ശൈത്യകാല ക്യാംപിങ്: ആരോഗ്യ സുരക്ഷാ ഉറപ്പുവരുത്താൻ സീലൈൻ മെഡിക്കൽ ക്ലിനിക്കുകൾ
Mail This Article
ദോഹ ∙ അവധി ദിവസങ്ങളിൽ ബീച്ചുകളിൽ ശൈത്യകാല ക്യാംപിങ്ങിന് എത്തുന്നവരുടെ ആരോഗ്യ സുരക്ഷാ ഉറപ്പുവരുത്താൻ സീലൈൻ മെഡിക്കൽ ക്ലിനിക്കുമായി ഹമദ് മെഡിക്കൽ കോർപറേഷൻ.
ഗൾഫ് മേഖലയിൽ കാലാവസ്ഥ മാറിയതോടെ നൂറുകണക്കിന് ആളുകളാണ് ബീച്ചുകളിൽ ടെന്റുകൾ അടിച്ചും അല്ലാതെയും ക്യാംപിങ്ങിന് എത്തുന്നത്. ഹമദ് മെഡിക്കൽ കോർപ്പറേഷന് കീഴിൽ ശൈത്യകാല ക്യാംപിങ് സീസണിൽ സീലൈൻ ഏരിയയിൽ സീലൈൻ മെഡിക്കൽ ക്ലിനിക്ക് ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും . ഈ സീസൺ അവസാനിക്കുന്ന 2025 ഏപ്രിൽ 30 വരെ ക്ലിനിക്ക് തുറന്ന് പ്രവർത്തിക്കുമെന്ന് എച്ച്എംസി ചീഫ് കമ്മ്യൂണിക്കേഷൻസ് ഓഫിസറും സീലൈൻ മെഡിക്കൽ ക്ലിനിക്കിന്റെ പ്രോജക്ട് മാനേജരുമായ ഹസൻ മുഹമ്മദ് അൽ ഹെയിൽ പറഞ്ഞു.
എല്ലാ വാരാന്ത്യത്തിലുമായിരിക്കും ക്ലിനിക് പ്രവർത്തിക്കുക. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തുറക്കുന്ന ക്ലിനിക്കുകൾ ശനിയാഴ്ച രാത്രി 10 മണി വരെ പ്രവർത്തിക്കും. ക്യാംപിങ് സീസണിൽ മസീദിലെ സീലൈൻ, ഖോർ അൽ അദയ്ദ് പ്രദേശങ്ങളിലായിരിക്കും ക്ലിനിക് പ്രവർത്തിക്കുക.
ആവശ്യമായ സൗകര്യങ്ങളും മരുന്നുകളും ക്ലിനിക്കിൽ സജ്ജമാണെന്നും എല്ലാത്തരം മെഡിക്കൽ അത്യാഹിതങ്ങളും നേരിടാൻ ക്ലിനിക്കുകൾ സജ്‌ജമാണെന്നും എച്ച്എംസിയിലെ എമർജൻസി മെഡിസിൻ സീനിയർ കൺസൾട്ടന്റും സീലൈൻ ക്ലിനിക്കിന്റെ മെഡിക്കൽ സൂപ്പർവൈസറുമായ ഡോ. വാർദ അലി അൽസാദ് പറഞ്ഞു. ക്ലിനിക് പ്രവർത്തനസമയത്ത് ഫിസിഷ്യനും നഴ്‌സും സ്ഥലത്തുണ്ടാകും, സമീപത്ത് എയർ ആംബുലൻസ് സപ്പോർട്ടിനുള്ള ഹെലിപാഡും ഉണ്ടായിരിക്കും.
ജലദോഷം, ദഹനസംബന്ധമായ പ്രശ്നങ്ങൾ, ചെറിയ പൊള്ളൽ, പരുക്കുകൾ എന്നിവയുൾപ്പെടെയുള്ള കേസുകൾ കൈകാര്യം ചെയ്യാൻ ക്ലിനിക്കിൽ തന്നെ സൗകര്യമുണ്ട് . എന്നാൽ ഗുരുതരമായ കേസുകളിൽ ആംബുലൻസ് അല്ലെങ്കിൽ എയർ ആംബുലൻസ് വഴി രോഗികളെ ഉടൻ തൊട്ടടുത്ത ഹമദ് ആശുപത്രിയിലേക്ക് എത്തിക്കുമെന്നും ഡോ. വാർദ അലി അൽസാദ് പറഞ്ഞു. സീലൈൻ ഏരിയയിൽ ആംബുലൻസ് കവറേജ് 24/7 ലഭ്യമാണെന്ന് എച്ച്എംസിയിലെ ആംബുലൻസ് സർവീസ് ഫോർ ഇവന്റ്സ് ആൻഡ് എമർജൻസി പ്ലാനിങ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സലേഹ് നാസർ അൽ മഗരെ അറിയിച്ചു.
രണ്ട് സാധാരണ ആംബുലൻസുകൾ പ്രദേശത്ത് സ്ഥിരമായി നിലയുറപ്പിച്ചിട്ടുണ്ട്, കൂടാതെ രണ്ട് ഫോർ-വീൽ-ഡ്രൈവ് ആംബുലൻസുകളും മണൽക്കൂനകളിൽ നിന്ന് സീലൈൻ ക്ലിനിക്കിലേക്ക് രോഗികളെ എത്തിക്കും.
അതേസമയം സീലൈനിൽ എത്തുന്ന എല്ലാ സന്ദർശകരോടും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും മുൻകരുതലുകൾ എടുക്കാനും അധികൃതർ അഭ്യർഥിച്ചു.