പോളിയോ നിർമാർജന പദ്ധതികൾക്കായി സൗദി അറേബ്യ 40 മില്യൻ ഡോളറിന്‍റെ പദ്ധതികൾ നടപ്പാക്കി
Mail This Article
റിയാദ് ∙ വികസ്വര രാജ്യങ്ങളിൽ പോളിയോ നിർമാർജ്ജന പദ്ധതികൾക്കായി സൗദി അറേബ്യ 40 മില്യൻ ഡോളറിന്‍റെ പദ്ധതികൾ നടപ്പാക്കി. പലസ്തീൻ, അഫ്ഗാനിസ്ഥാൻ, സുഡാൻ, സൊമാലിയ, ഇറാഖ്, പാക്കിസ്ഥാൻ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഗിനിയ തുടങ്ങിയ രാജ്യങ്ങളിൽ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് വഴി പണം നിക്ഷേപിച്ചാണ് പദ്ധതികൾ നടപ്പാക്കിയത്.
ഈ പ്രദേശങ്ങളിലെ ആരോഗ്യ മേഖല മെച്ചപ്പെടുത്തുന്നതിനും ആരോഗ്യ സ്ഥാപനങ്ങൾ വികസിപ്പിക്കുന്നതിലും ജീവൻ രക്ഷാ സേവനങ്ങൾ നൽകുന്നതിലും സൗദി അറേബ്യ പ്രാധാന്യം നൽകുന്നുണ്ട്. യുനിസെഫ്, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ), ഗ്ലോബൽ അലയൻസ് ഫോർ വാക്‌സീൻസ് ആൻഡ് ഇമ്മ്യൂണൈസേഷൻ എന്നിവയുമായുള്ള പങ്കാളിത്തത്തിലൂടെ പോളിയോ നിർമാർജ്ജനത്തിന് 57.67 ദശലക്ഷം ഡോളർ രാജ്യം സംഭാവന നൽകി.
കൂടാതെ മൊത്തം 15 ദശലക്ഷം ഡോളർ മുതൽമുടക്കിൽ പോളിയോ, മീസിൽസ് നിർമാർജ്ജന പദ്ധതികൾ പല രാജ്യങ്ങളിലും നടപ്പിലാക്കിയിട്ടുണ്ട്. 2016-ൽ കെഎസ്‌റെലീഫ് 15,000 ഡോസ് മെനിഞ്ചൈറ്റിസ് വാക്‌സീനുകളും 15,000 ഡോസ് പോളിയോ വാക്‌സീനുകളും പലസ്തീനിയൻ ആരോഗ്യ മന്ത്രാലയത്തിന് എത്തിച്ചുനൽകിയിട്ടുണ്ട്.