ADVERTISEMENT

ദുബായ് ∙ ഇന്ത്യൻ പൗരന്മാർക്ക് രാജ്യത്ത് വീസ ഓൺ അറൈവൽ നൽകാനുള്ള  ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റിയുടെ നീക്കത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ച് യുഎഇയിലെ ട്രാവൽ ഏജന്റുമാർ. പുതിയ നിയമത്തിലൂടെ ട്രാവൽ ഏജന്റുമാരുടെ ബിസിനസിൽ 15 മുതൽ 17 ശതമാനം വരെ വളർച്ചയുണ്ടാകുമെന്നാണ് വിലയിരുത്തൽ. 

പുതിയ തീരുമാനത്തിലൂടെ യൂറോപ്പിലേക്കും യുകെയിലേക്കും യാത്ര ചെയ്യുന്ന പ്രവാസികൾക്ക് യുഎഇയിൽ സ്റ്റോപ്പ്‌ഓവർ ചെയ്യുന്നത് കൂടുതൽ എളുപ്പമാകും. വീസ നടപടിക്രമങ്ങൾ ലളിതമായതോടെ യാത്രാ സമയം കുറയുകയും സുഖകരമായ അനുഭവം നൽകുകയും ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.

യുഎഇയിൽ താമസിക്കുന്ന ബന്ധുക്കളെ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സൗകര്യം വളരെ ഉപകാരപ്രദമാണെന്ന് വിലയിരുത്തപ്പെടുന്നു. യുഎഇയിലെ വിനോദസഞ്ചാര മേഖലയുടെ കുതിപ്പിന് ഇന്ത്യൻ സഞ്ചാരികൾ നൽകുന്ന സംഭാവന വർധിക്കുന്നതിന് ഇത് കാരണമാകുമെന്ന് ട്രാവൽ ഏജൻസികൾ പ്രതീക്ഷിക്കുന്നു. 

വ്യാപാരികൾക്ക് യുഎഇയിലെ ബിസിനസ് പങ്കാളികളെ കണ്ടുമുട്ടാനും വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്താനും വീസ ഓൺ അറൈവൽ സഹായിക്കും. ഈ നടപടി ഇരു രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദ ബന്ധം ശക്തിപ്പെടുത്തിനും യുഎഇയുടെ സാമ്പത്തിക വളർച്ചയ്ക്ക്  സഹായകമാകുമെന്നാണ് റിപ്പോർട്ടുകൾ. 

വ്യാഴാഴ്ച പ്രഖ്യാപിച്ച നിയമമനുസരിച്ച് യുകെയിലേയ്ക്കും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേയ്ക്കും ടൂറിസ്റ്റ് വീസയുള്ള ഇന്ത്യൻ പൗരന്മാർക്ക് വീസ ഓൺ അറൈവൽ യുഎഇ നൽകും. മുൻപ് ഇത് യുഎസിലേയ്ക്ക് താമസ വീസയോ ടൂറിസ്റ്റ് വീസയോ ഉള്ളവർക്കും യുകെയിലും യൂറോപ്യൻ യൂണിയനി(ഇയു)ലും റസിഡൻസിയുള്ളവർക്കും മാത്രമേ ലഭ്യമായിരുന്നുള്ളൂ.

സാധാരണയായി ഇന്ത്യയിൽ നിന്നും യൂറോപ്യൻ യൂണിയനിലേക്കോ യുകെയിലേക്കോ യാത്ര ചെയ്യുന്ന ആളുകൾ പലപ്പോഴും യുഎഇ വഴിയായിരിക്കും യാത്ര ചെയ്യുന്നത്. നിലവിലെ നിയമത്തിന് കീഴിൽ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേയ്ക്കോ യുകെയിലേയ്ക്കോ യാത്ര തുടരുന്നതിന് മുൻപ് ഒന്നോ അതിലധികം ദിവസമോ യുഎഇ സന്ദർശിക്കാൻ അവസരമുണ്ട്. ഇങ്ങനെയുള്ള ട്രാൻസിറ്റ് യാത്രക്കാർക്കിടയിലായിരിക്കും ട്രാവൽ ഏജന്റുമാരുടെ സേവനം വർധിക്കുക. 

നവംബറിനും മാർച്ചിനുമിടയിലാണ് ഏറ്റവും കൂടുതൽ വിനോദസഞ്ചാരങ്ങൾ നടക്കുന്നത്. നിയമം പ്രാബല്യത്തിൽ വന്നത് ഏറ്റവും മികച്ച സമയത്താണെന്നാണ് ട്രാവൽ ഏജന്റുമാർ പറയുന്നത്. ഇതോടെ ബുക്കിങ്ങുകളുടെ എണ്ണം വർധിക്കാനാണ് സാധ്യത.

വീസ ഓൺ അറൈവൽ ലഭിക്കുന്നതിനായി അപേക്ഷകന്റെ വീസയ്ക്കും പാസ്‌പോർട്ടിനും കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുണ്ടായിരിക്കണം.  ഇന്ത്യൻ യാത്രക്കാർക്ക് 60 ദിവസത്തെ വീസയാണ് യുഎഇ നൽകുന്നത്.  250 ദിർഹമാണ് ഇതിന്റെ ചെലവ്.  

English Summary:

Travel agents in the UAE have welcomed the new UAE visa-on-arrival rule for Indians to help meet winter travel demand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com