ADVERTISEMENT

അബുദാബി∙ ആഗോള പ്രതിഭകൾക്ക് പ്രവേശനം എളുപ്പമാക്കുന്ന നഗരങ്ങളിൽ അബുദാബിയും ദുബായിയും ഒന്നാമത്. പ്രതിഭകളെ ആകർഷിക്കുന്നതിന് കുടിയേറ്റ നയങ്ങൾ പരിഷ്കരിച്ചതാണ് ഇരു എമിറേറ്റുകളും ഏറ്റവും പുതിയ ഈസ് ഓഫ് എൻട്രി റാങ്കിങ്ങിൽ ഒന്നാമതെത്തിച്ചത്. കെർനിയുടെ ഗ്ലോബൽ സിറ്റീസ് സൂചികയിലാണ് യുഎഇയിലെ 2 എമിറേറ്റുകൾ മേൽക്കോയ്മ നേടിയത്. 

വിദേശ പ്രതിഭകളെ ആകർഷിക്കുകയും നിലനിർത്തുകയും ചെയ്യുന്നതിൽ മധ്യപൂർവദേശ, വടക്കൻ ആഫ്രിക്കൻ മേഖലകളിൽ ദുബായ് തുടർച്ചയായ നാലാം വർഷവും ഒന്നാം സ്ഥാനം നിലനിർത്തി. മികച്ച 25 ആഗോള നഗരങ്ങളിലും ദുബായ് ഇടംപിടിച്ചു. യൂണികോൺ കമ്പനികളുടെ റാങ്കിങിൽ റിയാദ് നില മെച്ചപ്പെടുത്തി. 

ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള മെട്രോപ്പൊലിറ്റൻ പ്രദേശങ്ങളുടെ രാജ്യാന്തര കണക്റ്റിവിറ്റിക്ക് പുറമെ മനുഷ്യ മൂലധനം, വിവര കൈമാറ്റം, സാംസ്കാരിക അനുഭവം, രാഷ്ട്രീയ ഇടപെടൽ, ബിസിനസ് പ്രവർത്തനങ്ങൾ എന്നീ ഘടകങ്ങളെയും അടിസ്ഥാനമാക്കിയാണ് നഗരങ്ങളെ വിലയിരുത്തിയത്. 

മധ്യപൂർവദേശ രാജ്യങ്ങളിലെ നഗരങ്ങളും നിലവിലെ സ്കോറുകൾ നിലനിർത്തി. സമ്പദ് വ്യവസ്ഥ വൈവിധ്യവൽക്കരിക്കുന്നതിന് ജിസിസി രാജ്യങ്ങളുടെ കഠിനശ്രമം പ്രകടമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 

ആഗോള പ്രതിസന്ധികൾക്കിടയിലും ദുബായ്, അബുദാബി, റിയാദ്, ദമാം, മസ്കത്ത് എന്നിവ സാമ്പത്തിക വളർച്ച നേടി. സുരക്ഷ, സ്ഥിരത, ആരോഗ്യം, പരിസ്ഥിതി എന്നിവയ്ക്കു മുൻഗണന നൽകിയും സാമ്പത്തിക ആഘാതങ്ങൾ  നേരിട്ടും കരുത്തുകാട്ടുന്നു. ആഗോള രാജ്യങ്ങൾക്ക് വിദേശ നിക്ഷേപത്തിൽ കുറവുണ്ടായിട്ടും  ജിസിസി നഗരങ്ങൾ നിക്ഷേപം ആകർഷിക്കുന്നത് തുടരുകയാണ്. മിതമായ മൂലധന ചെലവും നവീന സാങ്കേതിക സൗകര്യങ്ങളും കാരണം ഗൾഫ് നഗരങ്ങളിലേക്ക് വിദേശ നിക്ഷേപ ഒഴുക്ക് തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

English Summary:

Abu Dhabi, Dubai Top Global Rankings for Ease of Entry for Global Talent on Kearney's Global Cities Index

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com