ADVERTISEMENT

അബുദാബി ∙ വീസ ഏജന്റിന്റെ ചതിയിൽപ്പെട്ട് പണവും പാസ്പോർട്ടും നഷ്ടപ്പെട്ട് 2 വർഷമായി ജോലിയില്ലാതെ അൽഐനിൽ ദുരിതത്തിലായ മലയാളി യുവതിയെ പിസിഎഫ് പ്രവർത്തകർ ഇടപെട്ട് നാട്ടിൽ എത്തിച്ചു. എറണാകുളം പറവൂർ സ്വദേശിനി സരിതയാണ് നാടിന്റെ സ്നേഹത്തണലിലേക്ക് പറന്നിറങ്ങിയത്. 

4 വർഷംമുൻപ് വീട്ടുജോലിക്ക് അൽഐനിൽ എത്തിയ സരിത 2 വർഷം സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്തു. ശമ്പള കുടിശികയും ജോലിഭാരവും വർധിച്ചപ്പോൾ വീസ റദ്ദാക്കി. പിന്നീട് സന്ദർശ വീസയിലെത്തിയപ്പോൾ പരിചയപ്പെട്ട ഏജന്റ് വീസ നൽകാമെന്ന് പറഞ്ഞ് 3000 ദിർഹവും പാസ്പോർട്ടും കൈക്കലാക്കി. മാസങ്ങൾ പിന്നിട്ടിട്ടും വീസ ശരിയാകാതെ വന്നപ്പോൾ പണവും പാസ്പോർട്ടും തിരികെ ആവശ്യപ്പെട്ടെങ്കിലും ഏജന്റ് നൽകിയില്ല. ഇതുമൂലം നാട്ടിലേക്കു പോകാനാകാതെ വന്നതോടെ 2 തവണ സന്ദർശക വീസ സ്വന്തം ചെലവിൽ പുതുക്കി. അതിനിടെ വീസ ഉടൻ ശരിയാകുമെന്നു പറഞ്ഞ് പല തവണകളായി 4000 ദിർഹം കൂടി ഏജന്റ് കൈപ്പറ്റി. ചോദിക്കുമ്പോഴെല്ലാം പല കാര്യങ്ങളും പറഞ്ഞ് ഏജന്റ് ഒഴിഞ്ഞുമാറി.

പാസ്പോർട്ട് ലഭിക്കാത്തതിനാൽ വീസ സ്റ്റാംപ് ചെയ്യാനായില്ല. രേഖകളില്ലാത്തതിനാൽ ജോലിയും ലഭിച്ചില്ല. ഇതോടെ പെരുവഴിയിലായ സരിത ഉദാരമതികളുടെ സഹായത്തോടെയാണ് ജീവിച്ചത്. അപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഭർത്താവിന്റെയും 2 മക്കളുടെയും ജീവിതച്ചെലവിനോ നാട്ടിലെ വീടിന്റെ വാടക നൽകാനോ മക്കളുടെ പഠനത്തിനോ പണം അയയ്ക്കാൻ സാധിക്കാതെ വന്നതോടെ ദുരിതത്തിലായതോടെ ആശ്വാസമായത് പിസിഎഫ് പ്രവർത്തകരായിരുന്നു.

അതിനിടെ 2 മാസം മുൻപ് ഏജന്റ് ആത്മഹത്യ ചെയ്തതോടെ സരിതയുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. ഇയാളുടെ കുടുംബവുമായി ബന്ധപ്പെട്ടെങ്കിലും സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ അവർ തയാറായില്ല. 2 വർഷത്തോളം അനധികൃതമായി യുഎഇയിൽ താമസിച്ചതിനുള്ള പിഴയും സരിതക്കുണ്ടായിരുന്നു. പിസിഎഫിന്റെ സഹായത്തോടെ പൊതുമാപ്പിന് അപേക്ഷിച്ചപ്പോൾ പിഴയിൽ ഇളവ് ലഭിച്ചു. 

തുടർന്നാണ് നാട്ടിലേക്ക് വഴിതെളിഞ്ഞത്. സി.പി. ഇസ്മായിൽ, ഉബൈദ് കരിങ്കപ്പാറ, അക്ബർ തളിക്കുളം എന്നിവർ ചേർന്നാണ് ഇവരെ യാത്രയാക്കിയത്. കോഴിക്കോട് വിമാനത്താവളത്തിൽ പിഡിപി പ്രതിനിധികൾ ഇവരെ സ്വീകരിച്ച് എറണാകുളത്ത് വാടകവീട്ടിൽ എത്തിച്ചു.

English Summary:

Malayali Woman Fall Prey to Visa Agent in UAE, Returned Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com