ഇന്തൊനീഷ്യൻ ആരാധകരുടെ സൈബർ ആക്രമണം: അപലപിച്ച് ബിഎഫ്എ
Mail This Article
മനാമ∙ 2026 ഫിഫ ലോകകപ്പിനുള്ള എഎഫ്‌സി ഏഷ്യൻ യോഗ്യതാ റൗണ്ടിന്‍റെ മൂന്നാം റൗണ്ടിൽ ഇന്തൊനീഷ്യയ്‌ക്കെതിരായ ബഹ്‌റൈന്‍റെ സമീപകാല മത്സരത്തിന് ശേഷം ഇന്തൊനീഷ്യൻ ആരാധകർ പ്രകടിപ്പിച്ച നിരുത്തരവാദപരവുമായ പെരുമാറ്റത്തെ ബഹ്‌റൈൻ ഫുട്‌ബോൾ അസോസിയേഷൻ (ബിഎഫ്എ) ശക്തമായി അപലപിച്ചു.
മത്സരത്തിന്‍റെ പശ്ചാത്തലത്തിൽ, ബഹ്‌റൈൻ ദേശീയ ടീമിലെ കളിക്കാർക്കെതിരെ അപമാനവും ഭീഷണിയും സൈബർ ആക്രമണവും ഉണ്ടായി, ഇത് കളിക്കാരുടെയുംജീവനക്കാരുടെയും സുരക്ഷയെ പോലും ബാധിച്ചതായി ബിഎഫ്എ പറഞ്ഞു .
തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ്, സമൂഹ മാധ്യമ അക്കൗണ്ടുകൾ, കറസ്‌പോണ്ടൻസ് സംവിധാനങ്ങൾ എന്നിവ ഹാക്ക് ചെയ്യപ്പെടുകയും മോശമായ അഭിപ്രായപ്രകടനങ്ങളും ഭീഷണികളും നിറഞ്ഞതായും അസോസിയേഷൻ വെളിപ്പെടുത്തി. ബഹ്‌റൈൻ കളിക്കാരുടെയും ആരാധകരുടെയും സ്വകാര്യ അക്കൗണ്ടുകൾ ലക്ഷ്യമിട്ടായിരുന്നു ഈ നടപടികൾ. ഇത്തരം പ്രവർത്തനങ്ങൾ കായികമേഖലയ്ക്കും ഫുട്‌ബോളിന്‍റെ മൂല്യങ്ങൾക്കും വിരുദ്ധമാണെന്ന് ബിഎഫ്എ അറിയിച്ചു. ജക്കാർത്തയിൽ നടക്കാനിരിക്കുന്ന എവേ മാച്ച് മാറ്റാൻ ബിഎഫ്എ ഫിഫയോട് അഭ്യർഥിച്ചു.
മത്സരം ഇന്തൊനീഷ്യയിൽ നടന്നാൽ ദേശീയ ടീമിന്‍റെ സുരക്ഷ അപകടത്തിലാകുമെന്ന് അസോസിയേഷൻ ഭയപ്പെടുന്നു. കളിക്കാരുടെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ബിഎഫ്എ വ്യക്തമാക്കി.സമൂഹ മാധ്യമത്തിൽ ബഹ്‌റൈൻ കളിക്കാർക്ക് ലഭിച്ച വധഭീഷണിയിൽ ബി എഫ് എ ഞെട്ടൽ രേഖപ്പെടുത്തി. വിഷയം രാജ്യാന്തര മനുഷ്യാവകാശ, സംഘടനകളിലേക്കും മാധ്യമ ശ്രദ്ധയിൽ എത്തിക്കാൻ ഉദ്ദേശിക്കുമെന്നും ബി എഫ് എ വ്യക്തമാക്കി.