മരുഭൂമിയിൽ അവശനായി യുവാവ്; പറന്നെത്തി സൗദിയുടെ എയർ ആംബുലൻസ്
Mail This Article
ബുറൈദ (സൗദി അറേബ്യ) ∙ അല്‍ഖസീം മരുഭൂമിയില്‍ പരുക്കേറ്റ് ആട്ടിടയൻ കിടക്കുന്നുണ്ടെന്ന സന്ദേശമാണ് സൗദിയിലെ റെഡ് ക്രസന്റിന് കഴിഞ്ഞ ദിവസം രാവിലെ ലഭിച്ചത്. പിന്നീടെല്ലാം യുദ്ധവേഗത്തിലായിരുന്നു. എയർ ആംബുലൻസ് കുതിച്ചെത്തി ഇടയന് ആവശ്യമായ പ്രാഥമിക ചികിത്സകളെല്ലാം നൽകി. അധികം വൈകാതെ ബുറൈദ സെന്‍ട്രല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അല്‍ഖസീമിന് വടക്ക് അല്‍ബുഅയ്ഥ ഖനിക്ക് പടിഞ്ഞാറ് അല്‍മദ്ഹൂര്‍ മരുഭൂമിയില്‍ ജോലി ചെയ്യുന്ന ഇടയന് പരുക്കേറ്റതായി സൗദി പൗരനാണ് അല്‍ഖസീം റെഡ് ക്രസന്റ് ശാഖാ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചത്. മരുഭൂമിയില്‍ എയർ ആംബുലൻസിന് ലാന്‍ഡ് ചെയ്യാനുള്ള സുരക്ഷിതവും അനുയോജ്യവുമായ സ്ഥലം കണ്ടെത്തിയ ശേഷം ഉടൻ എയർ ആംബുലൻസ് സ്ഥലത്തേക്ക് കുതിച്ചു.
സൗദിയുടെ മിക്ക നഗരങ്ങളിലും ഗ്രാമങ്ങളിലും വിദൂരദേശത്തുമെല്ലാം എയർ ആംബുലൻസിന്റെ സേവനം 24 മണിക്കൂറും ലഭ്യമാണെന്ന് സൗദി റെഡ് ക്രസന്റ് അല്‍ഖസീം ശാഖാ മേധാവി ഖാലിദ് അല്‍ഖിദ്ര്‍ പറഞ്ഞു. എമര്‍ജന്‍സി നമ്പറായ 997 ല്‍ ബന്ധപ്പെട്ടും 'അസ്അഫ്‌നീ' ആപ്പ് വഴിയും 'തവക്കല്‍നാ ഖിദ്മാത്ത്' ആപ്പ് വഴിയും ആംബുലന്‍സ് സേവനം തേടാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.