കുവൈത്തില്‍ വിദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം; സ്വകാര്യ മേഖലയിലേക്ക് തൊഴില്‍ മാറ്റത്തിന് അനുമതി
Mail This Article
കുവൈത്ത്‌സിറ്റി ∙ അറുപത് വയസ്സ് കഴിഞ്ഞ വിദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്വകാര്യമേഖലയിലേക്ക് വീസ മാറ്റാന്‍ അനുമതി നല്‍കിയതായ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍. ഇത് സംബന്ധിച്ച് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ 2015-ലെയും 2023-ലെയും ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തു.
ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യുസഫ് അല്‍ സബാഹിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പുതിയ തീരുമാനപ്രകാരം സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന 60 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സ്വകാര്യ മേഖലയിലേക്ക് മാറ്റം അനുവദിക്കും.
2015-ലെ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ തീരുമാനത്തിലെ നമ്പര്‍ 842-ല്‍ ജീവനക്കാരുടെ മാറ്റം സംബന്ധിച്ചുള്ളതും, 2023-ലെ 1809 നമ്പര്‍ തീരുമാനപ്രകാരം യൂണിവേഴ്‌സിറ്റി ബിരുദം ഉള്ളവര്‍ക്ക് മാത്രമേ സ്വകാര്യ മേഖലയിലേക്ക് മാറ്റം അനുവദിക്കുക എന്നതുമായിരുന്നു. ഇവ രണ്ടും റദ്ദ് ചെയ്താണ് പുതിയ ഉത്തരവ്.
ജീവനക്കാരുടെ സാങ്കേതിക കഴിവും അനുഭവപരിചയവും രാജ്യത്തെ തൊഴില്‍ വിപണിയില്‍ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. തൊഴില്‍ വിപണിയിലെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ കാതലായ മാറ്റങ്ങളാണ് കൊണ്ടു വരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍,താല്‍ക്കാലിക സര്‍ക്കാര്‍ കരാറുകള്‍ക്ക് വര്‍ക്ക് എന്‍ട്രി വീസകള്‍ ഇന്നലെ മുതല്‍ പുനരാരംഭിച്ചിട്ടുണ്ട്. ഇത്തരം വീസകളുടെ കാലാവധി ഒരു വര്‍ഷത്തില്‍ താഴെയായിരിക്കും.