ഒരാഴ്ചയ്ക്കിടെ യുഎഇ തടഞ്ഞത് 2 ലക്ഷം സൈബർ ആക്രമണങ്ങൾ
Mail This Article
അബുദാബി ∙ നവീന സാങ്കേതിക വിദ്യകളുടെ കുത്തൊഴുക്കിനൊപ്പം മേഖലയിൽ സൈബർ ആക്രമണങ്ങളും മൂന്നിരട്ടിയായി വർധിച്ചു. ഒരാഴ്ചയ്ക്കിടെ യുഎഇ തടഞ്ഞത് 2 ലക്ഷം സൈബർ ആക്രമണങ്ങൾ. സൈബർ ആക്രമണങ്ങൾ യഥാസമയം തടയുന്നതിൽ യുഎഇ വിജയിച്ചതിനാൽ കംപ്യൂട്ടർ ശൃംഖലകളെ ബാധിച്ചിട്ടില്ലെന്ന് യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ ചെയർമാൻ ഡോ. മുഹമ്മദ് ഹമദ് അൽ കുവൈത്തി പറഞ്ഞു. സാമ്പത്തിക മേഖലയുടെ കേന്ദ്രമായതിനാൽ അത്തരം ആക്രമണങ്ങളും ഇതിൽ ഉൾപ്പെടും. ദുബായിൽ നടക്കുന്ന ജൈടെക്സ് ഗ്ലോബലിലെ സെഷനിലാണ് ഇക്കാര്യങ്ങൾ ചർച്ചയായത്. യുഎസ്, മലേഷ്യ, പാരഗ്വായ്, യുകെ, സൈപ്രസ് എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും മന്ത്രിമാരും പാനൽ ചർച്ചയിൽ പങ്കെടുത്തു.
സൈബർ കുറ്റകൃത്യങ്ങൾക്കും ആക്രമണങ്ങൾക്കും എതിരായ യുഎഇയുടെ ശ്രമങ്ങൾക്ക് ആഗോള തലത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ പുറത്തിറക്കിയ ഗ്ലോബൽ സെക്യൂരിറ്റി ഇൻഡക്സ് 2024 അനുസരിച്ച് സൈബർ സുരക്ഷയിലെ മുൻനിര രാജ്യങ്ങളിൽ യുഎഇ ഇടംപിടിച്ചിരുന്നു. പുതിയ സാങ്കേതികവിദ്യ സ്വീകരിക്കുമ്പോൾ 3 തരത്തിലുള്ള ഭീഷണി മുന്നിൽ കണ്ട് പ്രതിരോധ നടപടിയെടുക്കണം.
നിത്യജീവിതവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ജാഗരൂകരാകണം. രാജ്യാന്തര സഹകരണം ശക്തിപ്പെടുത്തി ഇത്തരം ഭീഷണികളെ യുഎഇ നേരിടുകയാണ്. കൂട്ടായ പ്രവർത്തനങ്ങൾക്ക് ശക്തിപകരാൻ സൈബർ ജനീവ കൺവൻഷൻ സംഘടിപ്പിക്കണമെന്നും അൽ കുവൈത്തി ആവശ്യപ്പെട്ടു.
പുതിയ സാങ്കേതിക വിദ്യകൾക്കൊപ്പം നയങ്ങളും ഉറപ്പാക്കുന്നതിന് യുഎഇയിൽ സൈബർ സുരക്ഷാ തന്ത്രം പരിഷ്കരിക്കും. സൈബർ ആക്രമണം നിയന്ത്രിക്കുക, പ്രതിരോധിക്കുക, ആക്രമണങ്ങളിൽനിന്ന് സ്ഥാപനങ്ങളെയും വ്യക്തികളെയും രക്ഷിക്കുക തുടങ്ങി സമസ്ത മേഖലകളെയും സുരക്ഷിതമാക്കുന്നതിൽ ഊന്നിയാകും പരിഷ്കാരം.