ബഹ്റൈനിൽ ഹലോവീൻ ആഘോഷങ്ങൾക്ക് ഒരുക്കമായി 'പ്രേതചമയങ്ങളുമായി' വിപണി
Mail This Article
മനാമ ∙ ആത്മാക്കളുടെ ദിനമെന്ന് അറിയപ്പെടുന്ന ഹലോവീൻ ദിനം അടുത്തെത്താറായതോടെ വിപണിയിൽ 'പ്രേത വേഷങ്ങളും ചമയങ്ങളും വിൽപ്പനയ്‌ക്കെത്തി. ഒക്ടോബർ 31നു വൈകുന്നേരം തൊട്ട് പുലർച്ച വരെ നിരവധി രാജ്യങ്ങളിൽ കൊണ്ടാടുന്ന ഒരു വാർഷികോത്സവമാണ് ഹലോവീൻ അഥവാ ഓൾ ഹാലോസ് ഈവ്. വിശ്വാസങ്ങളുടെ ഭാഗമായി നടക്കുന്ന ഒരു പരിപാടി ആണെങ്കിലും പ്രധാനമായും ഹോട്ടലുകളെ കേന്ദ്രീകരിച്ചാണ് ബഹ്‌റൈനിലെ ഹലോവീൻ ആഘോഷങ്ങൾ നടക്കുന്നത്.
ബഹ്‌റൈനിലെ വിവിധ ഹോട്ടലുകൾ ഹലോവീൻ ദിനം ആഘോഷിക്കുന്നതിനുള്ള പ്രത്യേക റേറ്റ് കാർഡുകളും ബ്രോഷറുകളും പുറത്തിറക്കിക്കഴിഞ്ഞു. ജുഫൈറിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലും അദ്‌ലിയ 338 ബ്ലോക്കിലെ ഫസ്റ്റ് ക്ലാസ് റസ്റ്റോറന്റുകളിലും അടക്കമുള്ള സ്‌ഥലങ്ങളിലാണ് ഹലോവീൻ ആഘോഷങ്ങളുടെ ഒരുക്കങ്ങൾ കാര്യമായി നടക്കുന്നത്. വിപണിയിലും ഹാലോവീൻ വസ്ത്രങ്ങളും ചമയങ്ങളും വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്. കുട്ടികളുടെയും മുതിർന്നവരുടെയും പ്രത്യേകം വസ്ത്രങ്ങളും ചമയങ്ങളുമാണ് വിപണിയിൽ എത്തിയിട്ടുള്ളത്.
∙ അലങ്കാരങ്ങൾ പേടിപ്പെടുത്തുന്ന രൂപങ്ങൾ കൊണ്ട്
ആഘോഷങ്ങൾക്ക് അലങ്കാരങ്ങൾ അത്യാവശ്യമാണെങ്കിലും ഹാലോവീൻ ആഘോഷങ്ങൾക്ക് അലങ്കരിക്കുന്നത് പേടിപ്പെടുത്തുന്ന രൂപങ്ങൾ കൊണ്ടാണ്. അസ്‌ഥികൂടങ്ങൾ, മത്തങ്ങ ഉപയോഗിച്ചുള്ള തല, കാക്ക, എട്ടുകാലി തുടങ്ങിയവയുടെ വൈകൃതവും പേടിപ്പെടുത്തുന്നതുമായ രൂപങ്ങളും ഇരുണ്ട വെളിച്ചവുമൊക്കെയാണ് ഹാലോവീൻ ദിനത്തിന്റെ അലങ്കാരങ്ങൾ. ബഹ്‌റൈനിലെ ചില ഹോട്ടലുകളിൽ മനുഷ്യന്റെ അസ്‌ഥികൂടങ്ങൾ തന്നെ കാതടപ്പിക്കുന്ന സംഗീതത്തിന്റെ അകമ്പടിയോടെ പ്രദർശിപ്പിക്കാറുണ്ട്.
∙ കലാകാരന്മാർക്കും അവസരങ്ങൾ
ഹലോവീൻ ആഘോഷങ്ങൾ വരുന്നതോടെ ഇതുമായി ബന്ധപ്പെട്ട പരിപാടികൾ ഒരുക്കുന്ന കലാകാരന്മാർക്കും നല്ല അവസരമാണ് ഉണ്ടാവുന്നത്. പ്രത്യേകിച്ച് ഡിജെ കൾ, സംഗീതോപകരണ കലാകാരന്മാർ, മെയ്ക്കപ്പ് കലാകാരന്മാർ എന്നിവർക്കാണ് അവസരങ്ങൾ ഉണ്ടാവുന്നത്. ചില ഹോട്ടൽ മാനേജുമെന്റുകൾ ഇത്തരം കലാകാരന്മാരെ വളരെ നേരത്തെ തന്നെ ബുക്ക് ചെയ്തുവയ്ക്കും.
ഇത്തവണ നിരവധി ഹോട്ടലുകളും ഈവന്റ് കമ്പനികളും ഹാലോവീൻ ആഘോഷങ്ങൾക്കായി തന്നെ ബന്ധപ്പെട്ടിട്ടുള്ളതായി ബഹ്‌റൈനിലെ ചമയ കലാകാരനായ ശ്യാം രാമചന്ദ്രൻ പറഞ്ഞു. എല്ലായിടത്തും ഒരേ ദിവസമാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത് എന്നത് കൊണ്ട് തന്നെ വേഷങ്ങളും മറ്റും ചെയ്യാൻ നിരവധി സഹായികളെയും വിളിക്കേണ്ടി വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മേയ്ക്കപ്പിനോടൊപ്പം തന്നെ മറ്റു പല പ്രോപ്പർട്ടികളും സംഘാടകരുടെ ആവശ്യാനുസരണം ചെയ്യേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഹലോവീൻ ദിനത്തോടനുബന്ധിച്ച് നിരവധി പാക്കേജുകളും ബഹ്‌റൈനിലെ ഹോട്ടലുകളെ കേന്ദ്രീകരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. മുൻപ് പാശ്ചാത്യരാജ്യങ്ങളിലാണ് ഹാലോവീൻ പ്രധാനമായും ആഘോഷിക്കാറുണ്ടായിരുന്നതെങ്കിലും ഇപ്പോൾ മലയാളികൾ അടക്കമുള്ളവർ ഇതിൽ പങ്കാളികൾ ആകുന്നുണ്ട്.
ഇത് പൈശാചിക ആരാധന ആണെന്നും കുട്ടികൾ അടക്കമുള്ളവരെ ഇതിൽ പങ്കാളികൾ ആക്കരുതെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. അതിനു പകരം വിശുദ്ധരുടെ വേഷം കെട്ടി 'ഹൊളിവിൻ ആഘോഷത്തിൽ പങ്കെടുക്കണമെന്നുമാണ് ഈ വിഭാഗമാവശ്യപ്പെടുന്നത്.