ADVERTISEMENT

അബുദാബി ∙ നിയമലംഘകരായി രാജ്യത്ത് തുടരുന്ന വിദേശികൾ എത്രയും വേഗം പൊതുമാപ്പ് ഉപയോഗപ്പെടുത്തി താമസം നിയമവിധേയമാക്കുകയോ രാജ്യം വിട്ടു പോകുകയോ ചെയ്യണമെന്ന് യുഎഇ. അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനോ രേഖകൾ ശരിയാക്കി രാജ്യത്ത് തുടരാനോ നൽകിയ 2 മാസത്തെ പൊതുമാപ്പ് ഈ മാസം 31ന് അവസാനിക്കാനിരിക്കെയാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്, പോർട്ട്സ് ആൻഡ് കസ്റ്റംസിന്റെ (ഐസിപി-യുഎഇ) ഓർമപ്പെടുത്തൽ. 

ഇതുവരെ നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവർ കാലാവധി തീരും മുൻപ്  ആനുകൂല്യം പ്രയോജനപ്പെടുത്തണം. പൊതുമാപ്പിൽ രാജ്യം വിടുന്നവർക്ക് പുതിയ വീസയിൽ വരാൻ തടസ്സമില്ലെന്നും വ്യക്തമാക്കി. 

അതേസമയം പൊതുമാപ്പ് നീട്ടില്ലെന്നും നവംബർ ഒന്നു മുതൽ പരിശോധന ഊർജിതമാക്കുമെന്നും ഐസിപി ആവർത്തിച്ചു. പിടിക്കപ്പെടുന്നവർ വൻ തുക പിഴ അടയ്ക്കേണ്ടിവരും. കൂടാതെ ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തും. ഇത്തരക്കാർക്ക് പിന്നീട് യുഎഇയിലേക്കു വരാനാകില്ലെന്നും ഓർമിപ്പിച്ചു.

പൊതുമാപ്പിൽ രേഖകൾ ശരിയാക്കി യുഎഇയിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ ജോലി കണ്ടെത്താൻ ദുബായ് പൊതുമാപ്പ് കേന്ദ്രത്തിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. വീസ, എമിറേറ്റ്സ് ഐഡി, എസ്റ്റാബ്ലിഷ്മെന്റ് കാർഡ് എന്നിവയുടെ കാലാവധി കഴിഞ്ഞതിനുള്ള പിഴ പൊതുമാപ്പ് കാലയളവിൽ നൽകേണ്ട. വീസ റദ്ദാക്കാനും പുതിയ ജോലി കണ്ടെത്താനും രാജ്യം വിടാനും എക്സിറ്റ് പെർമിറ്റിനും ഫീസ് ഒഴിവാക്കിയിട്ടുണ്ട്. അബുദാബിയിൽ ഉള്ള നിയമലംഘകരാണെങ്കിൽ ആരോഗ്യ ഇൻഷുറൻസ് പിഴയിലും ഇളവുണ്ട്. ഇത്രയും ഇളവോടെ രാജ്യം നിരുപാധികം മാപ്പ് നൽകിയിട്ടും ആനുകൂല്യം ഉപയോഗപ്പെടുത്താതെ മാറി നിൽക്കുന്നത് ഗുരുതര കുറ്റകൃത്യമായി കണക്കാക്കുമെന്നും പറഞ്ഞു.

യുഎഇയിലെ ഐസിപി കേന്ദ്രങ്ങൾ, ദുബായ് അവീറിലെ പൊതുമാപ്പ് കേന്ദ്രം, ആമർ സെന്റർ, അംഗീകൃത ടൈപ്പിങ് സെന്റർ എന്നിവിടങ്ങളിൽ പൊതുമാപ്പിന് അപേക്ഷിക്കാം. ഐസിപി, ജിഡിആർഎഫ്എ വൈബ്സൈറ്റ്, സ്മാർട്ട് ആപ്പ് എന്നിവ വഴിയും അപേക്ഷ നൽകാം. ഇതുവരെ ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്താത്തവർ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എത്തി വിരലടയാളം നൽകി പൊതുമാപ്പിന് അപേക്ഷിക്കണം.

English Summary:

UAE Urges Foreigners to Take Advantage of Amnesty to Legalize Stay - UAE Amnesty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com