ഗള്‍ഫ് മേഖലയിലെ വിപുലീകരണത്തിനായി ഭീമ ജ്വല്ലേഴ്‌സ് 100 കോടി ദിര്‍ഹം സമാഹരിക്കുന്നു
Mail This Article
ദുബായ്∙ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ഭീമ ജ്വല്ലേഴ്‌സ് ഗള്‍ഫ് മേഖലയിലെ വിപുലീകരണ പദ്ധതിക്കായി 100 കോടി ദിര്‍ഹം സമാഹരിക്കുന്നു. ജിസിസിയിലെയും ആഗോളതലത്തിലെയും വിദേശ സ്ഥാപന നിക്ഷേപകരില്‍നിന്നാണ് തുക സമാഹരിക്കുക. അടുത്ത മൂന്ന് വര്‍ഷത്തിനകം ഗള്‍ഫ് മേഖലയില്‍ 18 പുതിയ ഷോറൂമുകള്‍ തുറക്കാന്‍ ഈ ഫണ്ട് ഉപയോഗിക്കുമെന്ന് ചെയര്‍മാന്‍ ബി ഗോവിന്ദന്‍ പറഞ്ഞു.
ഇതാദ്യമായാണ് ഭീമ ഫണ്ട് സമാഹരിക്കുന്നത്. 100 വര്‍ഷത്തെ പാരമ്പര്യമുള്ള ഭീമ ജ്വല്ലേഴ്‌സ് നിക്ഷേപകരുമായി പങ്കാളിത്തം സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉപയോക്താക്കളുടെ പ്രതീക്ഷകള്‍ക്കൊത്താണ് മുന്നോട്ടുള്ള പ്രയാണമെന്ന് ഭീമ ജ്വല്ലേഴ്‌സ് മാനേജിങ് ഡയറക്ടര്‍ ബി.ബിന്ദു മാധവ് പറഞ്ഞു. ഒട്ടേറെ നിക്ഷേപകരുമായും സ്ഥാപനങ്ങളുമായും ചര്‍ച്ച നടത്തി വരികയാണെന്ന് ഭീമ ഗ്രൂപ്പ് വക്താക്കള്‍ പറഞ്ഞു. ജിസിസിയിലെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി തിങ്കളാഴ്ച ദുബായില്‍ 6,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുതിയ ഹെഡ് ഓഫിസ് തുറന്നു.
ഉദ്ഘാടന ചടങ്ങില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ, ഏരീസ് ഗ്രൂപ്പ് ചെയര്‍മാന്‍ സോഹന്‍ റോയ്, ദുബായ് ഗോള്‍ഡ് ആന്‍ഡ് ജൂവലറി ഗ്രൂപ്പ് സിഇഒ തൗഹീദ് അബ്ദുല്ല, അയോധ്യ രാംലല്ലാ ശില്‍പി അരുണ്‍ യോഗിരാജ്, തുടങ്ങിയവരും പങ്കെടുത്തു. ആലപ്പുഴയില്‍ 1925-ല്‍ സ്ഥാപിതമായ ഭീമ ജ്വല്ലേഴ്സിന് ഇന്ത്യയിലും യുഎഇയിലും ശക്തമായ സാന്നിധ്യമുണ്ട്. ഇന്ത്യയില്‍ 60 ഔട്ട്‌ലെറ്റുകളാണ് ഭീമക്കുള്ളത്. യുഎഇയില്‍ നിലവില്‍ നാല് ഔട്ട്‌ലെറ്റുകളുമുണ്ട്.