ഔദ്യോഗിക സ്ഥാപനത്തിന്റെ വ്യാജ വെബ്‌സൈറ്റ്: പണം അപഹരിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
Mail This Article
മസ്‌കത്ത് ∙ ഒമാനില്‍ ഔദ്യോഗിക സ്ഥാപനത്തിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റ് നിര്‍മിച്ച് തട്ടിപ്പ് നടത്തിയ ആളെ റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ ഒ പി) അറസ്റ്റ് ചെയ്തു. അറബ് പൗരനെയാണ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് റിസേര്‍ച്ച് വിഭാഗം പിടികൂടിയത്. ആളുകളുടെ ബാങ്ക് വ്യക്തിഗത വിവരങ്ങള്‍ നേടിയെടുക്കുന്നതിനും ഇതുവഴി അക്കൗണ്ടില്‍ നിന്നും പണം അപഹരിക്കാനുമായിരുന്നു പ്രതിയുടെ ശ്രമമെന്നും പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.
ഉപഭോക്താക്കില്‍ നിന്നും ബാങ്ക് വിവരങ്ങള്‍ സ്വന്തമാക്കുകയും ഇതുവഴി പണം അപഹരിക്കുകയും ചെയ്യുന്ന ഉപഭോക്തൃ വിഭാഗത്തിന്റെ പേരിലുള്ള വ്യാജ വെബ്‌സൈറ്റുകളെ കുറിച്ചും പോലീസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. വെബ്‌സൈറ്റ് വഴി, സംശയം ജനിപ്പിക്കാത്ത രീതിയില്‍ ഉപഭോക്താക്കളിലില്‍ നിന്നും, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കുകയാണ് തട്ടിപ്പ് സംഘങ്ങള്‍ ചെയ്യുന്നത്. ഇത് ലഭിച്ചു കഴിഞ്ഞാല്‍ പണം അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കുകയും ചെയ്യുന്നതായി പൊലീസ് വ്യക്തമാക്കി. ഇത്തരം തട്ടിപ്പുകളെ കുറിച്ച് ബോധവാന്‍മാരാകണമെന്നും ആര്‍ ഒ പി വ്യക്തമാക്കി.