ADVERTISEMENT

ദുബായ് ∙ പേര് ബുദ്ധിമാൻ എന്നാണെങ്കിലും പഠിക്കാൻ ഏറെ പിന്നിലായിരുന്നെന്ന് യുഎഇയിലെ ഈ ഏക ബുദ്ധിമാൻ സമ്മതിക്കുന്നു. അതുകൊണ്ട് തന്നെ പത്താം ക്ലാസിൽ തോറ്റ് പഠനത്തോട് സലാം ചൊല്ലി. പിന്നീട് നാട്ടിൽ അല്ലറ ചില്ലറ ജോലി ചെയ്തു 20 വര്‍ഷം മുൻപ് പ്രവാസ ലോകത്തെത്തി. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഠുവില്‍ നിന്ന് കിലോമീറ്ററുകൾക്ക് അകലെയുള്ള ബാഗ് ലു എന്ന ഗ്രാമത്തിലായിരുന്നു ബുദ്ധിമാൻ ഥാപ്പ (45) ജനിച്ചത്. ആ ഗ്രാമത്തില്‍ സർവസാധാരണമായ പേരായിരുന്നു ബുദ്ധിമാൻ. വിളിക്കുമ്പോൾ ഇത്തിരി അഭിമാനമൊക്കെ മാതാപിതാക്കൾക്ക് തോന്നുന്ന പേര്. തന്റെ മകന് ആ പേരല്ലാതെ മറ്റെന്തിടാനാണ് എന്നായിരുന്നു ചിന്ത. എന്നാൽ, ആ നാട്ടിൽ ഈ പേര് ഒരു സാധാരണ പേര് പോലെ തന്നെയായിരുന്നു. പത്തിൽ തോറ്റപ്പോൾ പോലും ആരും ദേ ഒരു ബുദ്ധിമാൻ പോകുന്നു എന്ന് പറഞ്ഞ് കളിയാക്കിയിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു. 

എന്നാൽ, യുഎഇയിലെത്തി ഇന്ത്യക്കാരെ, പ്രത്യേകിച്ച് മലയാളികളെ പരിചയപ്പെടുന്ന സമയത്ത് പേര് പറയുമ്പോൾ പലരുടെയും മുഖത്ത് ചിരിപടരും. ശരിക്കും ബുദ്ധിമാൻ എന്ന് തന്നെയാണോ എന്നാണ് മിക്കവരുടെയും സംശയം. ദുബായ് മുഹൈസിന ലുലു വില്ലേജിലെ ലുലു ഹൈപ്പർമാർക്കറ്റിലാണ് വർഷങ്ങളായി ജോലി ചെയ്യുന്നത്. ബുദ്ധിമാൻ എന്ന് യൂണിഫോമിൽ ഇംഗീഷിലെഴുതി ഒട്ടിച്ചുവച്ചത് കാണുമ്പോൾ ഒന്നമ്പരക്കും; ശരിക്കും ബുദ്ധിമാന്‍ എന്നാണോ പേരെന്ന് ചിലർ ചോദിക്കും. നാട്ടിൽ ഏറെ പേർക്ക് ബുദ്ധിമാന്‍ എന്ന പേരുണ്ടെങ്കിലും യുഎഇയില്‍ നേപ്പാളികളുടെ പരിപാടികളിലൊന്നും ഇതുവരെ ആ പേരുകാരെ കണ്ടുമുട്ടിയിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു. ഭാര്യയും വിദ്യാർഥികളായ മൂന്ന് മക്കളും നാട്ടിലാണ്. മക്കൾക്ക് സാധാരണ പേരാണ് നൽകിയിരിക്കുന്നത്. രാധിക, രേണുക, മിഷൻ.

ദുബായ് മുഹൈസിന4ലെ ലുലു വില്ലേജിൽ ജോലിയിൽ വ്യാപൃതനായ ബുദ്ധിമാൻ ഥാപ്പ. ചിത്രം: മനോരമ.
ദുബായ് മുഹൈസിന4ലെ ലുലു വില്ലേജിൽ ജോലിയിൽ വ്യാപൃതനായ ബുദ്ധിമാൻ ഥാപ്പ. ചിത്രം: മനോരമ.

 ∙ സൗമ്യർ, വിശ്വസ്തർ; യുഎഇയിൽ ആറ് ലക്ഷത്തിലേറെ നേപ്പാളികൾ
ഏതാണ്ട് ആറ് ലക്ഷത്തിലേറെ നേപ്പാളികൾ എമിറേറ്റിൽ താമസിക്കുന്നുണ്ടെന്ന് അബുദാബിയിലെ നേപ്പാൾ എംബസിയുടെ കണക്കുകൾ പറയുന്നു. അതേസമയം, നോൺ-റസിഡന്റ് നേപ്പാളി അസോസിയേഷനും മറ്റ് നേപ്പാളി സംഘടനകളും പറയുന്നത് ഈ കണക്ക് ഏഴ് ലക്ഷമാണെന്നാണ്. ഏതായാലും അടുത്തകാലത്തായി യുഎഇയിൽ നേപ്പാളികളുടെ എണ്ണം ഏറെ വർധിച്ചിട്ടുണ്ട്. ഒട്ടേറെ യുവതീ യുവാക്കൾ സൂപ്പർ, ഹൈപ്പർ മാർക്കറ്റുകളിലും റസ്റ്ററന്റുകളിലും ജോലി തേടിയെത്തുന്നു. വളരെ സൗമ്യമായി മാത്രം പെരുമാറുന്ന ഇവർ ആർക്കും ശല്യമില്ലാതെ അവരുടെ ജോലിയിൽ വ്യാപൃതരാകുന്നു. കെട്ടിട നിർമാണം, സുരക്ഷാ ജീവനക്കാർ, വീട്ടുജോലി, ക്ലീനിങ് വിഭാഗത്തിലും നേപ്പാളികൾ സജീവമാണ്. അബുദാബിയിലാണ് ഏറ്റവും കൂടുതൽ നേപ്പാളികൾ താമസിക്കുന്നത്. എങ്കിലും യുഎഇയിലുള്ള  നേപ്പാൾ സ്വദേശികളിൽ പകുതിയോളം പേരും നിർമാണ ജോലികളിലാണ് ചെയ്യുന്നതെന്നാണ് റിപോർട്ട്. വിശ്വാസ്യതയ്ക്ക് പേരു കേട്ടവരായതുകൊണ്ട് സുരക്ഷാ മേഖലയിൽ നേപ്പാളികളെ നിയമിക്കാൻ കമ്പനികൾക്ക് താത്പര്യക്കൂടുതലാണ്. ഫിലിപ്പീൻസുകാരെ പോലെ രൂപവും സ്വഭാവവുമുള്ള നേപ്പാളികള്‍ യുഎഇയിൽ മാത്രമല്ല, ഇതര ഗൾഫ് രാജ്യങ്ങളിലും മലയാളികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലടക്കം ഉപജീവനമാർഗം കണ്ടെത്തിയിട്ടുണ്ട്. ദുബായിൽ നേപ്പാളി കോൺസുലേറ്റ് ഇല്ലാത്തതിനാൽ കോൺസുലർ സേവനങ്ങൾ അബുദാബിയിലാണ്.  

അബുദാബിയിലെ നേപ്പാളി സ്ഥാനപതികാര്യാലയം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.
അബുദാബിയിലെ നേപ്പാളി സ്ഥാനപതികാര്യാലയം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

 ∙ പൊതുമാപ്പ് 10,000 നേപ്പാളികൾക്ക് ഗുണകരമാകും
നിയമലംഘകരായി യുഎഇയിൽ താമസിക്കുന്ന വിദേശീയർക്ക് അവരുടെ താമസ രേഖകൾ നിയമപരമാക്കുന്നതിനോ, പിഴ കൂടാതെ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിനോ സെപ്റ്റംബർ ആദ്യം പ്രഖ്യാപിച്ച പൊതുമാപ്പ് നേപ്പാളികൾക്കും അനുഗ്രഹമായി. വിവിധ എമിറേറ്റുകളിൽ  ജോലി ചെയ്യുന്ന  ആയിരക്കണക്കിന് നേപ്പാളി കുടിയേറ്റ തൊഴിലാളികൾ പൊതുമാപ്പ് ഉപയോഗിച്ച് നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. പലരും പോകാനുള്ള തയാറെടുപ്പിലാണ്. അതിലുപരി ഒട്ടേറെപേർ പുതിയ ജോലി കണ്ടെത്തി വീസ മാറുകയും ചെയ്തുകൊണ്ടിരിക്കുന്നു. പൊതുമാപ്പ് 5,000 മുതൽ 10,000 വരെ നേപ്പാളികൾക്ക് പ്രയോജനപ്പെടുമെന്ന് യുഎഇയിലെ നേപ്പാള്‍ സ്ഥാനപതി തേജ് ബഹാദൂർ ഛേത്രി അഭിപ്രായപ്പെട്ടിരുന്നു.

English Summary:

Meet UAE'S 'Buddhiman' Thapa who Migrated from Kathmandu, Nepal to Middle East 20 years ago

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com