ഒറ്റ ആപ്പിൽ ഖത്തർ സർക്കാർ രേഖകൾ; ഡിജിറ്റൽ ഐഡി പദ്ധതിക്ക് തുടക്കം
Mail This Article
ദോഹ ∙ ഖത്തറിൽ ഇനി ഔദ്യോഗിക രേഖകൾ ഒറ്റ ആപ്ലിക്കേഷനിൽ സൂക്ഷിക്കാം. ഖത്തർ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽതാനിയാണ് 15–ാം മിലിപോൾ പ്രദർശനത്തിൽ ഈ ഡിജിറ്റൽ ഐഡി സ്മാർട്ട് ആപ്ലിക്കേഷൻ ഉദ്ഘാടനം ചെയ്തത്. ഖത്തർ തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്‌പോർട്ട് തുടങ്ങി എല്ലാ ഔദ്യോഗിക രേഖകളും ഈ ഒറ്റ പ്ലാറ്റ്‌ഫോമിൽ ഡിജിറ്റലായി സൂക്ഷിക്കാം. യാത്രകൾ, സർക്കാർ സേവനങ്ങൾ എന്നിവയ്ക്ക് ഈ ആപ്പ് മതിയാകും.
എന്താണ് ഈ ആപ്പ് ചെയ്യുന്നത്?
∙ ഖത്തർ ഐഡി (QID), പാസ്‌പോർട്ട്, അഡ്രസ്, ഡ്രൈവിങ് ലൈസൻസ്, കമ്പനി റജിസ്ട്രേഷൻ കാർഡ്, ആയുധ പെർമിറ്റ് കാർഡ് തുടങ്ങി എല്ലാ ഔദ്യോഗിക രേഖകളും ഒരിടത്ത് സൂക്ഷിക്കാം.
∙ വിമാനത്താവളങ്ങളിലും കര അതിർത്തികളിലും ഇ-ഗേറ്റുകൾ ഉപയോഗിക്കാൻ ഈ ആപ്പ് ഉപയോഗിക്കാം.
∙ വിവിധ സർക്കാർ സേവനങ്ങൾക്കും ഓൺലൈൻ ഇടപാടുകൾക്കും ഈ ഡിജിറ്റൽ ഐഡി ഉപയോഗിക്കാം.
∙ ആദ്യമായി ആപ്പ് ഉപയോഗിക്കുന്നവർ ബയോമെട്രിക് റജിസ്ട്രേഷൻ നടത്തണം.
എന്താണ് ഇതിന്റെ പ്രയോജനം?
∙എല്ലാ രേഖകളും ഒരിടത്ത് സൂക്ഷിക്കാൻ സാധിക്കും.
∙യാത്രകൾ സുഗമമാക്കുന്നു.
∙ സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നു.
∙പേപ്പർ രേഖകൾ കൈകാര്യം ചെയ്യേണ്ട ആവശ്യമില്ല.
വിവിധ സർക്കാർ, ഔദ്യോഗിക ആവശ്യങ്ങൾക്കും ഇലക്ട്രോണിക് ഓൺലൈൻ സേവനങ്ങൾക്കും ഈ ഡിജി ഐഡികൾ ഔദ്യോഗിക രേഖകളായി ഉപയോഗപ്പെടുത്താനും കഴിയും. ആപ്ലിക്കേഷന്‍ ലോഗിന്‍ ചെയ്ത് ആദ്യം ബയോമെട്രിക് റജിസ്ട്രേഷന്‍ നടത്തണം. മുഖം ഉൾപ്പെടെ സ്കാൻ ചെയ്തു മാത്രമേ പുതിയ ആപ്പിലേക്കുള്ള റജിസ്ട്രേഷൻ സാധ്യമാകൂ. മുൻപ്, മെട്രാഷ് ടു ആപ്പിൽ വ്യക്തിഗത ഡിജിറ്റൽ രേഖകൾ ലഭ്യമായിരുന്നുവെങ്കിലും അവ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ലായിരുന്നു. പുതിയ ഡിജിറ്റൽ ഐഡി ആപ്പ് ഔദ്യോഗിക ആവശ്യങ്ങൾക്കും ഉപയോഗിക്കാം