ADVERTISEMENT

ദുബായ്∙ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വൻ വികസന പദ്ധതിയുമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ് പോർട്ട് അതോറിറ്റി(ആർടിഎ). ദുബായ് അൽ വർഖയിൽ പുതിയ പ്രവേശനവും എക്സിറ്റ്, വഴി വിളക്കുകൾ, താമസ കേന്ദ്രങ്ങളിൽ ഡ്രൈനേജ് സംവിധാനങ്ങൾ, ഇട റോഡുകൾ എന്നിവ ഉൾപ്പെടെയുള്ളവ ഒരുക്കിയാണ് വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പദ്ധതിയിടുന്നത്.  

വാഹനങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിന് എട്ട് കിലോമീറ്റർ നീളത്തിലാണ്ഇട റോഡുകൾ നിർമിക്കുക. പദ്ധതി പൂർത്തിയാകുന്നതോടെ മണിക്കൂറിൽ 5,000 വാഹനങ്ങൾക്ക് കടന്നു പോകാനാകും. കൂടാതെ, യാത്രാ ദൂരം 5.7 കിലോമീറ്ററിൽ നിന്ന് 1.5 കിലോമീറ്ററായി കുറയും. അതുവഴി യാത്രാസമയം 80 ശതമാനം കുറഞ്ഞ് 20 മിനിറ്റിൽ നിന്ന് 3.5 മിനിറ്റായിത്തീരും. മൂന്നര ലക്ഷത്തോളം ആളുകൾക്ക് ഇതിന്‍റെ ഗുണം ലഭിക്കും. 

അൽ വർഖ സ്ട്രീറ്റ് ഒന്നിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി നിലവിലുള്ള റൗണ്ട് എബൗട്ടുകളിൽ സിഗ്നലുകൾ സ്ഥാപിക്കും. പദ്ധതി പൂർത്തിയായാൽ അൽ വർഖ സ്ട്രീറ്റ് ഒന്നിന്‍റെ വാഹന ശേഷി 30 ശതമാനം വർധിക്കും. അൽ വർഖ 3, 4 സ്ട്രീറ്റുകളിൽ നിലവിൽ ഇടറോഡുകളുടെ നിർമാണം പുരോഗമിക്കുകയാണ്. പരിസര പ്രദേശങ്ങളിൽ നിലവിലുള്ള സൈക്ലിങ് ട്രാക്കുമായി ബന്ധിപ്പിക്കുന്നതിന് 16 കിലോമീറ്റർ ട്രാക്കും നിർമിക്കുന്നുണ്ട്.

ആദ്യ ഘട്ട നിർമാണ പ്രവർത്തനങ്ങളിൽ അൽ വർഖയിലെ ഇടറോഡുകളുടെ നിർമാണം പൂർത്തീകരിച്ചിരുന്നു. അതിൽ സ്കൂൾ ഓഫ് സയന്‍റിഫിക് റിസർച്ചിന് ചുറ്റുമുള്ള നവീകരണങ്ങളും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ഹൗസിങ് എസ്റ്റാബ്ലിഷ്മെന്‍റിന്‍റെ റോഡ് പദ്ധതികളും ഉൾപ്പെടുന്നു. കാൽനട പാതകൾ, നിവാസികൾക്കുള്ള പാർക്കിങ് എൻട്രൻസ് എന്നിവയും ഇതിൽ ഉൾപ്പെടുന്നുണ്ട്. കൂടാതെ 7.4 കിലോമീറ്റർ നീളത്തിൽ സൈക്ലിങ് പാതകളും ഇവിടെ നിർമിക്കും.

English Summary:

Dubai's RTA has a massive development plan to alleviate traffic congestion in the city.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com