അബ്ദുൽ റഹീമിന്റെ മോചനം നീണ്ടു പോകുന്നത് സാങ്കേതിക കാരണങ്ങൾ: നവംബർ 17 ന് സിറ്റിങ്
Mail This Article
റിയാദ് ∙ ലോകമെമ്പാടുമുള്ള മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് സൗദി അറേബ്യയിലെ റിയാദിൽ വധശിക്ഷ കാത്ത് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം. കഴിഞ്ഞ ദിവസം റഹീമിന്റെ മോചന ഉത്തരവുണ്ടാകുമെന്ന് ഏവരും കരുതിയിരുന്നെങ്കിലും അവസാന നിമിഷം കോടതി വിചാരണ നടക്കുന്ന ബെഞ്ച് മാറ്റിയതിനാൽ മോചനം വീണ്ടും നീണ്ടുപോയി. കേസ് പരിഗണിക്കുന്ന ബെഞ്ച് ഏതാണ് എന്നത് സംബന്ധിച്ച സാങ്കേതികതകളാണ് മോചനം നീണ്ടു പോകാൻ കാരണം.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി, ഈ കേസ് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയ അതേ ബെഞ്ച് തന്നെയാണ് പരിഗണിക്കേണ്ടത് എന്ന് പറഞ്ഞ് കേസ് മടക്കുകയായിരുന്നു. ഇതാണ് മോചനം വീണ്ടും നീണ്ടുപോകാൻ കാരണം. ഏറ്റവും പുതിയ വിവരം അനുസരിച്ച് നവംബർ പതിനേഴിനാകും ഇനി റഹീമിന്റെ മോചനം സംബന്ധിച്ച ഉത്തരവ് കോടതി പരിഗണിക്കുക. റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്ത് അതേ ബെഞ്ച് തന്നെയാകും മോചനസംബന്ധിച്ച കേസും പരിഗണിക്കുക.
റഹീമിന്റെ വധശിക്ഷ റദ്ദാക്കിയ അതേ ബെഞ്ചാണ് മോചന കേസും പരിഗണിക്കേണ്ടത് എന്നും ഇത് ചീഫ് ജസ്റ്റീസ് അറിയിക്കും എന്ന് വ്യക്തമാക്കിയാണ് കഴിഞ്ഞ ദിവസം റഹീം കേസ് കോടതി മാറ്റിവച്ചത്. അതനുസരിച്ച് കോടതി ഇന്നലെ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. നവംബർ 17ന് നേരത്തെ വധശിക്ഷ റദ്ദാക്കിയ അതേ ബെഞ്ച് തന്നെ റഹീമിന്റെ മോചന കേസും പരിഗണിക്കുമെന്നാണ് പുതിയ ഉത്തരവ്. നവംബർ 21ന് കേസ് പരിഗണിക്കാം എന്നായിരുന്നു കോടതി വ്യക്തമാക്കിയിരുന്നത്. പ്രതിഭാഗത്തിന്റെ അഭ്യർഥന അനുസരിച്ചാണ് കേസ് പതിനേഴിലേക്ക് മാറ്റിയത്.
റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പർ, റഹീമിന്റെ കുടുംബപ്രതിനിധി സിദ്ദിഖ് തുവ്വൂർ എന്നിവർ കോടതിയിൽ എത്തിയിരുന്നു. ഈ തീയതി ഇനിയും നേരത്തെയാക്കാൻ ഇന്ത്യൻ എംബസിയും അഭിഭാഷകരും ശ്രമിക്കുന്നുണ്ടെന്ന് റഹീം നിയമസഹായ സമിതി പ്രവർത്തകർ അറിയിച്ചു. സാങ്കേതിക പ്രശ്നങ്ങളെല്ലാം ഏറെക്കുറെ പരിഹരിക്കപ്പെട്ടതിനാൽ റഹീമിന്റെ മോചനം ഇനിയുളള കോടതി നടപടിയിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
∙ അനുകൂല വിധി വന്നാൽ ബാക്കിയുള്ള നടപടിക്രമങ്ങൾ
അബ്ദുൽ റഹീമിനെ മോചിപ്പിച്ചുകൊണ്ടുള്ള വിധി വന്നാലുള്ള നടപടിക്രമങ്ങൾ ഇങ്ങിനെയാണ്. കോടതിയുടെ വിധിപകര്‍പ്പ് റിയാദ് ഗവര്‍ണറേറ്റ്, ജയില്‍ വകുപ്പ് എന്നിവിടങ്ങളിലേക്ക് അയച്ച് ജവാസാത്തില്‍ (പാസ്പോർട്ട് വിഭാഗം) നിന്ന് ഫൈനല്‍എക്‌സിറ്റ് നേടിയെടുത്ത ശേഷം റഹീമിനെ നാട്ടിലേക്ക് അയക്കും. ഇതിന് ഒരു മാസമെങ്കിലും വേണ്ടി വരും.
അബ്ദുൽ റഹീമിന് ദയാധനം സ്വീകരിച്ച് മാപ്പു നൽകാനുള്ള സന്നദ്ധത സൗദി കുടുംബം കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയായതിനാൽ റഹീമിന്റെ മോചനം സംബന്ധിച്ച കോടതി ഉത്തരവ് വന്നാൽ റഹീമിന് പുറത്തിറങ്ങാം. ജയിലിൽനിന്ന് റിയാദ് വിമാനതാവളം വഴിയാകും റഹീമിനെ കേരളത്തിലേക്ക് മടക്കി അയക്കുക.
ലോകമെമ്പാടുമുള്ള മലയാളികളുടെയും മനുഷ്യസ്നേഹികളുടെയും ഉദാരമായ സംഭാവനകളുടെ കൂടി ഫലമായാണ് കോഴിക്കോട് ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കൽ അബ്ദുൾ റഹീമിന്റെ മോചനത്തിന് ആവശ്യമായ തുക സ്വരൂപിച്ചത്. പതിനഞ്ചു മില്യൻ റിയാൽ (ഏകദേശം 35കോടി ഇന്ത്യൻ രൂപ) കൊല്ലപ്പെട്ട സൗദി കുടുംബത്തിന് ദയാധനമായി നൽകി. റിയാദ് കേന്ദ്രീകരിച്ച് രൂപീകരിച്ച റഹീം നിയമസഹായ വേദിയാണ് പണം സ്വരൂപിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾക്ക് മേൽനോട്ടം വഹിച്ചത്. കുടുംബത്തിനുള്ള ദയാധനം കഴിഞ്ഞ മാസമാണ് കൈമാറിയത്.
സൗദി പൗരൻ അനസ് അൽ ശഹ്റിയുടെ മരണവുമായി ബന്ധപ്പെട്ടാണ് റഹീമിന് സൗദിയിലെ കോടതി വധശിക്ഷ വിധിച്ചിരുന്നത്. 2006 ഡിസംബർ 25-നാണ് കേസിനാസ്പദമായ സംഭവം. സൗദി പൗരനായ അനസ് ബിൻ ഫായിസ് അബ്ദുല്ല അൽ ശഹറിയുടെ സ്‌പോൺസർഷിപ്പിൽ ഹൗസ് ഡ്രൈവറായാണ് റഹീം സൗദിയിൽ എത്തിയത്. വാഹനാപകടത്തെ തുടർന്ന് ഇരിക്കാനും നടക്കാനും കഴിയാതെ തളർന്ന അനസ് അൽ ശഹ്റി എന്ന പതിനെട്ടുകാരനെ പരിചരിക്കലായിരുന്നു റഹീമിന്റെ ജോലി.
കഴുത്തിന് താഴെ ചലനശേഷി നഷ്ടമായ അനസ് ബിൻ ഫായിസ് ജീവൻ നിലനിർത്തിയത് വൈദ്യോപകരണങ്ങളുടെ സഹായത്തോടെയായിരുന്നു. യാത്രക്കിടെ സിഗ്നലിൽ കാർ നിർത്തിയതുമായി ബന്ധപ്പെട്ട് അനസും റഹീമും തമ്മിൽ തർക്കമുണ്ടാകുകയും ഇതിനിടെ റഹീമിന്റെ കൈ തട്ടി അനസിന്റെ ദേഹത്ത് ഘടിപ്പിച്ച വയർ ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. ഇതാണ് അനസിന്റെ മരണത്തിൽ കലാശിച്ചത്. റിയാദിലെ അൽ അസീസിയ ഏരിയയിലെ ഹൈപ്പർ മാർക്കറ്റിന് സമീപത്തുവച്ചായിരുന്നു സംഭവം.
റഹീമിന്റെ വിഷയം ശ്രദ്ധയിൽപ്പെട്ട സൗദിയിലെ സന്നദ്ധസംഘടനകൾ പിന്നീട് പ്രശ്നത്തിൽ ഇടപ്പെട്ടു. റഹീമിന് മാപ്പു നൽകണമെന്നാവശ്യപ്പെട്ട്, മരിച്ച യുവാവിന്റെ കുടുംബത്തോട് നിരന്തരം അഭ്യർഥിച്ചെങ്കിലും അവർ വഴങ്ങിയില്ല. ഇന്ത്യൻ എംബസിയും തുടർന്ന് ഈ വിഷയത്തിൽ ഇടപെട്ടു. എംബസിയിലെ വെൽഫെയർ വിഭാഗം ഉദ്യോഗസ്ഥനും മലയാളിയുമായ യുസഫ് കാക്കഞ്ചേരിക്കായിരുന്നു ചുമതല. കേസുമായി ബന്ധപ്പെട്ട് നിരവധി സിറ്റിങ്ങുകൾ കോടതിയിൽ നടന്നു.
കുറ്റക്കാരനാണെന്ന് കണ്ടെത്തി 2011 ഫെബ്രുവരി രണ്ടിന് റിയാദ് പബ്ലിക് കോടതി അബ്ദുൾ റഹീമിന് വധശിക്ഷ വിധിച്ചു. തുടർന്ന് അന്നത്തെ സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന് ദയാഹരജി സമർപ്പിച്ചിരുന്നു. പബ്ലിക് കോടതി വിധിക്കെതിരെ റഹീം നിയമസഹായ സമിതി കോടതിയിൽ അപ്പീൽ നൽകി. റഹീം സൗദിയിൽ എത്തി ഒരു മാസത്തിന് ശേഷമാണ് ദൗർഭാഗ്യകരമായ സംഭവം ഉണ്ടായതെന്നും കൊല്ലപ്പെട്ടയാളും റഹീമും തമ്മിൽ ശത്രുതയോ വിദ്വേഷമോ ഉണ്ടായിരുന്നില്ലെന്നും റഹീമിന്റെ അഭിഭാഷകൻ വാദിച്ചു.
തുടർന്ന് ഫോറൻസിക് മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കാൻ വാദിഭാഗം അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. ഫോറൻസിക് മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ചെങ്കിലും ഒരു നിഗമനത്തിലെത്താൻ കോടതിക്ക് കഴിഞ്ഞില്ല. ഒടുവിൽ കോടതി മരിച്ച യുവാവിന്റെ പിതാവിനോട് കോടതിയിൽ ഹാജരായി തന്റെ മകനെ മനഃപൂർവം ബോധപൂർവം കൊലപ്പെടുത്തിയതാണെന്ന് ദൈവത്തിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ പിതാവ് ഫായിസ് അബ്ദുല്ല അൽ ശഹ്‌രി അതിന് തയാറായില്ല.
തുടർന്ന് റിയാദ് പബ്ലിക് കോടതിയുടെ പ്രത്യേക ബെഞ്ച് വധശിക്ഷ നൽകണമെന്ന ഉത്തരവ് റദ്ദാക്കി. ഇരയുടെ നിയമപരമായ അവകാശികൾക്ക് സ്വകാര്യ അവകാശങ്ങൾ സംബന്ധിച്ച് ദയാധനം നഷ്ടപരിഹാരമായി ആവശ്യപ്പെടാനുള്ള അവകാശം ഉണ്ടായിരിക്കുമെന്ന് 2017 ഒക്ടോബർ 12 ന് വിധി പുറപ്പെടുവിച്ചു. എന്നാൽ സൗദി കുടുംബം റിയാദ് ക്രിമിനൽ കോടതിയിൽ വീണ്ടും അപ്പീൽ നൽകി. വാദം പൂർത്തിയാക്കിയ കോടതി, 2019 ഒക്ടോബർ 31ന് രണ്ടാം തവണയും വധശിക്ഷ വിധിച്ചു. വിധിക്കെതിരെ വീണ്ടും സൗദി ഭരണാധികാരി സൽമാൻ രാജാവിന് ദയാഹരജി സമർപ്പിച്ചു.
റിയാദ് അപ്പീൽ കോടതിയിലും അപ്പീൽ നൽകി. അപ്പീൽ കോടതി വാദം 03.10.2021 വരെ തുടർന്നു. അപ്പീൽ കോടതിക്കും അന്തിമ തീരുമാനത്തിലെത്താനായില്ല. അപ്പീൽ പരിഗണിക്കുന്ന ബെഞ്ച് കേസ് പുതുതായി രൂപീകരിച്ച ഡിവിഷൻ ബെഞ്ചിന് വിട്ടു. ഈ ബെഞ്ചും റഹീമിന് വധശിക്ഷ വിധിച്ചു. തുടർന്ന് നടന്ന ഒത്തുതീർപ്പ് ചർച്ചകളിലാണ് ദയാധനം സ്വീകരിച്ച് വധശിക്ഷ വേണ്ടെന്ന് വയ്ക്കാമെന്ന് കുടുംബം അറിയിച്ചത്.
ഒരു മില്യൻ റിയാലിൽനിന്നായിരുന്നു ദയാധന ചർച്ച തുടങ്ങിയത്. 15 മില്യൻ റിയാൽ നൽകിയാൽ ശ്രമിക്കാമെന്നായി അഭിഭാഷകർ. അബൂ അനസ്, മുഹമ്മദ് മുബാറക് അൽ ഖഹ്താനി എന്നിവരായിരുന്നു റഹീമിന്റെ ഭാഗത്തുനിന്നുള്ള അഭിഭാഷകർ. ഇവരാണ് ദയാധനം സംബന്ധിച്ച ചർച്ചകളിൽ പങ്കുവഹിച്ചത്. തുടർന്ന് കമ്മിറ്റികൾ രൂപീകരിച്ച് റഹീമിന്റെ മോചനത്തിന് വേണ്ടിയുള്ള അന്തിമ പോരാട്ടത്തിന് സംഘടനകൾ മുന്നോട്ടുവന്നു.
കെഎംസിസി സൗദി ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ടിന്റെ നേതൃത്വത്തിലായിരുന്നു കാര്യങ്ങൾ ഏകോപിപ്പിച്ചത്. കെ. സുരേഷ് കുമാർ(കോൺഗ്രസ്) കെ.കെ ആലിക്കുട്ടി മാസ്റ്റർ (മുസ്‌ലിം ലീഗ്), എം. ഗിരീഷ് (സിപിഎം) എന്നിവർ ഭാരവാഹികളായുള്ള ട്രസ്റ്റ് രൂപീകരിച്ചു. റിയാദിലും സമാന്തരമായി കമ്മിറ്റി രൂപീകരിച്ചു. സി.പി മുസ്തഫ ചെയർമാനും അബ്ദുൽ കരീം വല്ലാഞ്ചിറ ജനറൽ കൺവീനറും സെബിൻ ഇഖ്ബാൽ ട്രഷററുമായ കമ്മിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂരിനെ ഏൽപിച്ചു.
പതിനഞ്ചു മില്യൺ റിയാൽ (35കോടി ഇന്ത്യൻ രൂപ) എന്ന വലിയ തുക ദിവസങ്ങൾക്കുള്ളിലാണ് സ്വരൂപിച്ചത്. ഈ പണം ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വഴി സൗദിയിലെ ഇന്ത്യൻ എംബസിക്ക് കൈമാറുകയും മറ്റു നിയമപരമായ കാര്യങ്ങളെല്ലാം പൂർത്തിയാക്കി സൗദി കുടുംബത്തിന് എത്തിക്കുകയും ചെയ്തു. ഇനി അന്തിമ ഉത്തരവ് കൂടി വന്നാൽ റഹീമിന്റെ മോചനം യാഥാർഥ്യമാകും.