തൊഴിലാളികള്‍ക്കെതിരായ നടപടികള്‍ നിയമപരമാകണമെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം
Mail This Article
മസ്‌കത്ത്∙തൊഴിലാളികള്‍ക്കെതിരായ നടപടികള്‍ നിയമപരമാകണമെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം തൊഴിലുടമകള്‍ക്ക് നിര്‍ദേശം നല്‍കി. തൊഴിലാളികള്‍ക്ക് എതിരെ സ്വീകരിക്കുന്ന നടപടികളെയും പിഴകളെയും കുറിച്ചുള്ള പട്ടിക തയാറാക്കണമെന്നും കമ്പനികളോട് മന്ത്രാലയം അറിയിച്ചു. മന്ത്രാലയം നല്‍കുന്ന ഒരു പ്രത്യേക ഫോര്‍മാറ്റ് പാലിച്ചായിരിക്കണം ഈ പട്ടിക തയാറാക്കുന്നത്.
25-ഓ അതില്‍ അധികമോ തൊഴിലാളികളുള്ള എല്ലാ തൊഴിലുടമകള്‍ക്കും ഇതും ബാധകമാണ്. കമ്പനികള്‍ തയാറാക്കുന്ന പട്ടികക്കും ഓരോ ഗവര്‍ണറേറ്റിലെയും ഡയറക്ടര്‍ ജനറല്‍ ഓഫ് ലേബര്‍ വെല്‍ഫെയര്‍ അല്ലെങ്കില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് മാന്‍പവര്‍ എന്നിവരില്‍ നിന്ന് അനുമതി നേടണം. അനുമതി കിട്ടിയാല്‍, ഈ പട്ടിക ജോലിസ്ഥലത്ത് ദൃശ്യമാകുന്ന സ്ഥലത്ത് പ്രദർശിപ്പിക്കണം.
അതേസമയം, തൊഴിലാളികള്‍ക്ക് എതിരെ നടപടി എടുക്കുമ്പോള്‍ കമ്പനികള്‍ രേഖാമൂലമുള്ള മുന്നറിയിപ്പ് നല്‍കണം. നിയമ ലംഘനത്തെക്കുറിച്ച് തൊഴിലാളിയെ ഇതുവഴി കൃത്യമായി ബോധ്യപ്പെടുത്തണം. നിയമ ലംഘനങ്ങളുടെ പേരില്‍ തൊഴിലാളിയുടെ വേതനത്തിന്റെ ഒരു ഭാഗം കുറയ്ക്കാമെങ്കിലും ഒരൊറ്റ ലംഘനത്തിനുള്ള തുക അഞ്ച് ദിവസത്തെ വേതനത്തില്‍ കൂടുതലാകരുത്. പരമാവധി അഞ്ച് ദിവസം വരെയാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ സാധിക്കുക. നിയമം അനുശാസിക്കുന്ന കേസുകളില്‍, ജീവനക്കാരനെ എന്‍ഡ് ഓഫ് സര്‍വീസ് ബോണസ് നല്‍കി പിരിച്ചുവിടാമെന്നും മന്ത്രാലയം വ്യക്തമാക്കി.