വീസ കച്ചവടം: വനിതാ ഉദ്യോഗസ്ഥ അടക്കം ഏഴ് പേര്‍ക്ക് തടവും പിഴയും
Mail This Article
കുവൈത്ത് സിറ്റി ∙ വ്യാജരേഖ ചമയ്ക്കല്‍, വീസ കച്ചവടം, തുടങ്ങിയ കുറ്റങ്ങള്‍ക്ക് വനിത ഉദ്യോഗസ്ഥ അടക്കമുള്ള ഏഴ് പ്രതികളുടെ ശിക്ഷ അപ്പീല്‍ കോടതി ശരി വച്ചു. ഒന്നുമുതല്‍ നാലുവരെയുള്ള പ്രതികള്‍ അഞ്ചുവര്‍ഷത്തെ തടവ് ശിക്ഷയും 4,000 ദിനാര്‍ പിഴയുമാണ് ശിക്ഷ. വ്യാജ രേഖകള്‍ പ്രകാരം റസിഡന്‍സി കരസ്ഥമാക്കിയിട്ടുള്ള 7, 8, 9 എന്നീ പ്രതികള്‍ക്ക് ഒരു വര്‍ഷം തടവ് ശിക്ഷയുമാണ് അപ്പീല്‍ കോടതിവിധിച്ചത്. കൗണ്‍സിലര്‍മാരായ നസര്‍ സലേം അല്‍-ഹൈദ്, സൗദ് അല്‍ സനിയ, താരിഖ് മെത്വാലി എന്നിവരടങ്ങുന്ന ബഞ്ചിന്റെയാണ് വിധി.
വനിത ഉദ്യോഗസ്ഥയെ കൂടാതെ സ്ഥാപന ഉടമ, ജീവനക്കാര്‍, സ്ഥാപനത്തില്‍ നിന്ന് റസിഡന്‍സി വാങ്ങിയവര്‍ക്കുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. ഒന്നാം പ്രതിയായ വനിത ഉദ്യോഗസ്ഥ, വഴിവിട്ട സേവനങ്ങള്‍ ചെയ്തു നല്‍കിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.
രണ്ടു തൊഴിലാളികള്‍ക്ക് മാത്രം വീസ ലഭിക്കാന്‍ അനുവാദമുള്ള സ്ഥാപനത്തിന് പത്തുപേരുടെ ക്വാട്ടാ അനുവദിച്ചത് അടക്കമുള്ള കുറ്റമാണ് ചാര്‍ത്തിയത്. സ്ഥാപന ഉടമയില്‍ നിന്ന് 2000 ദിനാര്‍ ബാങ്ക് ഇടപാട് വഴി ഈടാക്കിയത് കണ്ടെത്തിയിട്ടുണ്ട്. രണ്ടാം പ്രതി ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു. മൂന്നാംപ്രതി പണം നല്‍കി. നാലാംപ്രതി രേഖകള്‍ തിരുത്താനുള്ള സഹായങ്ങള്‍ ചെയ്തുകൊടുത്തു എന്നുമാണ് പ്രോസിക്യൂഷന്‍ വാദം.
വിദേശികള്‍ക്ക് റസിഡന്‍സി ഒന്നിന് 1,000 ദിനാര്‍ മുതല്‍ 1,500 ദിനാര്‍ വരെ വച്ചാണ് ഇവര്‍ കച്ചവടം നടത്തിയിരുന്നത്. 9 പ്രതികള്‍ ഉള്‍പ്പെട്ട കേസില്‍ ഒരാളെ കുറ്റവിമുക്തനാക്കി. ഒരു പ്രതിയ്ക്ക് 500 ദിനാര്‍ പിഴ വിധിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ, ക്രിമിനല്‍ കോടതി ഒന്നുമുതല്‍ നാലുവരെയുള്ള പ്രതികള്‍ക്ക് അഞ്ചുവര്‍ഷത്തെ തടവ് ശിക്ഷയും 4,000 ദിനാര്‍ പിഴയും വിധിച്ചിരുന്നു. പ്രസ്തുത വിധി അപ്പീല്‍ കോടതി നിലനിര്‍ത്തുകയും, ഒപ്പം വ്യാജ രേഖകള്‍ പ്രകാരം റസിഡന്‍സി കരസ്ഥമാക്കിയവര്‍ക്ക് കൂടെ ശിക്ഷവിധിക്കുകയായിരുന്നു.