ADVERTISEMENT

ദുബായ് ∙ 2026-ൽ ദുബായിലെ ജനസംഖ്യ 40 ലക്ഷത്തിലെത്തുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എമിറേറ്റിന്‍റെ വിവിധ മേഖലകളിലുണ്ടായ വൻതോതിലുള്ള നിക്ഷേപങ്ങൾ പ്രതിശീർഷ വരുമാന വളർച്ചയെ ഉത്തേജിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തതാണ് ജനസംഖ്യാ വർധനവ് പ്രതീക്ഷിക്കുന്നതിന് കാരണമെന്ന് റിപ്പോർട്ടിൽ പറഞ്ഞു. 

മെച്ചപ്പെട്ട തൊഴിലവസരങ്ങൾക്കായി എമിറേറ്റിലേയ്ക്കുള്ള പ്രവാസി പ്രഫഷനലുകളുടെ ശക്തമായ ഒഴുക്കിൽ ദുബായിലെ ജനസംഖ്യ 2026 ൽ 40 ലക്ഷത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ആഗോള റേറ്റിങ് ഏജൻസി എസ് ആൻഡ് പിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 2024-ൽ എമിറേറ്റിന്‍റെ പ്രതിശീർഷ ജിഡിപി ഏകദേശം 38,000 ഡോളർ (1,39,460 ദിർഹം) ആയി കണക്കാക്കുന്നു. യുഎഇയുടെ മറ്റ് ഭാഗങ്ങളിൽ താമസിക്കുന്നവരെയും ജോലിക്കായി ദുബായിലേയ്ക്ക് എത്തുന്നവരെയും ഒഴികെ ജനസംഖ്യ 2023 വർഷാവസാനം 37 ലക്ഷത്തിലെത്തി. ദുബായിലെ മാക്രോ ഇക്കണോമിക് പ്രോസ്പെക്ട്സ് എങ്ങനെയാണ് രൂപപ്പെടുന്നത് എന്ന തലക്കെട്ടിൽ എസ് ആൻഡ് പി അനലിസ്റ്റുകൾ പറഞ്ഞു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

 പ്രാദേശിക സാമ്പത്തിക, വിനോദസഞ്ചാര, വ്യാപാര കേന്ദ്രമെന്ന നിലയിൽ ദുബായ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിവിധ മേഖലകളിൽ വൻതോതിലുള്ള നിക്ഷേപ ഒഴുക്ക് കണ്ടു. ഇത് ജിഡിപി വളർച്ചയ്ക്ക് കാരണമാവുകയും ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ഇത് ലോകമെമ്പാടുമുള്ള കോടീശ്വരന്മാരെ ദുബായിലേയ്ക്ക് ആകർഷിച്ചു. ഈ വർഷത്തിന്‍റെ ആരംഭം മുതൽ ദുബായിലെ ജനസംഖ്യ 1,34,000-ത്തിലേറെ വർധിച്ചു, ഒക്ടോബർ 16-ന് 3.789 ദശലക്ഷത്തിലെത്തി. 2021 ജനുവരി മുതൽ നഗരത്തിലെ ജനസംഖ്യ 3,78,000-ആയി വർധിച്ചു, പ്രധാനമായും വിദേശ പ്രഫഷനലുകളുടെയും തൊഴിലാളികളുടെയും നിക്ഷേപകരുടെയും കടന്നുകയറ്റമാണ് ഇതിന് കാരണമെന്ന് കരുതുന്നു.

ചിത്രം: മനോരമ
ചിത്രം: മനോരമ

ദുബായ്, അബുദാബി, ഷാർജ എന്നിവയ്‌ക്കൊപ്പം 2024 നും 2040 നും ഇടയിൽ സമ്പന്നരുടെ കുടിയേറ്റത്തിൽ 150 ശതമാനത്തിലേറെ വർധനവ് പ്രതീക്ഷിക്കുന്നു. മികച്ച 50 നഗരങ്ങളിൽ 15-ാം സ്ഥാനത്താണ് ദുബായ്. 212 ശതകോടീശ്വരന്മാരും 72,500 കോടീശ്വരന്മാരും.  കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ദുബായ് ഇക്കണോമിക് അജണ്ട ഡി33 യുടെ ഭാഗമായി അടുത്ത ദശകത്തിൽ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം ഇരട്ടിയാക്കാനും വിദേശ വ്യാപാരം 25.6 ട്രില്യൻ ദിർഹമായി വർധിപ്പിക്കാനും ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും എമിറേറ്റ് ലക്ഷ്യമിടുന്നു. 2023ലെ 3.3 ശതമാനം വളർച്ചയെത്തുടർന്ന് 2024-2027ൽ യഥാർഥ ജിഡിപി വളർച്ച ശരാശരി 3 ശതമാനത്തിനടുത്തായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

ചിത്രം: മനോരമ
ചിത്രം: മനോരമ

റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, സാമ്പത്തിക സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള സേവന മേഖല ദുബായിയുടെ വളർച്ചയെ നയിക്കും. യുഎഇ സാമ്പത്തിക പരിഷ്കാരങ്ങൾ ഇതിന് ശക്തിപകരും. ബിസിനസ് സൗഹൃദ നിയന്ത്രണങ്ങൾ, ലളിതമാക്കിയ വീസ വ്യവസ്ഥ, ദീർഘകാല റസിഡൻസി വീസകളുടെ വിജയം എന്നിവ ദുബായിലെ പുതിയ ബിസിനസുകൾക്ക് ഊർജം പകരുന്നത് തുടരുമെന്നും റിപ്പോർട്ടിൽ വിശദമാക്കി.

English Summary:

Dubai Population Set to Reach 4 Million by 2026, Report Says

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com