ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയർ നറുക്കെടുപ്പ്: ഇന്ത്യക്കാരന് 8 കോടിയിലേറെ രൂപ; മലയാളിക്ക് ആഡംബര കാർ
Mail This Article
ദുബായ്∙ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയർ നറുക്കെടുപ്പിൽ ഇന്ത്യക്കാരനെ ഭാഗ്യദേവത വിടാതെ പിന്തുടരുന്നു. ഓൺലൈൻ വ്യാപാരം നടത്തുന്ന അമിത് സറഫ്(50) എന്നയാളാണ് രണ്ടാം തവണയും 8 കോടിയിലേറെ രൂപ(10 ലക്ഷം യുഎസ് ഡോളർ) സമ്മാനം നേടിയത്. 2021 ജനുവരിയിൽ ഇദ്ദേഹത്തിന് ഇതേ നറുക്കെടപ്പിൽ 10 ലക്ഷം ഡോളർ സമ്മാനം ലഭിച്ചിരുന്നു. കൂടാതെ, 2023ൽ ആഡംബര മെഴ്സിഡൻസ് ബെൻസ് കാറും സമ്മാനം നേടി. ഇതോടെ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ രണ്ട് തവണ സമ്മാനം നേടുന്ന ഒൻപതാമത്തെ ആളായി അമിത്.
ഈ മാസം 8ന് എടുത്ത 2813 ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. നാൽപതാമത് വാര്‍ഷിക സർപ്രൈസ് നറുക്കെടുപ്പിൽ 2023 ഡിസംബർ 20ന് 40,000 ദിർഹവും സമ്മാനം ലഭിച്ചു. ഓൺലൈനിലൂടെ ബെംഗളുരൂവിൽ നിന്ന് നറുക്കെടുപ്പിൽ പങ്കെടുക്കാറുള്ള അമിത് ആദ്യത്തെ പ്രാവശ്യം 10 ലക്ഷം ഡോളർ സമ്മാനം ലഭിച്ച ശേഷം ദുബായിലേക്ക് താമസം മാറുകയായിരുന്നു.
കഴിഞ്ഞ 8 വർഷമായി നറുക്കെടുപ്പിൽ പങ്കെടുത്തുവരുന്നു. മില്ലേനിയം മില്യനയർ നറുക്കെടുപ്പിനെ തുടർന്ന് രണ്ട് ആഡംബര വാഹനങ്ങൾക്കായുള്ള ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ യുഎഇയിൽ പ്രവാസിയായ മലയാളി ജോർജ് മാത്യുവിന് മെഴ്‌സിഡസ് ബെൻസ് എസ്500 (മൊജാവെ സിൽവർ മെറ്റാലിക്) കാർ സമ്മാനം ലഭിച്ചു.