ADVERTISEMENT

മനാമ ∙ ആകാശത്ത് വിസ്മയങ്ങൾ സൃഷ്ടിക്കുന്ന ബഹ്‌റൈൻ രാജ്യാന്തര എയർഷോ (BIAS) 2024 ന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സഖീറിലെ എയർ ബേസിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ എത്തി. നവംബർ 13 മുതൽ 15 വരെയാണ് പരിപാടി സജ്ജീകരിച്ചിരിക്കുന്നത്. ആഗോള  പ്രതിരോധ വ്യവസായത്തിന്റെ കൂടി ഭാഗമായ എയർഷോയിൽ വിവിധ രാജ്യങ്ങളിൽ നിന്നും  എയ്‌റോസ്‌പേസ്, ഡിഫൻസ്, ടെക്‌നോളജി രംഗത്തെ ആയിരക്കണക്കിന് പ്രതിനിധികളാണ് പങ്കെടുക്കുക.

റോയൽ ബഹ്‌റൈൻ എയർഫോഴ്‌സിൻ്റെ (RBAF) സഹകരണത്തോടെ ബഹ്‌റൈനിലെ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലാണ് ഈ എയർഷോ നടക്കുന്നത്. ലോക്ക്ഹീഡ് മാർട്ടിൻ, റോൾസ് റോയ്‌സ്, തേൽസ് തുടങ്ങിയ വ്യവസായ ഭീമൻമാരെ ഉൾക്കൊള്ളുന്ന വിപുലമായ എക്‌സിബിഷനോടൊപ്പം സൈനിക ജെറ്റുകളുടെയും നൂതന വാണിജ്യ വിമാനങ്ങളുടെയും ഡൈനാമിക് ഫ്ലൈയിംഗ് പ്രദർശനം അടക്കം പുതിയ നിരവധി സാങ്കേതിക വിദ്യകൾ അടക്കമുള്ളവയുടെ പ്രദർശനം കൂടി ഇത്തവണ ഉണ്ടാകുമെന്നാണ് കരുതുന്നത്.

ചിത്രത്തിന് കടപ്പാട്: സനുരാജ് കാഞ്ഞിരപ്പള്ളി (File photo)
ചിത്രത്തിന് കടപ്പാട്: സനുരാജ് കാഞ്ഞിരപ്പള്ളി (File photo)

റെഡ് ആരോസ്, യുഎഇയുടെ അൽ ഫുർസാൻ, സൗദി ഹോക്‌സ് തുടങ്ങിയ പ്രശസ്‌ത ഡെമോൺസ്‌ട്രേഷൻ ടീമുകളും ആകാശത്ത് അത്ഭുതങ്ങൾ അവതരിപ്പിക്കും. ആർഎസ്എഎഫ് ടൈഫൂൺ, യുഎസ്എഎഫ് എഫ്-16 തുടങ്ങിയ നൂതന വിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങൾക്കും ഇത്തവണ എയർഷോ വേദിയാകും. യുഎസ്, സൗദി അറേബ്യ, മറ്റ് ഗൾഫ് രാജ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന അന്താരാഷ്ട്ര സഖ്യകക്ഷികളുമായുള്ള ദീർഘകാല പങ്കാളിത്തവും ഈ മേഖലയിലെ സഹകരണവും നിക്ഷേപവും കൂടി ലക്ഷ്യമിട്ടാണ് ഈ എയർഷോ സംഘടിപ്പിക്കപ്പെടുന്നത്. വിവിധ രാജ്യങ്ങളിലെ ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ സിഇഒമാർ, പ്രതിരോധ സാങ്കേതിക വിദഗ്‌ദ്ധർ എന്നിവരെ ഒന്നിപ്പിക്കുന്നനിരവധി കോണ്ഫറൻസുകളും ഷോയുടെ ഭാഗമായി നടക്കും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പ്രാധാന്യമേറും
ഇത്തവണ പ്രതിരോധവിഭാഗത്തിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, സൈബർ സുരക്ഷ, ആളില്ലാ ഏരിയൽ സംവിധാനങ്ങൾ, ഉയർന്നുവരുന്ന പ്രതിരോധ സാങ്കേതികവിദ്യകൾ എന്നിവയായിരിക്കും എയർഷോയുടെ പ്രധാന ആകര്ഷണമെന്നാണ് ഈ മേഖലയിൽ ഉള്ളവരുടെ വിലയിരുത്തൽ.എയർക്രാഫ്റ്റ് ഡിസ്പ്ളേകൾക്ക് മാത്രമായി 86,000 ചതുരശ്ര മീറ്ററാണ് നീക്കി വച്ചിട്ടുള്ളത്.

ചിത്രത്തിന് കടപ്പാട്: സനുരാജ് കാഞ്ഞിരപ്പള്ളി (File photo)
ചിത്രത്തിന് കടപ്പാട്: സനുരാജ് കാഞ്ഞിരപ്പള്ളി (File photo)

വിവിധ രാജ്യങ്ങളുടെ ഈ മേഖലയിലെ എഐ സംവിധാനം എന്തൊക്കെയാണെന്ന് സന്ദർശകർക്ക് ആസ്വദിക്കാവുന്ന തരത്തിൽ പ്രത്യേക പവലിയനുകൾ തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള വിപുലമായ എക്‌സിബിഷൻ ഹാളാണ് എയർഷോയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുള്ളത്. പ്രതിരോധ നിർമ്മാതാക്കൾ അവരുടെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്ന ഉപകരണങ്ങളുടെ പ്രദർശനവും സ്വകാര്യ ആഡംബര വിമാനങ്ങളുടെ പ്രദർശനവും എയർഷോയിൽ ഉണ്ടാകും.

ഇത്തവണ 200-ലധികം പ്രദർശകരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ബഹ്‌റൈന്റെ 'വിഷൻ 2030' ലക്ഷ്യങ്ങളുടെ ഭാഗമായിരാജ്യാത്തിൻ്റെ ആഗോള പദവി ഉയർത്താനും പ്രതിരോധ-അധിഷ്‌ഠിത, വിജ്ഞാന സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കാനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയും കൂടിയാണ് ഈ  എയർഷോ.

ചിത്രത്തിന് കടപ്പാട്: സനുരാജ് കാഞ്ഞിരപ്പള്ളി (File photo)
ചിത്രത്തിന് കടപ്പാട്: സനുരാജ് കാഞ്ഞിരപ്പള്ളി (File photo)

സന്ദർശകർ ഒഴുകും. ഹോട്ടലുകളിൽ ബുക്കിംഗ് നിറഞ്ഞു
എയർഷോയുടെ ദിവസങ്ങൾ അടുത്തതോടെ ബഹ്‌റൈനിലെ ഹോട്ടലുകൾ പലതും ബുക്കിംഗ്  പൂർത്തിയായിക്കഴിഞ്ഞു. രണ്ടാം വാരത്തോടെ രാജ്യത്തേക്ക് സന്ദർശകരുടെ ഒഴുക്ക് തുടങ്ങും. സൗദി കോസ് വേ വഴിയായിരിക്കും ഏറ്റവും കൂടുതൽ സന്ദർശകർ എത്തിച്ചേരുക. സൗദി, യുഎഇ, ഖത്തർ, കുവൈത്ത് തുടങ്ങിയ  ജി സി സി രാജ്യങ്ങളിൽ നിന്ന് വാഹനമോടിച്ച് വരുന്നവർക്ക് ഏറ്റവും ലളിതമായ മാർഗമാണ് ഇത് എന്നത് കൊണ്ട് തന്നെ കോസ് വേ വഴിയുള്ള ഗതാഗതത്തിരക്ക് വർധിക്കാൻ സാധ്യത ഉണ്ടെന്നാണ് മുൻ വർഷങ്ങളിലെ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്.

ചിത്രത്തിന് കടപ്പാട്: സനുരാജ് കാഞ്ഞിരപ്പള്ളി (File photo)
ചിത്രത്തിന് കടപ്പാട്: സനുരാജ് കാഞ്ഞിരപ്പള്ളി (File photo)

രാജ്യത്തിൻറെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്ന എയർഷോയുടെ ഭാഗമാകാൻ  നിരവധി ഇന്ത്യൻ കമ്പനികളും ബഹ്‌റൈനിൽ എത്തിച്ചേരും. ഇത്തവണയും ഇന്ത്യൻ പ്രതിരോധ സേനയുടെ വിമാനങ്ങളും പ്രദർശനത്തിൽ പങ്കാളികൾ ആയുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

English Summary:

Bahrain International Airshow 2024; Preparations at the Air Base are in Final Stages

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com