9 വർഷത്തെ കാത്തിരിപ്പിന് വിരാമിട്ട് സൗദിയ എയർലൈൻസ് കോഴിക്കോട് നിന്നും വീണ്ടും പറക്കും
Mail This Article
റിയാദ് ∙ 9 വർഷത്തെ കാത്തിരിപ്പിന് വിരാമിട്ട് സൗദിയ എയർലൈൻസ് കോഴിക്കോട് നിന്നും സൗദി അറേബ്യയിലേക്ക് വീണ്ടും പറന്നു തുടങ്ങുന്നു. ഡിസംബർ ആദ്യ ആഴ്ച മുതൽ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും റിയാദിലേക്ക് സർവീസുകൾ തുടങ്ങാനാണ് ധാരണയായിരിക്കുന്നത്. 2015 ലാണ് കോഴിക്കോട് നിന്നുമുള്ള സർവീസ് സൗദിയ എയർലൈൻസ് അവസാനിപ്പിച്ചത്.
20 ബിസിനസ് ക്ലാസ് സീറ്റുകളും, 160 ഇക്കണോമി സീറ്റുകളുമുള്ള വിമാനമായിരിക്കും കോഴിക്കോടിനും സൗദിക്കും ഇടയിൽ പറക്കുന്നത്. ബെംഗളൂരു, ചെന്നൈ,മുംബൈ,ഡൽഹി, ഹൈദരാബാദ്, ലക്നൗ, തിരുവന്തപുരം, കൊച്ചി എന്നീ സെക്ടറുകളിലേക്ക് സൗദിയ നിലവിൽ സർവീസ് നടത്തുന്നുണ്ട്.
കോഴിക്കോട് വിമാനത്താവള ഉപദേശകസമതി ചെയർമാൻ ഇ.ടി. മുഹമ്മദ് ബഷീർ എംപിയുടെ നേതൃത്വത്തിൽ കരിപ്പൂരിൽ സൗദിയ വിമാനകമ്പനിയുടെ ഉന്നത സംഘവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പുതിയ തീരുമാനം ഉണ്ടായത്. സൗദിയ എയറിന്‍റെ റീജനൽ ഓപ്പറേഷൻസ് മാനേജർ ആദിൽ മാജിദ് അൽ ഇനാദ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഏതാനും മാസങ്ങൾക്ക് മുൻപും ഇത് സംബന്ധിച്ച് വാർത്തകൾ വന്നിരുന്നു. ആഴ്ചയിൽ ഏഴ് സർവീസുകളാവും നടത്തുകയെന്നും റിയാദിലേക്ക് ആഴ്ചയിൽ നാലും ജിദ്ദയിലേക്ക് മൂന്ന് വീതവുമാണ് ആഴ്ച തോറും സർവീസ് നടത്തുക എന്നായിരുന്നു മുൻപ് സ്ഥിരീകരിക്കാത്ത വാർത്തകളുണ്ടായിരുന്നത്.
കോഴിക്കോട് വിമാനത്താവളത്തിന്‍റെ റൺവേ നവീകരണത്തിനോട് അനുബന്ധിച്ചുള്ള നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി 2015-ൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയതോടെയാണ് സൗദിയ എയർലൈൻസ് സർവീസ് അവസാനിപ്പിച്ചത്. പിന്നീട് 2020 ൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടതൊടെ വലിയ വിമാനങ്ങൾക്ക് ഇവിടേക്ക് വരുന്നതിന് വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. സൗദിയ എയർലൈൻസിന്‍റെ വലിയ വിമാനങ്ങൾ ഇവിടെ ലാൻഡ് ചെയ്യുന്നതോടെ എമിറേറ്റ്സ്, ഒമാൻ വിമാനങ്ങളും താമസിയാതെ കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള സർവീസ് പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.