ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ ഫാർമസിസ്റ്റ് ദിനാഘോഷം നാളെ
Mail This Article
ദോഹ ∙ ഖത്തറിലെ ഇന്ത്യൻ ഫാർമസിസ്റ്റുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ (ഐഫാഖ്) സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഫാർമസിസ്റ്റ് ദിനാഘോഷം നാളെ (നവംബർ ഒന്ന്) നടക്കും. ഷെറാട്ടൺ ഗ്രാൻഡ് ഹോട്ടലിൽ നടക്കുന്ന പരിപാടി ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്യും. ഹമദ് മെഡിക്കൽ കോർപ്പറേഷൻ ഫാർമസി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.മോസ അൽ ഹൈൽ ഫാർമസിസ്റ്റ് ദിന സന്ദേശം നൽകും.
150 ഓളം പേർ പങ്കെടുക്കുന്ന പരിപാടി 'ഫാർമസിസ്റ്റുകൾ: ആഗോള ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുന്നു' എന്ന വിഷയത്തിൽ കേന്ദ്രീകരിച്ചായിരിക്കും നടക്കുക. ആരോഗ്യ മേഖലയിലെ ഫാർമസിസ്റ്റുകളുടെ പ്രധാന പങ്കാളിത്തം, രോഗികളുടെ സുരക്ഷ, സുരക്ഷിതമായ മരുന്ന് ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. ഐഫാഖ് അക്കാദമിക് വിങ്ങിന്‍റെ നേതൃത്വത്തിൽ ഫാർമസിസ്റ്റ്-രോഗി ബന്ധത്തെ കുറിച്ചുള്ള സ്കിറ്റ് പ്രധാന ആകർഷണമായിരിക്കും. ഹമദ് മെഡിക്കൽ കോർപ്പറേഷൻ, മിനിസ്ട്രി ഓഫ് പബ്ലിക് ഹെൽത്ത്, യൂണിവേഴ്സിറ്റി ഓഫ് ദോഹ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള വിശിഷ്ട വ്യക്തികളും പങ്കെടുക്കും.
2015-ൽ സ്ഥാപിതമായ ഐഫാഖ് ഖത്തറിലെ ഇന്ത്യൻ ഫാർമസിസ്റ്റുകളുടെ ക്ഷേമ പ്രവർത്തനങ്ങളിലും തുടർ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും മികച്ച പങ്കു വഹിക്കുന്നു. പ്രോഗ്രാം കൺവീനറും സംഘടന വൈസ് പ്രസിഡന്റുമായ ഡോ.ബിന്നി തോമസ്, ജനറൽ സെക്രട്ടറി സുഹൈൽ കൊന്നക്കോട്, ട്രഷറർ സക്കീർ ഹുസൈൻ, പ്രോഗ്രാം കോർഡിനേറ്റർമാരായ മുഹമ്മദ് ഫാറൂഖ്, സൂരജ് ശ്രീകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.