കല കുവൈത്ത് 'ദ്യുതി 2024' ഒക്ടോബര്‍ 25ന്
Mail This Article
കുവൈത്ത്‌സിറ്റി ∙കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്റെ (കല കുവൈത്ത്) മെഗാ സാംസ്‌കാരിക മേള 'ദ്യുതി 2024'-ഒക്ടോബര്‍ 25ന് ഹവല്ലി പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കവിയും മലയാളം മിഷന്‍ ഡയറക്ടറുമായ മുരുകന്‍ കാട്ടാക്കട പരിപാടിയില്‍ മുഖ്യാതിഥിയായിരിക്കും. വൈകുന്നേരം 3 മണി മുതല്‍ സാംസ്‌കാരിക സമ്മേളനത്തോടെയാണ് പരിപാടി ആരംഭിക്കുന്നത്.
കല കുവൈത്തിന്റെ 45-ാമത് പ്രവര്‍ത്തന വര്‍ഷത്തിന്റെ ഭാഗമായി അഞ്ച് ലക്ഷം രൂപവീതമുള്ള നാല് വീടുകള്‍ അംഗങ്ങള്‍ക്ക് നിര്‍മ്മിച്ച് നല്‍കും. ഇതില്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച ആദ്യ വീടിന്റെ താക്കോല്‍ ദാനം കല കുവൈത്ത് ജലീബ് സി യൂണിറ്റ് അംഗവും എറണാകുളം സ്വദേശിനിയുമായ ബിന്ദു ശങ്കരന് ചടങ്ങില്‍ വച്ച് മുരുകന്‍ കാട്ടാക്കട നൽകുമെന്ന് ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു അറിയിച്ചു.
കല കുവൈത്ത് കൈത്തിരി രണ്ടാം പതിപ്പിന്റെ പ്രകാശനവും, ബാലകലാ മേളയില്‍ ഓവറോള്‍ ചാംപ്യന്‍ഷിപ്പ് നേടിയ സ്‌കൂളിനും കലാ തിലകം, കലാ പ്രതിഭ എന്നിവ നേടിയ വിദ്യാർഥികള്‍ക്കും കല കുവൈത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളിലെ വിജയികള്‍ക്കുമുള്ള സമ്മാനദാനവും മുഖ്യാതിഥി നിര്‍വഹിക്കും.
പ്രശസ്ത പിന്നണി ഗായകരായ സച്ചിന്‍ ദേവ്, ആര്യ ദയാല്‍, അതുല്‍ നറുകര എന്നിവര്‍ നയിക്കുന്ന ഗാനസന്ധ്യയും മറ്റ് കലാ പരിപാടികളും വേദിയില്‍ അരങ്ങേറും. അബ്ബാസിയായില്‍ നടന്ന പത്രസമ്മേളനത്തില്‍ കല കുവൈത്ത് പ്രസിഡന്റ് അനുപ് മങ്ങാട്ട്, ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു, ദ്യുതി 2024 ജനറല്‍ കണ്‍വീനര്‍ ജെ സജി, കല കുവൈത്ത് ട്രഷറര്‍ അനില്‍ കുമാര്‍, വൈസ് പ്രസിഡന്റ് റിച്ചി കെ ജോര്‍ജ്, ജോയിന്‍ സെക്രട്ടറി ബിജോയ്, മീഡിയ വിഭാഗം സെക്രട്ടറി പ്രജോഷ് എന്നിവര്‍ സംബന്ധിച്ചു.