പൈലറ്റുമാരുടെ ധൈര്യം പരീക്ഷിക്കുന്ന വെല്ലുവിളി നിറഞ്ഞ രാജ്യാന്തര മത്സരം; ആദ്യമായി വിജയക്കൊടി പാറിച്ച് ഇന്ത്യക്കാരി; പുതുചരിത്രം
Mail This Article
വെല്ലുവിളിക്ക് മുകളിലൂടെ വിമാനം പറത്തി സ്നേഹ ഭാസ്കരൻ സ്വന്തമാക്കിയത് അപൂർവ നേട്ടം. ന്യൂസീലന്‍ഡിലെ വെല്ലുവിളി നിറഞ്ഞ എയർക്രാഫ്റ്റ് പറത്തൽ മത്സരത്തില്‍ വിജയിയായിരിക്കുകയാണ് ഇന്ത്യയില്‍ നിന്നുള്ള പൈലറ്റ് സ്നേഹ. ന്യൂസീലന്‍ഡ് അസോസിയേഷന്‍ ഓഫ് വിമന്‍ ഇന്‍ ഏവിയേഷന്റെ വാര്‍ഷിക മത്സരത്തിലാണ് തമിഴ്നാട് സ്വദേശിനിയായ സ്നേഹ ഭാസ്കരൻ മൊറേന്‍ സോൾനിയർ റാലി ട്രോഫി കരസ്ഥമാക്കിയത്. ആദ്യമായാണ് ഒരു ഇന്ത്യൻ പൈലറ്റ് രാജ്യാന്തര നേട്ടം സ്വന്തമാക്കുന്നത്.
∙ മൊറേന്‍ സോൾനിയർ റാലി ട്രോഫി
ഭൂട്ടാൻ, ഓസ്ട്രേലിയ തുടങ്ങിയ നിരവധി രാജ്യങ്ങളിൽ നിന്നുള്ളവർ മത്സരത്തിൽ പങ്കെടുത്തിരുന്നു. 2500 അടി ഉയരത്തിൽ വച്ച് എഞ്ചിൻ ഓഫാക്കി കൃത്യസ്ഥലത്ത് എയർക്രാഫ്റ്റ് ലാൻഡ് ചെയ്യിക്കുന്നതാണ് മത്സര രീതി. പൈലറ്റുമാരുടെ ധൈര്യം പരീക്ഷിക്കുന്ന വെല്ലുവിളി നിറഞ്ഞ മത്സരമാണിത്. റൺവേയിലെ നിശ്ചിത ഗ്രിഡിൽ വിമാനത്തിന്റെ ചക്രങ്ങൾ കൃത്യമായി സ്‌പർശിക്കണമെന്നതും നിബന്ധനയാണ്. ഒമാരുവിലെ ന്യൂസീലൻഡ് എയർലൈൻ അക്കാദമിയിൽ 2023 ജനുവരിയിലാണ് കൊമേഷ്യൽ പൈലറ്റ് ട്രെയ്നിയായി സ്നേഹ പ്രവേശനം നേടിയത്. ട്രെയ്നിങ് പൂർത്തിയാക്കിയവരാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
∙ നേട്ടം കൈവരിച്ച ഏക ഇന്ത്യക്കാരി
വെല്ലുവിളി നിറഞ്ഞ മത്സരത്തിൽ അപൂർവ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരിയായിരിക്കുകയാണ് സ്നേഹ. 1963 മുതൽ നടക്കുന്ന മത്സരത്തിൽ ആദ്യമായാണ് ഇന്ത്യൻ വനിത നേട്ടം സ്വന്തമാക്കുന്നത്. കൃത്യത, വൈദഗ്ധ്യം, സമ്മർദ്ദത്തിന് അടിമപ്പെടാതെ പ്രവർത്തിക്കാനുള്ള കഴിവ് എന്നിവ എഞ്ചിൻ ഓഫാക്കി വിമാനം ലാൻഡ് ചെയ്യുന്നതിന് ആവശ്യമാണ്. വ്യോമയാന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ഇത്തരത്തിലുള്ള പ്രായോഗിക കഴിവുകള്‍ ആവശ്യമാണ്.
∙ ട്രോഫി നേടിയതിൽ സന്തോഷമെന്ന് സ്നേഹ
മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതിൽ അതിയായ സന്തോഷം ഉണ്ട്. അവർ എന്നെ രാജ്യാന്തര വിദ്യാർഥിനിയായി മാത്രം കണ്ടില്ല. 1963 മുതൽ നടക്കുന്ന മത്സരത്തിൽ വിജയിക്കാൻ സാധിച്ചതിലും ട്രോഫിയിൽ തന്റെ പേര് രേഖപ്പെടുത്തി കാണുന്നതിലും വളരെ സന്തോഷമുണ്ടെന്ന് സ്നേഹ പറയുന്നു. ജനുവരി മുതൽ ഒമാരുവിലെ ന്യൂസീലന്‍ഡ് എയർലൈൻ അക്കാദമിയിൽ പരിശീലനം നേടുന്ന സ്നേഹ, അവസാന പരീക്ഷ പൂർത്തിയാക്കിയ ശേഷം ഓഗസ്റ്റിൽ കൊമേഷ്യൽ പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയിരുന്നു.
∙ ഇന്ത്യൻ ലൈസൻസ് നേടാൻ ആഗ്രഹം
സ്നേഹയ്ക്ക് ചെറുപ്പം മുതലേ പൈലറ്റ് ആകാനായിരുന്നു ആഗ്രഹം. ശാസ്ത്ര പഠനത്തിലും താൽപ്പര്യമുണ്ടായിരുന്നു. ജനിതക എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയതിനുശേഷമാണ് കൊമേഷ്യൽ പൈലറ്റാകാനുള്ള അവളുടെ സ്വപ്നത്തിന് ജീവൻ നൽകിയത്. "സ്ത്രീ എന്ന നിലയിൽ പൈലറ്റാകാനുള്ള സ്വപ്നം സാക്ഷാത്കരിക്കുന്നത് വളരെ സന്തോഷകരമായ കാര്യമാണ്. സ്ത്രീകൾ മാനസീകവും വൈകാരികവുമായ സമ്മർദ്ദത്തെ നന്നായി നിയന്ത്രിക്കുന്നു ഒരു പൈലറ്റിന് വളരെ വിലപ്പെട്ട ഗുണമാണിത്." സ്നേഹ പറയുന്നു. അച്ഛനും അമ്മയും രണ്ടു സഹോദരങ്ങളും അടങ്ങുന്നതാണ് സ്നേഹയുടെ കുടുംബം. തമിഴ്നാട് താംമ്പരം സ്വദേശിനിയാണ്.
∙ ലോകത്തിലെ ഏറ്റവും മികച്ച വ്യോമയാന പരിശീലനം ന്യൂസീലന്‍ഡിൽ
വാണിജ്യ പൈലറ്റ് ലൈസൻസിനായി പരിശീലനം നേടുന്നതിനുള്ള മികച്ച ഇടങ്ങളിൽ ഒന്നാണ് ന്യൂസീലൻഡ്. ഇവിടുത്തെ വ്യോമയാന പരിശീലനവും വളരെ മികച്ചതാണ്. ന്യൂസീലന്‍ഡിന്റെ വൈവിധ്യമാർന്ന ഭൂപ്രകൃതിയും കാലാവസ്ഥയും വിദ്യാർഥികളെ ആത്മവിശ്വാസമുള്ള പൈലറ്റുമാരായി മാറാൻ സഹായിക്കുന്നു. ആകാശത്ത് നിന്ന് ന്യൂസീലന്‍ഡിന്റെ മനോഹര ദൃശ്യഭംഗി ആസ്വദിക്കാനും അവസരം ലഭിക്കുന്നു. നമ്മുടെ നാട്ടിൽ ടൂവിലർ, ഫോർവീലർ ലൈസൻസ് ഉള്ളത് പോലെയാണ് ന്യൂസീലൻഡിലുള്ളവർ പൈലറ്റ് ലൈസൻസ് സ്വന്തമാക്കുന്നതെന്ന് സ്നേഹയുടെ മലയാളിയായ സഹപാഠി പറയുന്നു. മികച്ച രീതിയില്‍ പൈലറ്റ് പരിശീലനം ലഭ്യമാക്കുന്ന ഇടങ്ങളിൽ ഒന്നാണ് ന്യൂസീലൻഡ്. ന്യൂസീലൻഡിൽ മുപ്പതിൽ ഒരാൾക്ക് വീതം പ്രൈവറ്റ് പൈലറ്റ് ലൈസൻസ് ഉണ്ടെന്നാണ് റിപ്പോർട്ട്. അതുപോലെ വീടുകളിലും എയർസ്ട്രിപ്പുകളുണ്ട്.