പ്രായം 20 വയസ്സ്, ഭാരം 230 കിലോ; സൗദി യുവാവിന് ‘പുതുജീവിതം’
Mail This Article
റിയാദ് ∙ സൗദി അറേബ്യയിലെ അൽഖോബാറിലെ ഡോ. സുലൈമാൻ അൽ ഹബീബ് ആശുപത്രിയിൽ 230 കിലോ ഭാരമുള്ള 20 വയസ്സുകാരനിൽ സ്ലീവ് ഗ്യാസ്ട്രെക്ടമി ശസ്ത്രക്രിയ വിജയകരമായി നടത്തി . കൺസൾട്ടന്‍റ് ജനറൽ സർജനും ലാപ്രോസ്‌കോപ്പിക് സർജനുമായ ഡോ. ഹാഫ്‌സി നയിച്ച മെഡിക്കൽ ടീമാണ് ശസ്ത്രക്രിയ നിർവഹിച്ചത്.
അമിത വണ്ണം, ടൈപ്പ് 2 പ്രമേഹം, നടക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുമായിട്ടാണ് യുവാവ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. വിപുലമായ പരിശോധനകൾക്ക് ശേഷം ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ഒരു മാസം മുൻപ് തന്നെ ചികിത്സയുടെ ഭാഗമായി യുവാവിനെ ഒരു പ്രത്യേക ഡയറ്റ് പ്രോഗ്രാമിൽ ഉൾപ്പെടുത്തി. ഇതിലൂടെ ശസ്ത്രക്രിയക്ക് മുമ്പ് 8 കിലോഗ്രാം ഭാരം കുറയ്ക്കാൻ സാധിച്ചു.
ലാപ്രോസ്‌കോപ്പിക് ടെക്നിക്കുകൾ ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ്ക്ക് ശേഷം യുവാവ് മൂന്നാം ദിവസം ആശുപത്രി വിട്ടു. ഡോ. സുലൈമാൻ അൽ ഹബീബ് ഹോസ്പിറ്റലിലെ പൊണ്ണത്തടി ചികിത്സാ കേന്ദ്രം അമേരിക്കൻ സൊസൈറ്റി ഫോർ സർജിക്കൽ ക്രെഡൻഷ്യലിങ്ങിന്‍റെ അംഗീകാരമുള്ളതാണെന്നും അധികൃതർ അറിയിച്ചു.