ADVERTISEMENT

ദുബായ് ∙ പൊതുമാപ്പിൽ പതിനായിരത്തിലേറെ പ്രവാസി ഇന്ത്യക്കാർക്ക് സേവനം നൽകി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. ബയോമെട്രിക് രേഖകൾ നൽകുന്നത് ഒഴികെ യുഎഇ സർക്കാർ സംവിധാനങ്ങൾ നൽകുന്ന എല്ലാ സേവനങ്ങളും സഹായ കേന്ദ്രത്തിലൊരുക്കിയാണ് ഇന്ത്യൻ കോൺസുലേറ്റ് പ്രവാസികളെ പൊതുമാപ്പ് നേടാൻ സഹായിക്കുന്നത്. 

നിയമലംഘകരായ പതിനായിരത്തോളം പേരാണ് ഇതുവരെ കോൺസുലേറ്റിന്റെ സഹായ കേന്ദ്രത്തിലെത്തിയത്. ഇവരിൽ 1300 പേർക്ക് പാസ്പോർട്ട്, 1700 പേർക്ക് എമർജൻസി സർട്ടിഫിക്കറ്റ് 1500 പേർക്ക് എക്സിറ്റ് പെർമിറ്റ് എന്നിവ നൽകി. 

ബാക്കിയുള്ളവരിൽ ഭൂരിഭാഗവും യാത്ര വിലക്കുള്ളവരാണ്. ഇവരുടെ യാത്രാ വിലക്കുമായി ബന്ധപ്പെട്ട കേസുകൾ തീർപ്പാക്കാതെ രാജ്യം വിടാൻ കഴിയില്ല. പാസ്പോർട്ട് അടക്കമുള്ള രേഖകൾ മണിക്കൂറുകൾക്കുള്ളിലാണ് ആവശ്യക്കാർക്ക് നൽകിയത്. വീസ കാലാവധി കഴിഞ്ഞവർക്ക് രാജ്യം വിടാനുള്ള എക്സിറ്റ് പെർമിറ്റ് നൽകാനുള്ള സൗകര്യം കോൺസുലേറ്റിലുണ്ട്. ടൈപ്പിങ് സെന്ററിൽ ലഭിക്കുന്ന സേവനങ്ങളും ഇവിടെ ലഭിക്കും. പൊതുമാപ്പ് കാലാവധി തീരാൻ 7 ദിവസം കൂടി മാത്രമാണുള്ളത്. 

ഈ അവസരം പ്രയോജനപ്പെടുത്താൻ ആരെങ്കിലും ഉണ്ടെങ്കിൽ എത്രയും വേഗം ചെയ്യണമെന്നു കോൺസൽ ജനറൽ സതീഷ്കുമാർ ശിവൻ അഭ്യർഥിച്ചു. അവസാന നിമിഷം വരെ കാത്തിരിക്കാതെ എത്രയും വേഗം പൊതുമാപ്പ് ഉപയോഗിക്കണം.

പിഴയോ, മറ്റു ശിക്ഷാ നടപടികളോ ഇല്ലാതെ രേഖകൾ നിയമപരമാക്കാനുള്ള അവസരമാണിത്. ജിഡിആർഎഫ്എയുടെ അൽ അവീർ സെന്ററിലും ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ രാജ്യത്തു തുടരുന്നവർക്ക് കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്നു യുഎഇ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. നവംബർ ഒന്നുമുതൽ നിയമ ലംഘകർക്കെതിരായ നടപടി കടുപ്പിക്കും. 

പൊതുമാപ്പ് നേടുന്നവർക്കു രേഖകൾ നിയമാനുസൃതമാക്കി രാജ്യത്തു തുടരുകയോ രാജ്യം വിടുകയോ ചെയ്യാം. മുൻ പൊതുമാപ്പുകളിലെ പോലെ ആജീവനാന്ത വിലക്ക് ഇത്തവണയില്ല. പൊതുമാപ്പ് നേടുന്നവർക്ക് വീണ്ടും യുഎഇയിലേക്കു നിയമാനുസരണം തിരികെ എത്താം. രാജ്യത്തു തന്നെ തുടരാൻ താൽപര്യമുള്ളവർക്ക് പൊതുമാപ്പ് കേന്ദ്രത്തിൽ തന്നെ വിവിധ കമ്പനികളുടെ റിക്രൂട്ടിങ് സൗകര്യവും ഉണ്ട്. കമ്പനികൾക്ക് ആവശ്യമുള്ളവരെങ്കിൽ പൊതുമാപ്പ് നേടിയവരെ ഉടൻ നിയമിക്കാനും കഴിയും. ആരെങ്കിലും നിയമലംഘകരായി തുടരുന്നുണ്ടെങ്കിൽ അവരെ സഹായ കേന്ദ്രങ്ങൾ എത്തിക്കാൻ പ്രവാസികൾ സഹകരിക്കണമെന്നും കോൺസുലേറ്റ് അഭ്യർഥിച്ചു.

English Summary:

Amnesty Deadline Looms: Just 7 Days Left - UAE Amnesty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com