വാതിൽ തുറന്ന് ആഗോള ഗ്രാമം: 6 മാസം ആഘോഷം ‘ഗ്ലോബൽ’; 30 പവിലിയനുകൾ, 40,000ൽ അധികം വിനോദ പരിപാടികൾ
Mail This Article
ദുബായ് ∙ വിസ്മയ വിനോദങ്ങളും രൂചിക്കൂട്ടുകളും ഷോപ്പിങ്ങും സമ്മേളിക്കുന്ന ആഗോള ഗ്രാമത്തിനു വാതിൽ തുറന്നു. ഇനി ലോകം ഈ മണ്ണിൽ സമ്മേളിക്കും. ലോകോത്തര കലാകാരന്മാർ അവിസ്മരണീയ കലാപ്രകടനങ്ങളുമായെത്തും. ലോകോത്തര ഭക്ഷ്യ വിഭവങ്ങൾ അണിനിരന്നു കഴിഞ്ഞു.
വസ്ത്രങ്ങളും സൗന്ദര്യ വർധക വസ്തുക്കളും ഗൃഹാലങ്കാര വസ്തുക്കളും അടക്കം ഷോപ്പിങ്ങിനും എന്തെല്ലാം വിഭവങ്ങൾ. ഏതെല്ലാം രാജ്യങ്ങൾ, എവിടെ നിന്നെല്ലാം എത്തുന്ന ജനങ്ങൾ. 6 മാസം നീളുന്ന ആഘോഷത്തിനു ഗ്ലോബൽ വില്ലേജിൽ തുടക്കമായി.
ആകാശത്തു വർണപ്പെരുമഴ പെയ്യിച്ചു, പെരുമ്പറ കൊട്ടി ആഘോഷത്തോടെയായിരുന്നു തുടക്കം. വൈകിട്ട് 6നു ഗ്ലോബൽ വില്ലേജിന്റെ ഗേറ്റുകൾ തുറന്നപ്പോൾ ജനം ഇരച്ചുകയറി. ആയിരങ്ങൾ ആഗോള ഗ്രാമത്തിൽ അലിഞ്ഞുചേർന്നു.
ഗ്ലോബൽ വില്ലേജിന്റെ 29ാം സീസൺ ആണിത്. ഇത്തവണ 30 പവിലിയനുകളാണുള്ളത്. ഷോപ്പിങ് സ്ഥാപനങ്ങളുടെ എണ്ണം 3500. 250ൽ അധികം ലോകോത്തര ഭക്ഷ്യവിഭവങ്ങൾ ആസ്വദിക്കാം. പുതിയതായി റസ്റ്ററന്റ് പ്ലാസ തുറന്നു.
റൈഡുകളും ഗെയിമുകളും ഇത്തവണ 200ൽ അധികമാകും. ഏറ്റവും പുതിയ സ്റ്റണ്ട് ഷോയാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ചെറുതും വലുതുമായി 40,000ൽ അധികം വിനോദ പരിപാടികളാണ് ഗ്ലോബൽ വില്ലേജിൽ ഒരുക്കിയിരിക്കുന്നത്.
വൈകിട്ട് 4 മുതൽ രാത്രി 12 വരെയാണ് പ്രവർത്തന സമയം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാത്രി ഒന്നുവരെ പ്രവർത്തിക്കും. ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ ടിക്കറ്റിന് 25 ദിർഹമാണ് ഓൺലൈനിൽ നിരക്ക്. ഏതു ദിവസവും കയറാവുന്ന ടിക്കറ്റിന് 30 ദിർഹം.