സഹപ്രവർത്തകനെ രക്ഷിക്കാനായി മാലിന്യ ടാങ്കിൽ ഇറങ്ങി; തീരാവേദനയായി മലയാളികളുടെ വിയോഗം
Mail This Article
അബുദാബി∙ അബുദാബിയിൽ അറ്റകുറ്റപ്പണിക്കിടെ മാലിന്യ ടാങ്കിൽ വീണ സഹപ്രവർത്തകൻ അജിത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് പാലക്കാട് നെല്ലായ മാരായമംഗലം സ്വദേശി ചീരത്ത് പള്ളിയാലിൽ രാജകുമാരന് (39) ജീവൻ നഷ്ടമായത്. ഇന്നലെ( ചൊവ്വ) ഉച്ചയ്ക്ക് 2.20നായിരുന്നു യുഎഇയിലെ മലയാളി സമൂഹത്തെ നടുക്കിയ അപകടമുണ്ടായത്.
പത്തനംതിട്ട വള്ളിക്കോട് മായാലിൽ മണപ്പാട്ടിൽ വടക്കേതിൽ ആർ.അജിത്തും (39) അപകടത്തിൽ മരിച്ചു. അൽറീം ഐലൻഡിൽ സിറ്റി ഓഫ് ലൈറ്റ്സ് കെട്ടിടത്തിലെ മാലിന്യ ടാങ്കിലെ അറ്റകുറ്റപ്പണിക്കിടെയായിരുന്നു ദുരന്തം. മണ്ണപ്പാട്ട് വടക്കേതിൽ രാമചന്ദ്ര കുറുപ്പിന്‍റെയും ശ്യാമളയുടെയും മകനാണ് അജിത്. ഭാര്യ: അശ്വതി നായർ. മകൻ: അശ്വത്. ചീരത്ത് പള്ളിയാലിൽ ഉണ്ണികൃഷ്ണന്‍റെയും ശാന്തകുമാരിയും മകനാണ് രാജകുമാരൻ. ഭാര്യ: രേവതി. 2 മക്കളുണ്ട്.
ടാങ്കിലിറങ്ങിയ പഞ്ചാബ് സ്വദേശി ഗുരുതര അവസ്ഥയിലാണ്. അറ്റകുറ്റപ്പണിക്കിടെ മാലിന്യ ടാങ്കിലേക്കു വീണ അജിത്തിനെ രക്ഷിക്കാനായി ഇറങ്ങിയ രാജകുമാരനും ടാങ്കിനകത്തു കുടുങ്ങുകയായിരുന്നു. ഇരുവരെയും കാണാതായതോടെ ടാങ്കിൽ ഇറങ്ങി അവശനിലയിലായ പഞ്ചാബ് സ്വദേശിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രോപ്പർട്ടി മാനേജ്മെന്‍റ് കമ്പനിയായ ഇൻസ്പെയർ ഇന്‍റഗ്രേറ്റഡിലെ ടെക്നീഷ്യന്മാരായിരുന്നു ഇവർ. മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റി. സംസ്കാരം പിന്നീട് നാട്ടിൽ.