കുവൈത്തിൽ താല്‍ക്കാലിക വര്‍ക്ക് എന്‍ട്രി വീസകള്‍ പുനരാരംഭിച്ചു, ഇന്ന് മുതൽ പ്രാബല്യത്തിൽ; മലയാളികൾക്ക് ഗുണകരം
Mail This Article
കുവൈത്ത് സിറ്റി ∙ തൊഴില്‍ വിപണിയിലെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി താല്‍ക്കാലിക സര്‍ക്കാര്‍ കരാറുകള്‍ക്കുള്ള വര്‍ക്ക് എന്‍ട്രി വീസകള്‍ പുനരാരംഭിക്കാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ തീരുമാനിച്ചു.
ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ - ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. തീരുമാനം ഒക്ടോബര്‍ 21 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി.
ഒരു വര്‍ഷത്തില്‍ താഴെയായിരിക്കും വീസയുടെ കാലാവധി. തൊഴിലാളി ക്ഷാമം മൂലം രാജ്യത്തെ ചെറിയ പദ്ധതികള്‍ക്ക് തടസ്സം നേരിടാതിരിക്കാനാണ് വീസകള്‍ പുനരാരംഭിക്കുന്നത്. വിദഗ്ധ തൊഴിലാളികളുടെ അപേക്ഷകള്‍ തിങ്കളാഴ്ച മുതല്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ സ്വീകരിക്കും.