കുവൈത്തില്‍ അനധികൃത പാര്‍ട്ടി നടത്താനുള്ള നീക്കം തടഞ്ഞു
Mail This Article
കുവൈത്ത്‌സിറ്റി ∙ അനുവാദമില്ലാതെ പാര്‍ട്ടി നടത്താനുള്ള നീക്കം ഒന്നാം ഉപപ്രധാന മന്ത്രിയും ആഭ്യന്തര-പ്രതിരോധ വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അല്‍ സബാഹിന്റെ നേരിട്ടുള്ള ഇടപ്പെടലില്‍ തടഞ്ഞു. ബുധനാഴ്ച വൈകിട്ട് സാല്‍മിയിലെ ഗെയിംസ് ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് സെന്ററില്‍ ലൈസന്‍സില്ലാതെ പാര്‍ട്ടി നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘമെത്തിയാണ് ഇത് തടഞ്ഞത്.
പബ്ലിക് മോറല്‍സ് പ്രൊട്ടക്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ ട്രാഫിക്കിങ് ഡിപ്പാര്‍ട്ട്‌മെന്റിന്-ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പാര്‍ട്ടി ആരംഭിക്കുന്നതിന് മുൻപ് സ്ഥലം നിരീക്ഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. അന്വേഷണത്തില്‍, ഡി. ജെ ഉപകരണങ്ങള്‍, അലങ്കാരങ്ങള്‍, ഉച്ചഭാഷിണി എന്നിവ ഉപയോഗിച്ച് വേദി പൂര്‍ണ്ണമായും സജ്ജീകരിച്ചതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. സംഭവ സ്ഥലത്ത് എത്തിയ മന്ത്രി പങ്കെടുക്കുന്നവരെ ഒഴിപ്പിക്കാനും ബന്ധപ്പെട്ട എല്ലാ സംഘാടകരെയും ജീവനക്കാരെയും തടങ്കലില്‍ വയ്ക്കാനും ഉത്തരവിട്ടു.
സദാചാര നിയമം ലംഘിക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറുമെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. പൊതു സുരക്ഷയും ക്രമസമാധാനവും നിലനിര്‍ത്താന്‍ മന്ത്രാലയം നടത്തിവരുന്ന പരിശോധനകള്‍ തുടരുമെന്നും, സംശയാസ്പദമായ ഏതെങ്കിലും ഒത്തുചേരലുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ അധികൃതരെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു.