകർന്നേക്കാം. നൂറ്റാണ്ടിന്‍റെ രോഗമായ അര്‍ബുദത്തിൽ നിന്ന് മോചിതനായ യുഎഇയിലെ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ.എം.അബ്ബാസ്, ആശുപത്രിക്കിടക്കയിൽ വേദനകളോട് മല്ലടിക്കുമ്പോൾ അവയെ പരാജയപ്പെടുത്താൻ കൂട്ടുപിടിച്ചത് ജീവിതത്തിൽ എന്നും സാന്ത്വനമായിട്ടുള്ള എഴുത്തിനെയാണ്.

അന്ന് സമൂഹമാധ്യമത്തിലും മറ്റും പ്രസിദ്ധീകരിച്ച കുറിപ്പുകളും ലേഖനങ്ങളും അർബുദമേ നീ എന്ത് എന്ന പുസ്തകമായിരിക്കുന്നു. നവംബർ 6 മുതൽ 17 വരെ നടക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശിപ്പിക്കുന്ന പുസ്തകത്തെക്കുറിച്ചും എഴുത്തുവഴികളെക്കുറിച്ചും അബ്ബാസ് പറയുന്നു:

∙അർബുദമേ നീ എന്ത്
അർബുദ രോഗ ചികിത്സയിൽ പ്രധാനമായ കീമോതെറാപ്പി എന്താണെന്ന് പലർക്കുമറിയില്ല. അതിലെ മരുന്ന് പ്രയോഗം പല തരത്തിലാണ് .രോഗ തീവ്രത അനുസരിച്ചു രാസക്കൂട്ടിൽ ഏറ്റക്കുറച്ചിലുണ്ടാകും. എന്‍റെ രോഗം  ലിംഫോമ. കോഴിക്കോട് ആസ്റ്റർ മിംസിലായിരുന്നു ചികിത്സ. അതിനു മുമ്പ് ബർദുബായ് മെഡിയോറിൽ പ്രാഥമിക പരിശോധന നടന്നിരുന്നു. അവിടത്തെ ഡോക്ടർമാരാണ് വിശദ പരിശോധന നിർദേശിച്ചത്. ബയോപ്സി,പെറ്റ് സ്കാൻ എന്നിവയിലൂടെ  ലിംഫോമയാണെന്നു കണ്ടെത്തിയതായി മിംസ് ഓങ്കോളജി വിഭാഗം തലവൻ ഡോ. ഗംഗാധരൻ പറഞ്ഞു. ചികിത്സ തുടങ്ങുകയല്ലേ എന്ന് ചോദിച്ചു. എന്‍റെ മുമ്പിൽ വേറെ വഴികളില്ല.

പക്ഷേ, ആറ് മാസം ഇടവിട്ടു കീമോ തെറാപ്പി എന്ന് കേട്ടപ്പോൾ അൽപം ആശങ്കയായി. സജീവതയുടെ നൈരന്തര്യം നഷ്ടപ്പെടുകയാണല്ലോ ? ആറ് മാസം ആശുപത്രി വാസവും മരുന്നും ഒക്കെയായി എന്തായിത്തീരുമെന്നു പറയാൻ പറ്റില്ല. കോവിഡ്19 കാലത്തു രണ്ടാഴ്ച ദുബായിൽ തീവ്ര പരിചരണത്തിനു വിധേയമായതൊഴിച്ചു ജീവിതത്തിൽ നീണ്ട ആശുപത്രി  അനുഭവങ്ങളില്ല.

കീമോ തെറാപ്പി ആരംഭിക്കുന്നതിനു മുൻപ് മരുന്ന് നിരന്തരം  ദേഹത്തെത്തിക്കാൻ "പിക്ക് ലൈൻ "ഇടണം. കൈയ്യിലൂടെ നേരിയ കുഴൽ ശരീരത്തിൽ ഘടിപ്പിക്കുന്നതാണ് പിക്ക് ലൈൻ. ആ തുരങ്ക പാത ഞരമ്പിലൂടെ ഹൃദയ ഭാഗത്തേയ്ക്ക് കീമോയെന്ന രാസ സംയുക്തകങ്ങൾ എത്തിക്കും. ശരീരത്തിനകത്തെ അർബുദ കോശങ്ങളെ നശിപ്പിക്കാനാണത്.

ചെറിയ ബോംബ് വർഷങ്ങൾ എന്നും പറയാം .കുറഞ്ഞത് ആറ് മാസം,കീമോ തെറാപ്പി കാലഘട്ടം  അവസാനിക്കുന്നത് വരെ ലൈൻ ഊരരുത്. കൈക്ക് അധികം ഭാരം കൊടുക്കരുത്. എഴുത്തു കൊണ്ട്  ജീവിക്കുന്ന ഞാൻ എന്ത് ചെയ്യും ? വാർത്തകൾ, കഥകൾ, ഉറ്റവരുടെ ക്ഷേമാന്വേഷണങ്ങൾ ഒക്കെ എന്നെത്തേടി വന്ന് നിരാശയോടെ മടങ്ങിപ്പോകില്ലേ ?എങ്ങനെ എഴുതും ?

ആദ്യ കീമോതെറാപ്പി നാളുകളിൽ തന്നെ ആശങ്ക അസ്ഥാനത്തല്ലെന്നു മനസിലായി .കൈ ഒന്നനങ്ങിയാൽ പമ്പിങ് മെഷീൻ നിലയ്ക്കും  നിലവിളിക്കും .നഴ്സുമാർ ഓടിയെത്തും .ഓരോ കീമോതെറാപ്പി സെഷനിലും ആറ് ദിവസം ഇടതടവില്ലാതെ, രാപ്പകലന്യേ ശരീരത്തിനകത്തേക്കു മരുന്ന് പ്രവഹിച്ചു കൊണ്ടേയിരിക്കണം. വാട്ട്സ്ആപ്പ് സന്ദേശങ്ങൾക്ക് മറുപടി പോലും ദുഷ്കരം .എന്നാലും ഉറക്കമില്ലാത്ത രാത്രികളെ പരാജയപ്പെടുത്താൻ മൊബൈൽ ഫോണിൽ വിരലുകൊണ്ട് എന്തെങ്കിലുമൊക്കെ കുറിച്ചു കൊണ്ടിരുന്നു.

കെ.എം.അബ്ബാസ്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
കെ.എം.അബ്ബാസ്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

അവ ഫേസ്‌ബുക്കിൽ അർബുദമേ നീ എന്ത് എന്ന കുറിപ്പുകളായി രൂപാന്തരപ്പെട്ടു. ഞാൻ തന്നെ ചോദ്യങ്ങൾ ഉന്നയിച്ചു ,ഞാൻ തന്നെ ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിച്ചു. വായിക്കുന്നവർ ,എന്നോട് അനുതാപം പ്രകടിപ്പിച്ചു. ആറ് മാസം കഴിഞ്ഞപ്പോൾ എഴുതിയതൊക്കെ തുന്നിക്കൂട്ടി. കോഴിക്കോട് ഹരിതം ബുക്സ്  വേഗം പ്രസിദ്ധീകരിച്ചു. വായനക്കാർ ഭയക്കേണ്ടെന്നു കരുതി, തീവ്ര അനുഭവങ്ങളൊക്കെ വെട്ടിയാണ് പ്രസിദ്ധീകരിക്കാൻ കൊടുത്തത് .അർബുദത്തിന് ചികിത്സ ഫലപ്രദമാണെന്ന് ലോകരെ ബോധ്യപ്പെടുത്തുകയാണ് ലക്‌ഷ്യം .അപ്പോൾ ,ആളുകളെ  പിന്തിരിപ്പിക്കുന്ന ഘടകങ്ങൾ ഒഴിവാക്കണമല്ലോ. പുസ്തകം എന്തായോ എന്തോ ?അനുവാചകരാണ് പറയേണ്ടത് . ഷാർജ രാജ്യാന്തര പുസ്തകമേളയുടെ ആദ്യ ദിനമായ നവംബർ ആറ് ,ബുധൻ രാത്രി 8.30 ന് റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശനം.

നവംബർ ആറിന് ആരംഭിക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേള 2024ൽ പ്രകാശനം ചെയ്യുന്ന പ്രവാസികളുടെ പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്താൻ ഇപ്രാവശ്യവും മനോരമ ഓൺലൈൻ അവസരമൊരുക്കുന്നു. എന്താണ് പുസ്തകത്തിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്, എഴുത്തിന് പിന്നിലെ അനുഭവങ്ങൾ സഹിതം 500 വാക്കുകളിൽ കുറയാതെ സ്വന്തം പുസ്തകം പരിചയപ്പെടത്താം. അതോടൊപ്പം, പുസ്തകം പ്രകാശനം ചെയ്യുന്ന തിയതി, സമയം എന്നിവയുമെഴുതാം. പുസ്തകത്തിന്‍റെ കവർ(jpeg ഫയൽ), രചയിതാവിന്‍റെ 5.8 x 4.2   സൈസിലുള്ള പടം(പാസ്പോർട് സൈസ് സ്വീകാര്യമല്ല) എന്നിവ *mynewbook.sibf@gmail.com* എന്ന മെയിലിലേയ്ക്ക് അയക്കുമല്ലോ. സബ്ജക്ടിൽ My BOOK@SIBF 2024 എന്ന് എഴുതാൻ മറക്കരുതേ. കൂടുതൽ വിവരങ്ങൾക്ക്: ഇ– മെയിൽ-  mynewbook.sibf@gmail.com,  0567 371 376 (വാട്സാപ്പ്)

English Summary:

KM Abbas Arrives to Participate in the Sharjah International Book Fair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com