39 കോടി ദിർഹത്തിന്റെ മാസ്റ്റർ പ്ലാനുമായി ദുബായ്: വികസനം ഗ്രാമങ്ങളിലേക്കും; അംഗീകാരം നൽകി ഷെയ്ഖ് ഹംദാൻ
Mail This Article
ദുബായ് ∙ വികസനം ഗ്രാമത്തിലേക്കും വ്യാപിപ്പിച്ച് വിനോദസഞ്ചാരം ശക്തമാക്കാൻ ദുബായ്. 39 കോടി ദിർഹത്തിന്റെ മാസ്റ്റർ പ്ലാനിന് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. മരുഭൂമി ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും വിദൂര സ്ഥലങ്ങളിലെ സമൂഹങ്ങൾക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഊന്നൽ നൽകുന്ന 37 പദ്ധതികൾ അടങ്ങുന്നതാണ് മാസ്റ്റർ പ്ലാൻ.
ജീവിക്കാനും ജോലി ചെയ്യാനും അനുയോജ്യമായ ഇടമാക്കി എമിറേറ്റിലെ ഗ്രാമീണ മേഖലകളെ മാറ്റുകയാണ് ലക്ഷ്യം. പുതിയ നിക്ഷേപ അവസരങ്ങൾ ഒരുക്കുന്ന പദ്ധതി 2028ൽ പൂർത്തിയാകും. മരുഭൂമിയുടെ വന്യസൗന്ദര്യം ആസ്വദിക്കാൻ വാഹനങ്ങൾക്കും സൈക്കിളുകൾക്കും പോകാവുന്ന സെയ്ഹ് അൽ സലാം സീനിക് റൂട്ട് മാസ്റ്റർ പ്ലാനും അനാഛാദനം ചെയ്തു.
വരും വർഷങ്ങളിൽ എമിറേറ്റിന്റെ വികസനത്തിന് ഒരു ചട്ടക്കൂട് നൽകാൻ ലക്ഷ്യമിടുന്ന ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന് അനുസൃതമായാണ് പദ്ധതികൾ. 2040ഓടെ വിനോദസഞ്ചാരികളുടെ എണ്ണം 600 ശതമാനം വർധിപ്പിച്ച് വർഷത്തിൽ 30 ലക്ഷമാക്കി ഉയർത്താൻ സാധിക്കുമെന്നാണ് കരുതുന്നത്. ദുബായിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായി ഗ്രാമപ്രദേശങ്ങളും മാറും. ഓരോ പ്രദേശത്തിന്റെ തനിമയും സ്വത്വവും സംരക്ഷിച്ചാകും വികസനം.
വിനോദ സഞ്ചാരികൾക്ക് പാർക്കാൻ മരുഭൂമികളും
∙ സെയ്ഹ് അൽ സലാം സീനിക് റൂട്ട്
5 വിനോദ കേന്ദ്രങ്ങളുടെ വികസനവും 97.86 കിലോമീറ്റർ സൈക്കിൾ ട്രാക്കുകളുടെ നിർമാണവും ഉൾപ്പെടുന്നതാണ് സെയ്ഹ് അൽ സലാം സീനിക് റൂട്ടിന്റെ മാസ്റ്റർ പ്ലാൻ. ഒരു മാർക്കറ്റ്, അൽ ഖുദ്ര തടാകങ്ങൾക്ക് സമീപം പ്രാദേശിക സാധനങ്ങൾ വിൽക്കുന്ന കടകൾ, ലാസ്റ്റ് എക്സിറ്റിന് സമീപം ഒരു ഓപ്പൺ എയർ സിനിമ തിയറ്റർ എന്നിവ ഇതിൽ ഉൾപ്പെടും. സന്ദർശകർക്ക് മരുഭൂമിയുടെ ഹൃദയഭാഗത്ത് ക്യാംപ് ചെയ്യാൻ അനുവദിക്കുന്ന ആഡംബര മാർക്യൂകളും (മരുഭൂമിയിൽ പ്രത്യേക സ്റ്റാൻഡ് സ്ഥാപിച്ച് അതിനുമുകളിൽ ആഡംബര താമസ സൗകര്യമൊരുക്കുക) സ്റ്റേഷനിൽ ഉണ്ടാകും.
∙ ഹോട്ട് എയർ ബലൂൺ മുതൽ കയാക്കിങ് വരെ
ഫ്ലെമിംഗോ തടാകത്തിനടുത്തുള്ള വന്യജീവി സ്റ്റേഷനിൽ ഹോട്ട് എയർ ബലൂൺ സവാരി ഒരുക്കും. വന്യജീവികളുടെയും ലവ് ലേക്കിന്റെയും ആകാശദൃശ്യം സന്ദർശകർക്ക് അവിസ്മരണീയ കാഴ്ച സമ്മാനിക്കും. ലവ് ലേക്ക്, അൽഖുദ്ര, ഫ്ലെമിംഗോ എന്നീ 3 തടാകങ്ങളെ ബന്ധിപ്പിക്കുന്ന ആഡംബര ക്യാംപുകളും ഉയർന്ന നടപ്പാതകളും ഉണ്ടാകും. 3 തടാകങ്ങളിലൂടെ കയാക്കിങ് ടൂറുകളും വാഗ്ദാനം ചെയ്യും.
∙ അഡ്വഞ്ചർ സ്റ്റേഷൻ
എക്സ്പോ 2020 തടാകത്തിന് സമീപമുള്ള അഡ്വഞ്ചർ സ്റ്റേഷനിൽ ഓറിക്സ് പ്ലാറ്റ്ഫോമിനടുത്ത് സാഹസിക പാർക്കും സജ്ജമാക്കും. നടത്തത്തിനും വ്യായാമത്തിനും പ്രത്യേക പാതകളും ഉണ്ടാകും. ബജറ്റ് ക്യാംപുകൾ, റസ്റ്ററന്റുകൾ എന്നിവയ്ക്കൊപ്പം എക്സ്പോ തടാകത്തിന് ചുറ്റും സൈക്ലിങ്, നടപ്പാത എന്നിവയും ഉണ്ടാകും.
∙ പൈതൃക സ്റ്റേഷൻ
അൽ മർമൂമിലെ ഒട്ടക ഫാമിനടുത്ത് കൾചറൽ എക്സ്പീരിയൻസ് സ്റ്റേഷൻ സജ്ജമാക്കും. ഒട്ടക ഫാമിൽ പരമ്പരാഗത മജ്‌ലിസും വിനോദ തിയറ്ററും ഒരുക്കും. അവിടെ ഒട്ടക സവാരിയും ഡെസേർട്ട് സഫാരിയും ആസ്വദിക്കാം. പരമ്പരാഗത ഭക്ഷണവും രുചിക്കാം.
∙ മരുഭൂമിയിലെ സാഹസികത
മരുഭൂമി കായിക വിനോദങ്ങൾക്കും സാഹസികതയ്ക്കുമായി സംയോജിത വിനോദ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കുക. ഡ്യൂൺ ബാഷിങ്, ഡെസേർട്ട് സൈക്ലിങ്, ഡ്യൂൺ ക്ലൈമ്പിങ്, സാൻഡ്ബോർഡിങ്, ഡെസേർട്ട് സഫാരി ടൂറുകൾ എന്നിവ ഇതിൽ ഉൾപ്പെടും.
∙ ഗ്രാമവികസനം
ഗ്രാമീണ വികസന പദ്ധതിയുടെ ഭാഗമായി മൂന്ന് നഴ്സറികൾ, 7 പാർക്കുകൾ, തുറസ്സായ സ്ഥലങ്ങൾ, ഒരു ആശുപത്രി, ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം, ആംബുലൻസ് സ്റ്റേഷൻ തുടങ്ങി 18 പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 2,216 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ് സമഗ്ര ഗ്രാമീണ വികസന പദ്ധതി. സാംസ്കാരിക കേന്ദ്രങ്ങൾ, ആരോഗ്യസംരക്ഷണ സൗകര്യങ്ങൾ, വിവിധ ഗതാഗത സൗകര്യങ്ങൾ, ഗ്രാമീണരുടെ ജീവിത നിലവാരം ഉയർത്തുന്നതിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുക്കും.